റെമാല്‍ ചുഴലിക്കാറ്റ് : മരണം പത്ത്, 35,483 വീടുകള്‍ തകര്‍ന്നു
ധാക്ക: റെമാല്‍ ചുഴലിക്കാറ്റില്‍ ബംഗ്ലാദേശില്‍ പത്ത് പേര്‍ മരിച്ചു.ചുഴലിക്കാറ്റ് സാരമായി ബാധിച്ച ബരിഷാല്‍, സത്ഖിര, പാട്ടുഖാലി, ഭോല, ചാട്ടോഗ്രാം എന്നിവിടങ്ങളിലാണ് മരണം റിപ്പോര്‍ട്ട് ചെയ്തത്. ഇതിനോടകം ചുഴലിക്കാറ്റ് 3.75 ദശലക്ഷം ആളുകളെ ബാധിച്ചതായാണ് റിപ്പോര്‍ട്ട്. 35,483 വീടുകള്‍ ചുഴലിക്കാറ്റില്‍ തകര്‍ന്നതായും 115,992 വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
Also Read ; മുല്ലപ്പെരിയാറില്‍ പുതിയ ഡാം: കേന്ദ്ര പരിസ്ഥിതി മന്ത്രാലയം വിളിച്ച യോഗം മാറ്റിവെച്ചു
8,00,000ത്തിലധികം ആളുകളെ മാറ്റിപാര്‍പ്പിച്ചു. ബംഗ്ലാദേശിലെ സത്ഖിര, കോക്സ് ബസാര്‍ അടക്കം ഒമ്പത് തീരദേശ ജില്ലകളില്‍ നിന്നും മോംഗ്ലയിലെയും ചിറ്റഗോങ്ങിലെയും തുറമുഖ പ്രദേശങ്ങളില്‍ നിന്നും ആളുകളെ അടിയന്തിരമായി ഒഴിപ്പിച്ചു. ബംഗ്ലാദേശിലെ ഖെപുപാര മേഖലയിലാണ് റെമാല ചുഴലിക്കാറ്റ് തീരം തൊട്ടത്. ചുഴലിക്കാറ്റിന് പിന്നാലെ ബംഗ്ലാദേശ് 10 അന്താരാഷ്ട്ര വിമാനങ്ങള്‍ റദ്ദാക്കിയിരുന്നു. ബ്ലംഗ്ലാദേശ് പ്രധാനമന്ത്രി ഷേയ്ഖ് ഹസീന ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. മ്യാന്‍മാറില്‍ നിന്നും പലായനം ചെയ്ത് ബംഗ്ലാദേശിലെ കോക്സ് ബസാറില്‍ അഭയം തേടിയിരിക്കുന്ന റോഹിങ്ക്യന്‍ സമൂഹത്തില്‍ നിന്നുള്ള ആളുകളും അപകട ഭീഷണിയിലാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
റെമാല്‍ ചുഴലിക്കാറ്റില്‍ പശ്ചിമബംഗാളില്‍ ആറ് പേരും മരിച്ചിരുന്നു. സെന്‍ട്രല്‍ കൊല്‍ക്കത്തയിലെ ബിബിര്‍ ബഗാനില്‍ ഞായറാഴ്ച വൈകുന്നേരം കനത്ത മഴയില്‍ മതില്‍ ഇടിഞ്ഞുവീണാണ് ഒരാള്‍ മരിച്ചത്. സുന്ദര്‍ബന്‍സ് തുരുത്തിനോട് ചേര്‍ന്നുള്ള നംഖാനയ്ക്കടുത്തുള്ള മൗസുനി ദ്വീപില്‍ കുടിലിന് മുകളില്‍ മരം വീണ് ഒരു വൃദ്ധ മരിച്ചു. സൗത്ത് 24 പര്‍ഗാനാസിലെ മഹേഷ്തല സ്വദേശിയും നോര്‍ത്ത് 24 പര്‍ഗാനാസിലെ പാനിഹാട്ടിയില്‍ നിന്നുള്ള മറ്റൊരാള്‍ക്കും ജീവന്‍ നഷ്ടപ്പെട്ടു. പുര്‍ബ ബര്‍ധമാന്‍ ജില്ലയിലെ മെമാരിയില്‍ വൈദ്യുതാഘാതമേറ്റ് അച്ഛനും മകനും മരിച്ചതായും അധികൃതര്‍ അറിയിച്ചു.
ബംഗാളില്‍ ചുഴലിക്കാറ്റില്‍ 1,700-ലധികം വൈദ്യുത തൂണുകള്‍ തകരുകയും നിരവധി മരങ്ങള്‍ കടപുഴകി വീഴുകയും ചെയ്തതായാണ് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. കൊല്‍ക്കത്തയില്‍ മാത്രം 350ലധികം മരങ്ങള്‍ കടപുഴകി വീണു. 2500 വീടുകള്‍ പൂര്‍ണമായും 27000 വീടുകള്‍ ഭാഗികമായും തകര്‍ന്നു. ദുരിതബാധിത ജില്ലകളിലായി 1400-ലധികം ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചു. ഏതാണ്ട് രണ്ട് ലക്ഷത്തോളം ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേയ്ക്ക് മാറ്റിയതായാണ് കണക്ക്. കൊല്‍ക്കത്തയുടെ നിരവധി ഭാഗങ്ങള്‍ വെള്ളത്തിനടിയിലായി. നിര്‍ത്തിവെച്ചിരുന്നു സീല്‍ദയില്‍ നിന്നുള്ള സബര്‍ബന്‍ ട്രെയിന്‍ സര്‍വീസുകള്‍ ഉച്ചകഴിഞ്ഞ് പുനരാരംഭിച്ചു. റെമാല്‍ ചുഴലിക്കാറ്റിനെത്തുടര്‍ന്ന് 21 മണിക്കൂര്‍ നേരത്തേയ്ക്ക് നിര്‍ത്തിവച്ചിരുന്ന കൊല്‍ക്കത്ത വിമാനത്താവളത്തിലെ വിമാന സര്‍വീസുകള്‍ തിങ്കളാഴ്ച രാവിലെ പുനരാരംഭിച്ചിരുന്നു. എന്നാല്‍ സ്ഥിതിഗതികള്‍ സാധാരണ നിലയിലാകാന്‍ ഇനിയും സമയമെടുക്കുമെന്നാണ് എയര്‍പോര്‍ട്ട് വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.