October 25, 2025
#gulf #Top News

കുവൈത്തില്‍ ഫ്‌ലാറ്റില്‍ വന്‍ തീപിടിത്തം; അന്‍പതിലേറെപ്പേര്‍ക്കു പരുക്കേറ്റു, 2 മലയാളികളടക്കം 41 മരണം

കുവൈത്ത് സിറ്റി : കുവൈത്തിലെ മംഗെഫില്‍ ഫ്‌ലാറ്റ് സമുച്ചയത്തിലുണ്ടായ തീപിടിത്തത്തില്‍ 41 പേര്‍ മരിച്ചെന്ന് റിപ്പോര്‍ട്ട്. അന്‍പതിലേറെപ്പേര്‍ക്കു പരുക്കേറ്റു. ഇതില്‍ ഏഴു പേരുടെ നില ഗുരുതരമാണ്. മരിച്ചവരില്‍ 2 മലയാളികളും ഒരു തമിഴ്നാട് സ്വദേശിയും ഒരു ഉത്തരേന്ത്യക്കാരമുമടക്കം ഒട്ടേറെ ഇന്ത്യക്കാര്‍ ഉണ്ടെന്നാണു സൂചന. മരണസംഖ്യ കൂടിയേക്കാം. രാജ്യത്തെ ഔദ്യോഗിക മാധ്യമമാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്.

മംഗെഫ് ബ്ലോക്ക് നാലില്‍ തൊഴിലാളികള്‍ താമസിക്കുന്ന എന്‍ബിടിസി ക്യാംപില്‍ ഇന്ന് പുലര്‍ച്ചെ നാലരയോടെയായിരുന്നു തീപിടിത്തം. എന്‍ബിടിസി കമ്പനിയിലെ തൊഴിലാളികളായ, മലയാളികള്‍ ഉള്‍പ്പെടെ 195 പേര്‍ ഇവിടെ താമസിച്ചിരുന്നു. താഴത്തെ നിലയില്‍ സുരക്ഷാജീവനക്കാരന്റെ മുറിയില്‍നിന്നാണ് തീ പടര്‍ന്നതെന്നാണു പ്രാഥമിക നിഗമനം. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണമെന്നാണ് സൂചന. ഗ്യാസ് സിലിണ്ടറുകള്‍ സൂക്ഷിച്ച മുറിയിലേക്കു തീ പടര്‍ന്നതാണ് അപകടത്തിന്റെ ആക്കം കൂട്ടിയതെന്ന് അഗ്‌നിരക്ഷാ വൃത്തങ്ങള്‍ അറിയിച്ചു. താഴത്തെ നിലയില്‍ തീ പടര്‍ന്നതോടെ മുകളിലുള്ള ഫ്‌ലാറ്റുകളില്‍നിന്ന് ചാടി രക്ഷപ്പെടാനുള്ള ശ്രമത്തിനിടയിലും പുക ശ്വസിച്ചുമാണു മിക്കവര്‍ക്കും പരുക്കേറ്റത്. ഇവരെ മുബാറക്, അദാന്‍, ജുബൈര്‍ തുടങ്ങിയ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. കെട്ടിടത്തില്‍നിന്നു ചാടിയവരില്‍ ചിലരുടെ പരുക്ക് ഗുരുതരമാണ്.

തീ നിയന്ത്രണ വിധേയമാണെന്ന് അധികൃതര്‍ പറഞ്ഞു. കെട്ടിടത്തില്‍ കുടുങ്ങിയവരെ പുറത്തിറക്കാനുള്ള ശ്രമം തുടരുകയാണ്. സംഭവസ്ഥലം പൊലീസിന്റെ സുരക്ഷാ വലയത്തിലാണ്. ഗതാഗതം വഴിതിരിച്ചുവിട്ടിട്ടുണ്ട്. അപകടത്തില്‍പെട്ടവര്‍ക്ക് സഹായവുമായി ആരോഗ്യവകുപ്പ് രംഗത്തുണ്ടെന്ന് കുവൈത്ത് ആരോഗ്യമന്ത്രാലയം അറിയിച്ചു.

കെട്ടിട ഉടമയെ അറസ്റ്റ് ചെയ്യാന്‍ നിര്‍ദേശം

തീപിടിച്ച കെട്ടിടത്തിന്റെ ഉടമയെയും കാവല്‍ക്കാരനെയും അറസ്റ്റ് ചെയ്യാന്‍ കുവൈത്ത് ആഭ്യന്തരമന്ത്രി ഷെയ്ഖ് ഫഹദ് അല്‍ യൂസഫ് അല്‍ സബാഹ് ഉത്തരവിട്ടു. സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ചാണ് കെട്ടിടത്തില്‍ ഇത്രയും പേരെ താമസിപ്പിച്ചിരുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. കെട്ടിടത്തില്‍നിന്ന് എല്ലാവരെയും ഒഴിപ്പിച്ചതായും അധികൃതര്‍ അറിയിച്ചു. സംഭവസ്ഥലത്ത് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തും.

ഇന്ന് സംഭവിച്ചത് കമ്പനിയുടെയും കെട്ടിട ഉടമകളുടെയും അത്യാഗ്രഹത്തിന്റെ ഫലമാണെന്ന് അപകട സ്ഥലം സന്ദര്‍ശിച്ച ശേഷം മന്ത്രി പറഞ്ഞു. ഒരു റസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ വന്‍തോതില്‍ തൊഴിലാളികളെ കുത്തിനിറയ്ക്കുന്ന ഇത്തരം നിയമലംഘനങ്ങള്‍ അവസാനിപ്പിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ കുവൈത്ത് മുനിസിപ്പാലിറ്റിക്കും പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവറിനും നിര്‍ദേശം നല്‍കിയതായും ഷെയ്ഖ് ഫഹദ് കൂട്ടി

കുവൈത്തിലെ അപകടം ഞെട്ടിക്കുന്നതാണെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍ പറഞ്ഞു. 50 ലേറെപ്പേര്‍ പരുക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.”കുവൈത്തിലെ ഇന്ത്യന്‍ അംബാസഡര്‍ ക്യാംപിലേക്കു പുറപ്പെട്ടിട്ടുണ്ട്. മരിച്ചവരുടെ കുടുംബാംഗങ്ങളെ അനുശോചനമറിയിക്കുന്നു. എംബസിയുടെ ഭാഗത്തുനിന്ന് എല്ലാ സഹായങ്ങളുമുണ്ടാകും”- ജയശങ്കര്‍ എക്‌സില്‍ അറിയിച്ചു.

Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

Leave a comment

Your email address will not be published. Required fields are marked *