‘കേന്ദ്രത്തിന്റെ രാഷ്ട്രീയത്തിന്’ ഗുണംചെയ്തു; ഗവര്‍ണര്‍ക്ക് തുടര്‍ഭരണം?, ആരിഫ് മുഹമ്മദ് ഖാന് തുടര്‍ച്ച നല്‍കാന്‍ കേന്ദ്രം
തിരുവനന്തപുരം: സംസ്ഥാനസര്‍ക്കാരുമായി രാഷ്ട്രീയമായും നിയമപരമായും നിരന്തരം ഏറ്റുമുട്ടുന്ന ആരിഫ് മുഹമ്മദ് ഖാന് കേരളത്തില്‍ത്തന്നെ ഗവര്‍ണര്‍ സ്ഥാനത്ത് തുടര്‍ച്ചനല്‍കാന്‍ കേന്ദ്രം. സംസ്ഥാന സര്‍ക്കാരിന്റെ രാഷ്ട്രീയ പക്ഷപാതിത്വത്തോടെയുള്ള പല നടപടികള്‍ക്കും തടയിടാനും തുറന്നുകാട്ടാനും അദ്ദേഹത്തിന്റെ നിലപാടുകള്‍ സഹായിച്ചുവെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വിലയിരുത്തല്‍.
സംസ്ഥാനത്ത് ബി.ജെ.പി.ക്ക് ഗണ്യമായ മുന്നേറ്റമുണ്ടാക്കാന്‍ ഒരുപരിധിവരെ ഗവര്‍ണറുടെ നടപടികളും സഹായിച്ചുവെന്നും കേന്ദ്രം കണക്കുകൂട്ടുന്നു. തുടര്‍ച്ചയുണ്ടാകുമെന്ന സൂചനലഭിച്ചതോടെ തിരഞ്ഞെടുപ്പുകാലത്ത് നിര്‍ത്തിവെച്ചിരുന്ന നടപടികള്‍ ഗവര്‍ണറും പുനരാരംഭിച്ചു. സര്‍വകലാശാലകളുമായി ബന്ധപ്പട്ടെ പരാതികളിലും വി.സി.മാരുടെ നിയമനം സംബന്ധിച്ച പരാതികളിലും ഹിയറിങ്ങിന് രാജ്ഭവന്‍ തീയതി നിശ്ചയിച്ചു.
മുഖ്യമന്ത്രിക്കെതിരേ ആഞ്ഞടിച്ചും സര്‍ക്കാരിനെ ഔദ്യോഗികകാര്യങ്ങളില്‍പോലും മുള്‍മുനയില്‍ നിര്‍ത്തിയും ഗവര്‍ണര്‍ സമ്മര്‍ദത്തിലാക്കിയപ്പോള്‍ പ്രതിപക്ഷസ്വരമായി അത് വ്യാഖ്യാനിക്കപ്പെട്ടു. നിയമസഭ പാസാക്കിയ ബില്ലുകള്‍ പിടിച്ചുവച്ചും രാഷ്ട്രപതിക്കയച്ചുമെല്ലാം ഗവര്‍ണര്‍ സര്‍ക്കാരിനെ വീര്‍പ്പുമുട്ടിച്ചു. കോടതികളില്‍നിന്ന് ഗവര്‍ണര്‍ക്ക് തിരിച്ചടിയേറ്റ വിഷയങ്ങളും ഉണ്ടായിട്ടുണ്ടെങ്കിലും മൊത്തത്തില്‍ ‘കേന്ദ്രത്തിന്റെ രാഷ്ട്രീയത്തിന്’ ഗുണപരമായി എന്നാണ് വിലയിരുത്തല്‍.
കാലാവധി തീര്‍ന്നാലും തുടരാം
ഗവര്‍ണര്‍മാരുടെ നിയമനകാലയളവ് അഞ്ചുവര്‍ഷത്തേക്കാണ്. കാലാവധി പൂര്‍ത്തിയാക്കുന്നതിന് മുമ്പ് കേന്ദ്രസര്‍ക്കാരിന്റെ ഉപദേശപ്രകാരം രാഷ്ട്രപതിക്ക് മാറ്റാം. കലാവധി പൂര്‍ത്തിയായാല്‍ പുതിയ നിയമനം ഉണ്ടാകുന്നതുവരെ തുടരുകയുംചെയ്യാം. ഇങ്ങനെ ചെറിയ കാലയളവിലേക്ക് തുടര്‍ന്നവരല്ലാതെ സമീപകാലത്ത് ഒരു ഗവര്‍ണറും രണ്ട് ടേം ഉണ്ടായിട്ടില്ല. സെപ്റ്റംബര്‍ ആറിനാണ് ആരിഫ് മുഹമ്മദ് ഖാന്റെ അഞ്ചുവര്‍ഷ കാലാവധി പൂര്‍ത്തിയാകുന്നത്.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം