#kerala #Top Four

മനു തോമസിന്റെ വിവാദങ്ങള്‍ക്കിടെ സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയേറ്റ് യോഗം ഇന്ന്; പി ജയരാജന്‍ പങ്കെടുക്കും

കണ്ണൂര്‍: മനു തോമസുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയേറ്റ് യോഗം ഇന്ന്. പി ജയരാജനെതിരെയുള്ള മനു തോമസിന്റെ ആരോപണം യോഗത്തില്‍ ചര്‍ച്ചയായേക്കും. പി ജയരാജനും യോഗത്തില്‍ പങ്കെടുക്കും. മനു തോമസ് ഉയര്‍ത്തിയ ആരോപണങ്ങളോടോ അതിന് ചുവടുപിടിച്ചെത്തിയ വിവാദങ്ങളോടോ സിപിഐഎം നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല. യോഗത്തിന് ശേഷം ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ മാധ്യമങ്ങളെ കാണാനും സാധ്യതയുണ്ട്. ജില്ലാ സെക്രട്ടറി പാര്‍ട്ടി നിലപാട് വ്യക്തമാക്കിയതിന് ശേഷം പി ജയരാജന്‍ ഫെയ്‌സ്ബുക്ക് കുറിപ്പിട്ടതില്‍ മറ്റ് നേതാക്കള്‍ക്ക് അതൃപ്തിയുണ്ടെന്നാണ് സൂചന. സിപിഐഎം നേതൃത്വത്തിലുള്ള സ്വര്‍ണ്ണക്കടത്ത്, കൊട്ടേഷന്‍ ഇടപാടുകള്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് ഇന്ന് പ്രതിഷേധിക്കും. കണ്ണൂര്‍ ഡിസിസി ഇന്ന് കളക്ട്രേറ്റിന് മുന്നില്‍ ജനകീയ സദസ് സംഘടിപ്പിക്കും.

ഡിവൈഎഫ്‌ഐ നേതാവായിരുന്ന മനുവിനെ നടപടിയുടെ ഭാഗമായി പാര്‍ട്ടിയില്‍ നിന്ന് ഒഴിവാക്കിയെന്ന തരത്തിലുള്ള വാര്‍ത്ത പുറത്തുവരുന്നത്. ഇതിന് പിന്നാലെ താന്‍ എന്തുകൊണ്ട് പാര്‍ട്ടിക്ക് പുറത്തുപോകുന്നുവെന്ന് വ്യക്തമാക്കി മനു തോമസ് രംഗത്തെത്തി. പാര്‍ട്ടിക്ക് ക്വട്ടേഷന്‍ സംഘങ്ങളും സ്വര്‍ണ്ണക്കടത്ത് സംഘങ്ങളുമായുള്ള ബന്ധം പലതവണ ചോദ്യം ചെയ്തിട്ടും അവര്‍ക്കെതിരെ നടപടിയെടുത്തില്ലെന്ന് ഡിവൈഎഫ്‌ഐ കണ്ണൂര്‍ മുന്‍ ജില്ലാ പ്രസിഡന്റ് കൂടിയായിരുന്ന മനു ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മനുവിനെതിരെ സിപിഐഎമ്മിന്റെ മുതിര്‍ന്ന നേതാവ് പി ജയരാജന്‍ രംഗത്ത് വന്നത്.

Also Read ; ലഡാക്കില്‍ സൈനിക പരിശീലനത്തിനിടെ ടാങ്ക് മുങ്ങി അപകടം ; അഞ്ച് സെനികര്‍ക്ക് വീരമൃത്യു

ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ മനു വിഷയത്തില്‍ വിശദീകരണം നല്‍കിയതിന് ശേഷവും ജയരാജന്‍ ഫേസ്ബുക്ക് പോസ്റ്റുമായെത്തിയത് വിവാദത്തിന് ശക്തികൂട്ടി. സിപിഐഎമ്മിനെ കരിവാരി തേയ്ക്കാന്‍ ശ്രമിക്കുകയാണ്. പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോയ ആള്‍ക്ക് അനീതിക്കെതിരായ പോരാളി പരിവേഷം നല്‍കുന്നു. മനു തോമസ് പാര്‍ട്ടിയിലെ ആരെയെങ്കിലും ലക്ഷ്യം വെച്ച് ബോധപൂര്‍വ്വം തെറ്റായ ആരോപണങ്ങള്‍ ഉന്നയിക്കുകയാണ്. പാര്‍ട്ടിക്ക് ലഭിക്കുന്ന അനുഭാവികളുടെ പരാതികള്‍ പോലും അന്വേഷിച്ച് നടപടി എടുക്കുന്ന പാരമ്പര്യമാണ് കണ്ണൂര്‍ ജില്ലയിലെ പാര്‍ട്ടിക്കുള്ളതെന്നും പി ജയരാജന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞിരുന്നു.

എന്നാല്‍ ഇതുകൊണ്ടും തീര്‍ന്നില്ല. ഇതിന് പിന്നാലെ സ്വര്‍ണ്ണക്കടത്ത്, ക്വട്ടേഷന്‍ കേസുകളില്‍ പ്രതികളായ അര്‍ജുന്‍ ആയങ്കിയും ആകാശ് തില്ലങ്കേരിയും പി ജയരാജന് പ്രതിരോധം തീര്‍ത്ത് ഫേസ്ബുക്കില്‍ പോസ്റ്റിട്ടതോടെ സിപിഐഎം പ്രതിരോധത്തിലാകുകയായിരുന്നു. ഇരുവരുടെയും ഭീഷണി സ്വരത്തോടെയുള്ള പോസ്റ്റിന് മനു മറുപടി നല്‍കി.

പി ജയരാജന് വേണ്ടി എന്തുകൊണ്ടാണ് സ്വര്‍ണ്ണക്കടത്ത് ക്വട്ടേഷന്‍ സംഘാംഗങ്ങളായ അര്‍ജുന്‍ ആയങ്കിയും ആകാശ് തില്ലങ്കേരിയും പ്രതിരോധം തീര്‍ക്കാന്‍ വരുന്നുവെന്നായിരുന്നു മനു തോമസിന്റെ പ്രതികരണം. കാര്യങ്ങള്‍ പെട്ടെന്ന് കൈകാര്യം ചെയ്യാന്‍ പാര്‍ട്ടി ക്വട്ടേഷന്‍ സംഘാഗങ്ങളെ ഏല്‍പ്പിച്ചിട്ടുണ്ടോ എന്ന് നേതൃത്വം മറുപടി പറയണമെന്നും മനു ആവശ്യപ്പെട്ടിരുന്നു. പി ചന്ദ്രശേഖരന്‍ വധവും ഷുഹൈബ് വധവും വിപ്ലവമായിരുന്നില്ല, വൈകൃതമായിരുന്നുവെന്നും മനു തോമസ് തന്റെ ഫേസ് ബുക്ക് പോസ്റ്റില്‍ ആരോപിച്ചിരുന്നു.

Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

Leave a comment

Your email address will not be published. Required fields are marked *