യുകെയില്‍ കാണാതായ മലയാളി ഡോക്ടറെ മരിച്ച നിലയില്‍ കണ്ടെത്തി
ഇപ്‌സ്വിച്ച് : യുകെയില്‍ കാണാതായ മലയാളി ഡോക്ടറെ മരിച്ച നിലയില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. യുകെയിലെ ഇപ്‌സ്വിച്ചില്‍ കുടുംബമായി താമസിച്ചു വന്നിരുന്ന മലയാളി ഡോക്ടര്‍ രാമസ്വാമി ജയറാമിനെയാണ് (56) മരിച്ച നിലയില്‍ കണ്ടെത്തിയത്. ജൂണ്‍ 30 ഞായറാഴ്ച പുലര്‍ച്ചെ 5.45 ന് വീട്ടില്‍ നിന്നിറങ്ങിയ രാമസ്വാമിയെ പിന്നീട് കാണാതാകുകയായിരുന്നു. ഇദ്ദേഹത്തെ കണ്ടെത്താന്‍ ജൂലൈ 1 മുതല്‍ സഫോള്‍ക്ക് പൊലീസ് തിരച്ചില്‍ നടത്തിയിരുന്നു. എന്നാല്‍ തിരച്ചിലുകള്‍ക്ക് ഒടുവില്‍ രാമസ്വാമിയുടെ മൃതദേഹമാണ് കണ്ടെത്തിയത്.നിലവില്‍ മരണത്തില്‍ ദൂരുഹതയില്ലെന്ന് കരുതുന്നതായി പൊലീസ് അറിയിച്ചു. പൊലീസ് മരണ വിവരം രാമസ്വാമിയുടെ അടുത്ത ബന്ധുക്കളേയും അറിയിച്ചിട്ടുണ്ട്.
Also Read ; അധ്യാപികയുടെ വീട്ടില്‍ കയറിയ കള്ളന്‍ ക്ഷമാപണ കുറിപ്പ് എഴുതിവച്ച് സ്ഥലം വിട്ടു; മോഷ്ടിച്ചത് ഒന്നരപവന്‍
രാമസ്വാമിയുടെ ചാരനിറത്തിലുള്ള സിട്രോണ്‍ സി1 കാര്‍ ഇപ്‌സ്വിച്ചിലെ റാവന്‍സ്വുഡ് പ്രദേശത്ത് നേരത്തെ കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് സഫോക്ക് ലോലാന്‍ഡ് സെര്‍ച്ച് ആന്‍ഡ് റെസ്‌ക്യൂ, കോസ്റ്റ്ഗാര്‍ഡ് എന്നിവയുടെ സഹായത്തോടെ ഓര്‍വെല്‍ കണ്‍ട്രി പാര്‍ക്കിലും പരിസരത്തും പൊലീസ് തിരച്ചില്‍ നടത്തിയിരുന്നു. പൊലീസ് തിരച്ചില്‍ നോട്ടീസ് പുറത്ത് ഇറക്കിയതോടെ നിരവധി പേരാണ് അറിയിപ്പ് തങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ ഷെയര്‍ ചെയ്തത്. ഇതോടെ ഡോക്ടറെ കണ്ടെത്താന്‍ കഴിയുമെന്ന പ്രതീക്ഷ മിക്കവരിലും ഉണ്ടായിരുന്നു.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം