പാലക്കാട് ശോഭാ സുരേന്ദ്രനെ പിന്തുണച്ച ബി.ജെ.പി നേതാവിന്റെ വീടിന് നേരെ ആക്രമണം ; ബി.ജെ.പിയില്‍ പൊട്ടിത്തെറി
പാലക്കാട് ബി.ജെ.പിയില്‍ വന്‍ പൊട്ടിത്തെറി. ജില്ലയിലെ പ്രമുഖ ബി.ജെ.പി നേതാവിന്റെ വീടിനും, വാഹനത്തിനും നേരെയാണിപ്പോള്‍ ആക്രമണമുണ്ടായിരിക്കുന്നത്. ആക്രമണത്തിന് പിന്നില്‍ ബി.ജെ.പിയിലെ വിഭാഗീയതയാണെന്ന ആരോപണമാണ് ശക്തമായി ഉയര്‍ന്നിട്ടുള്ളത്.
Also Read ; തിരുവനന്തപുരത്ത് കെ.എസ്.ആര്‍.ടി.സിയും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു; രണ്ടുപേര്‍ക്ക് പരിക്ക്
സംസ്ഥാനത്ത് ബി.ജെ.പിക്ക് ശക്തമായ വേരോട്ടമുള്ള പാലക്കാട്ട് ഗ്രൂപ്പ് വടംവലികളും ഏറെ രൂക്ഷമാണ്. വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ ഏറ്റവുമധികം വിജയ പ്രതീക്ഷപുലര്‍ത്തുന്ന നിയോജകമണ്ഡലമാണ് പാലക്കാട്. ഇവിടെ ആരാകും സ്ഥാനാര്‍ത്ഥി എന്നത് സംബന്ധിച്ച് തര്‍ക്കങ്ങള്‍ നീളുകയാണ്. പാലക്കാട് സ്വദേശിയും സംസ്ഥാന നേതാവുമായ സി.കൃഷ്ണകുമാറിനെ സ്ഥാനാര്‍ത്ഥിയാക്കാനാണ് സംസ്ഥാന നേതൃത്വത്തിന് താത്പര്യം. അതേ സമയം സംസ്ഥാന വൈസ് പ്രസിഡണ്ട് ശോഭാ സുരേന്ദ്രനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന ആവശ്യമാണ് ബഹുഭൂരിഭാഗം പ്രവര്‍ത്തകരും മുന്നോട്ട് വെക്കുന്നത്. താന്‍ മത്സരിക്കാനില്ലെന്നും ആലപ്പുഴ കേന്ദ്രീകരിച്ച് സംഘടനാ പ്രവര്‍ത്തനം നടത്തുകയാണെന്നുമാണ് ശോഭാ സുരേന്ദ്രന്‍ വ്യക്ത മാക്കിയിട്ടുള്ളത്. എന്നാല്‍ മത്സരിച്ച മണ്ഡലങ്ങളിലെല്ലാം വോട്ട് നില ഉയര്‍ത്തിയ പാരമ്പര്യമുള്ള ശോഭയിലൂടെ പാലക്കാട് പിടിച്ചെടുക്കാമെന്ന ആത്മവിശ്വാസമാണ് വലിയ വിഭാഗം പ്രവര്‍ത്തകര്‍ക്കുമുള്ളത്.
വിഭാഗീയത സംബന്ധിച്ച തര്‍ക്കങ്ങള്‍ കുറച്ച് കാലമായി പാലക്കാട്ട് പുകഞ്ഞ് നില്‍ക്കുകയാണ്. അതിനിടയിലാണ് പാലക്കാട്ടെ മുന്‍ നഗരസഭാ കൗണ്‍സിലര്‍ കൂടിയായ ബി.ജെ.പി നേതാവ്, എസ് പി അച്യുതാനന്ദന്റെ വീടിന് നേരെ ആക്രമണമുണ്ടായത്. ശോഭാ സുരേന്ദ്രന്റെ അടുത്ത അനുയായിയായ അച്യുതാനന്ദന്റെ സോഷ്യല്‍ മീഡിയാ പോസ്റ്റുകള്‍ എതിര്‍ ചേരികളെ പ്രകോപിതരാക്കിയെന്നും അതാണ് ആക്രമണത്തിന് കാരണമായതെന്നുമുള്ള ആരോപണങ്ങളാണ് ഇപ്പോള്‍ ഉയര്‍ന്നിട്ടുള്ളത്.
പാലക്കാട് കുന്നത്തൂര്‍ മേട് എ.ആര്‍ മേനോന്‍ കോളനിയിലെ രാജശ്രീ വിടിന് നേരെയാണ് ആക്രമണമുണ്ടായത്. കാറിലും ബൈക്കിലുമായെത്തിയവര്‍ ബിയര്‍ കുപ്പികള്‍ വലിച്ചെറിഞ്ഞാണ് ആക്രമണം നടത്തിയത്. ആക്രമണത്തില്‍ വീടിന്റെ ജനല്‍ചില്ലുകളും കാറിന്റെ ഗ്ലാസുകളും തകര്‍ന്നു. വീട്ടിലെ സി.സി.ടി.വി ക്യാമറയില്‍ ആക്രമണദൃശ്യങ്ങള്‍ പതിഞ്ഞിട്ടുമുണ്ട്.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ശോഭാസുരേന്ദ്രന് വേണ്ടി ആലപ്പുഴ കേന്ദ്രീകരിച്ചാണ് അച്യുതാനന്ദന്‍ പ്രവര്‍ത്തിച്ചിരുന്നത്.ശോഭാസുരേന്ദ്രന്റെ പ്രസംഗങ്ങളും മറ്റ് സാമുഹ്യ ഇടപെടലുകളുമെല്ലാം അച്യുതാനന്ദന്‍ മുന്‍കൈയെടുത്ത് സോഷ്യല്‍ മീഡിയകളില്‍ പ്രചരിപ്പിച്ചിരുന്നു. ഇതില്‍ ഒരു വിഭാഗം ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് എതിര്‍പ്പുണ്ടായിരുന്നുവെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.
വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ പാലക്കാട്ട് ശോഭാസുരേന്ദ്രനെ മത്സരിപ്പിക്കണമെന്ന് വാദിക്കുന്ന ബി.ജെ.പി. പ്രവര്‍ത്തകരില്‍ മുന്‍ നിരയിലാണ് എസ്.പി അച്യുതാനന്ദന്റെ സ്ഥാനം. ഇതുസംബന്ധിച്ച് ഫേസ്ബുക്കില്‍ അച്യുതാനന്ദന്‍ നിരന്തരം പോസ്റ്റുകളും ഇട്ടിരുന്നു. ഇതും അച്യുതാനന്ദനെതിരെ നീങ്ങാന്‍ ചിലരെ പ്രേരിപ്പിച്ചുവെന്ന വിവരങ്ങളും ഇപ്പോള്‍ പുറത്തെത്തിയിട്ടുണ്ട്.
പാലക്കാട്ടെ ഒരു പ്രമുഖ ബി.ജെ.പി നേതാവ് ഉള്‍പ്പെട്ട 14 കോടി രൂപയുടെ അഴിമതി ആരോപണങ്ങളെക്കുറിച്ചുള്ള വാര്‍ത്തകള്‍ മാധ്യമങ്ങളിലൂടെ അടുത്തിടെ പുറത്ത് വന്നിരുന്നു. സാമൂഹ്യമാധ്യമങ്ങള്‍ വഴി അതെല്ലാം വിവാദമാക്കിയത് അച്യുതാനന്ദന്‍ ആയിരുന്നുവെന്ന ആരോപണം ഒരു വിഭാഗം ബി.ജെ.പി പ്രവര്‍ത്തര്‍ ഉയര്‍ത്തിയിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് വീടിനും കാറിനും നേരെ ആക്രമണമുണ്ടായതെന്ന് അച്യുതാനന്ദനോടൊപ്പമുള്ള ബി.ജെ.പി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിക്കുന്നു.
വരാനിരിക്കുന്ന പാലക്കാട് ഉപതെരഞ്ഞെടുപ്പിനെ അത്യധികം പ്രാധാന്യത്തോടെയാണ് ബി.ജെ.പി നേതൃത്വം വീക്ഷിക്കുന്നത്. തൃശൂരില്‍ നേടിയ ഉജ്വല വിജയം പാലക്കാട്ടും ആവര്‍ത്തിക്കാനുള്ള തയ്യാറെടുപ്പാണ് നേതൃത്വം നടത്തുന്നത്. കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപിക്കും ജോര്‍ജ് കുര്യനും സംസ്ഥാനത്ത് ആദ്യമായി സ്വീകരണമൊരുക്കിയത് പാലക്കാട്ടായിരുന്നു. പ്രചരണത്തിന്റെ ആദ്യഘട്ടം എന്ന നിലയിലായിരുന്നു ഇത്. വരും ദിവസങ്ങളില്‍ മണ്ഡലം കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ സജീവമാക്കാനും തയ്യാറെടുക്കുകയാണ് പാലക്കാട്ടെ ബി.ജെ.പി നേതൃത്വം.
ഉപതെരഞ്ഞെടുപ്പിന്റെ രാഷ്ട്രീയ പ്രാധാന്യമായിരുന്നു സ്വീകരണ പരിപാടിയില്‍ ഉടനീളം നേതാക്കള്‍ ഉയര്‍ത്തിക്കാട്ടിയത്.
അടുത്ത തൃശൂര്‍ പൂരം ബി.ജെ.പി എംപിക്കൊപ്പം ആഘോഷിക്കുന്നതു പോലെ അടുത്ത കല്‍പ്പാത്തി രഥോത്സവം ബി.ജെ.പി എംഎല്‍എക്കൊപ്പം നമുക്ക് ആഘോഷിക്കണമെന്ന ആഹ്വാനമാണ് സ്വീകരണ യോഗത്തില്‍ ഉടനീളം ഉയര്‍ന്നത്. തൃശൂര്‍ തന്നതു പോലെ പാലക്കാടും നിങ്ങള്‍ എനിക്ക് തന്നാല്‍ ഈ കേരളം ഞങ്ങളിങ്ങ് എടുക്കുമെന്ന മന്ത്രി സുരേഷ് ഗോപിയുടെ പഞ്ച് ഡയലോഗുകള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലുമാണ്. അതിനിടയിലാണിപ്പോള്‍ ഗ്രൂപ്പു വൈരം അതിന്റെ എല്ലാ സീമകളും ലംഘിച്ച് പാലക്കാട്ട് തിളച്ചു മറിയുന്നത്.
ബി.ജെ.പി പ്രവര്‍ത്തകര്‍ പരസ്യമായി പറയുന്നില്ലെങ്കിലും, ശോഭാ സുരേന്ദ്രന്‍ സ്ഥാനാര്‍ത്ഥിയാകണമെന്ന ആവശ്യമുയര്‍ത്തുകയും, എതിര്‍ ചേരികളെ വിമര്‍ശിക്കുകയും ചെയ്തതിനാലാണ് അച്യുതാനന്ദന്റെ വീടിന് നേരെ ആക്രമണമുണ്ടായതെന്ന വികാരം ബി.ജെ.പി ആണികള്‍ക്കിടയില്‍ ശക്തമാണ്. എല്‍.ഡിഎഫ് യു.ഡി.എഫ് മുന്നണികളാകട്ടെ ഈ സാഹചര്യത്തെ രാഷ്ട്രീയായുധമാക്കി മാറ്റുകയുമാണ്.
തന്റെ വീടാക്രമിച്ചത് സ്വന്തം പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെയാണെന്ന് അച്യുതാനന്ദന്‍ നേരിട്ട് പറയുന്നില്ലെങ്കിലും, തനിക്ക് വേറെ ശത്രുക്കള്‍ ആരുമില്ലെന്ന അദ്ദേഹത്തിന്റെ വാക്കുകളില്‍ എല്ലാം ഒതുക്കിയിട്ടുണ്ട് എന്നതാണ് യാഥാര്‍ത്ഥ്യം. വീട്ടിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ അടക്കമാണ് പാലക്കാട്ട് ടൗണ്‍ സൗത്ത് പോലീസ് സ്റ്റേഷനില്‍ അച്യുതാനന്ദന്‍ പരാതി നല്‍കിയിരിക്കുന്നത്. വീടിന് നേരെ ആക്രമണം നടത്തിയത് ബി.ജെ.പി നേതാക്കളുടെ അറിവോടെയാണെന്ന് വ്യക്തമായാല്‍ പാലക്കാട്ടെ ബി.ജെ.പി നേതൃത്വത്തില്‍ അത് വലിയ പൊട്ടിത്തെറികള്‍ക്ക് വഴിയൊരുക്കുമെന്നത് ഉറപ്പാണ്.