ഏഷ്യാകപ്പ് വനിതാ ട്വന്റി-20 ടൂര്‍ണമെന്റില്‍ ഇന്ത്യക്ക് ജയം

ദാംബുള്ള (ശ്രീലങ്ക): ഓപ്പണര്‍മാരായ സ്മൃതി മന്ഥാനയും (45) ഷെഫാലി വര്‍മയും (40) തകര്‍ത്തടിച്ചപ്പോള്‍ ഏഷ്യാകപ്പ് വനിതാ ട്വന്റി-20 ടൂര്‍ണമെന്റിലെ ആദ്യകളിയില്‍ പാകിസ്താനെതിരേ ഇന്ത്യക്ക് ഏഴുവിക്കറ്റിന്റെ അനായാസജയം. പാകിസ്താന്‍ ഉയര്‍ത്തിയ 109 റണ്‍സ് വിജയലക്ഷ്യം 35 പന്തുകള്‍ ബാക്കി നില്‍ക്കെ മൂന്നുവിക്കറ്റ് നഷ്ടത്തില്‍ മറികടന്ന് നിലവിലെ ചാമ്പ്യന്‍മാരായ ഇന്ത്യ. സ്‌കോര്‍: പാകിസ്താന്‍ 19.2 ഓവറില്‍ 108-ന് പുറത്ത്. ഇന്ത്യ 14.1 ഓവറില്‍ മൂന്നിന് 109. മൂന്നുവിക്കറ്റ് വീഴ്ത്തി പാക് ബാറ്റിങ് തകര്‍ത്ത ദിപ്തി ശര്‍മയാണ് കളിയിലെ താരം.
Also Read ; കേരള സര്‍ക്കാരിനെ രക്ഷിച്ചത് ‘ഉബുണ്ടു’
കളിയുടെ എല്ലാ മേഖലയിലും പാകിസ്താനെ നിഷ്പ്രഭമാക്കിയായിരുന്നു ഇന്ത്യന്‍ വനിതകളുടെ വിജയം. 31 പന്തില്‍ ഒമ്പത് ഫോറിന്റെ സഹായത്തോടെയാണ് മന്ഥാന 45 റണ്‍സ് കുറിച്ചത്. സെയ്ദാഷായുടെ ബൗളിങ്ങില്‍ അലിയാ റിയാസ് ക്യാച്ചെടുത്താണ് മസ്ഥാനയെ പുറത്താക്കിയത്. മറുവശത്ത് ഷെഫാലി, സ്മൃതിക്ക് മികച്ച പിന്തുണ നല്‍കി. 29 പന്തില്‍ ആറ് ഫോറും ഒരു സിക്‌സും അടങ്ങിയതായിരുന്നു ഷെഫാലിയുടെ ഇന്നിങ്‌സ്. ഇരു വരും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 57 പന്തില്‍ 85 റണ്‍സ് നേടിയതോടെ ഇന്ത്യ വിജയമുറപ്പിച്ചു. ദയാലന്‍ ഹേമലത 14 റണ്‍സ് നേടിയപ്പോള്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറും(5) ജെമിയ റോഡ്രിഗ്സും(3) പുറത്താവാതെ നിന്നു.
ടോസ് നേടിയ പാകിസ്താന്‍ ആദ്യം ബാറ്റ് ചെയ്യുകയായിരുന്നു. 35 പന്തില്‍ 25 റണ്‍സ് നേടിയ സിദ്ര അമിനാണ് പാക് നിരയിലെ ടോപ് സ്‌കോറര്‍. തൂബ ഹസന്‍ (22), ഫാത്തിമ സന( 22 നോട്ടൗട്ട്), മുബീന അലി(11) എന്നിവരാണ് രണ്ടക്കം കടന്ന മറ്റ് താരങ്ങള്‍. ഇന്ത്യക്കായി ദീപ്തി ശര്‍മ നാല് ഓവറില്‍ 20 റണ്‍സ് വഴങ്ങി മൂന്നുവിക്കറ്റ് വീഴ്ത്തി. രേണുക സിങ്, പൂജാ വസ്ത്രാക്കര്‍, ശ്രേയങ്ക പാട്ടീല്‍ എന്നിവര്‍ രണ്ടുവിക്കറ്റ് വീതം സ്വന്തമാക്കി.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം