ആത്മഹത്യാഭീഷണിയും അസഭ്യവര്‍ഷവും, കുട്ടികളെയും രക്ഷിതാക്കളെയും വിളിച്ചുവരുത്തി ഉപദേശം നല്‍കി കളക്ടര്‍

മഴ കനക്കുമ്പോള്‍ അവധി ചോദിച്ച് കളക്ടര്‍മാരുടെ ഫെയ്‌സ്ബുക്ക് പേജുകള്‍ കമന്റുകള്‍ കൊണ്ട് നിറയാറുണ്ട്. ഇവര്‍ക്ക് രസകരമായ മറുപടി നല്‍കി ചില കളക്ടര്‍മാരും വാര്‍ത്തയിലിടം പിടിക്കാറുണ്ട്. എന്നാല്‍ ഇത്തവണ പത്തനംതിട്ട കളക്ടര്‍ക്ക് അവധിചോദിച്ചുള്ള അപേക്ഷയേക്കാള്‍ കൂടുതല്‍ വന്നത് ആത്മഹത്യാഭീഷണിയും അസഭ്യവര്‍ഷവും ഒക്കെയാണ്. കളക്ടര്‍ രാജിവെക്കണമെന്നും ആവശ്യമുയര്‍ന്നു.
മഴയെത്തുടര്‍ന്ന് അവധി ചോദിച്ചുള്ള കുട്ടികളുടെ ഇത്തരം കമന്റുകളെ പത്തനംതിട്ട കളക്ടര്‍ എസ്. പ്രേംകൃഷ്ണന്‍ തമാശയായേ കാണാറുള്ളൂ. എന്നാല്‍ ഔദ്യോഗിക പേജിലെ കമന്റടി വ്യക്തിഗത പേജിലേക്കും കടന്ന് ആത്മഹത്യാഭീഷണിയും അസഭ്യവുമായി നിറഞ്ഞപ്പോള്‍ വിഷയത്തിന്റെ ഗതി തന്നെ മാറി. ഇതോടെ വ്യക്തിഗത ഫെയ്‌സ്ബുക്ക് പ്രൊഫൈലില്‍ പ്രത്യക്ഷപ്പെട്ട അസഭ്യകമന്റുകള്‍ കളക്ടര്‍ സൈബര്‍ സെല്ലിന് കൈമാറുകയായിരുന്നു.
ഇത്തരം കമന്റിന് പിന്നില്‍ 15 വയസ്സില്‍ താഴെയുള്ള വിദ്യാര്‍ഥികളാണ് എന്നു കണ്ടെത്തിയപ്പോള്‍ കുട്ടികളെയും രക്ഷിതാക്കളെയും വിളിച്ചുവരുത്തി ഉപദേശിച്ചു. ഇത് ശരിയായ രീതിയല്ലെന്നും അവധി നല്‍കാന്‍ പ്രോട്ടക്കോള്‍ ഉണ്ടെന്നും ബോധ്യപ്പെടുത്തി. രാത്രി പന്ത്രണ്ട് മണിക്കൊക്കെ തന്റെ മൊബൈല്‍ നമ്പറില്‍ വിളിച്ച് രക്ഷിതാവെന്ന വ്യാജേന കുട്ടികള്‍ ശബ്ദം മാറ്റി അവധി വേണമെന്ന് പറയാറുണ്ടെന്നും കളക്ടര്‍ പറഞ്ഞു. കുട്ടികളുടെ രസകരമായ കമന്റുകള്‍ ആസ്വദിക്കാറുണ്ട്. എന്നാല്‍ അതിരുവിടുന്ന കമന്റുകള്‍ അപകടമാണെന്ന് കളക്ടര്‍ നയം വ്യക്തമാക്കി.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
ജില്ലയില്‍ റെഡ് അലര്‍ട്ട് ആണെങ്കില്‍ കളക്ടര്‍ക്ക് അവധി പ്രഖ്യാപിക്കാം. ഓറഞ്ച്, മഞ്ഞ അലര്‍ട്ട് ആണെങ്കില്‍ തഹസില്‍ദാരുടെയും വില്ലേജ് ഓഫീസറുടെയും റിപ്പോര്‍ട്ട് തേടി വൈകീട്ടത്തെ മഴയുടെ അവസ്ഥ കൂടി കണക്കിലെടുത്തേ അവധി പ്രഖ്യാപിക്കൂ. ഇത് കുട്ടികളും രക്ഷിതാക്കളും മനസ്സിലാക്കണമെന്നും കളക്ടര്‍ പറഞ്ഞു.