ഒറ്റ രാത്രിയില്‍ 7 കടകളില്‍ മോഷണം ; സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ച് പോലീസ്

ഇടുക്കി: ഇടുക്കി അടിമാലിയിലെ 7 കടകളില്‍ മോഷണ പരമ്പര. അടിമാലി ഇരുമ്പുപാലത്തെ 7 കടകളിലാണ് ഇന്നലെ രാത്രി കവര്‍ച്ച നടന്നത്. ഈ പ്രദേശത്ത് മോഷണം കൂടുന്നെന്ന പരാതികള്‍ ആവര്‍ത്തിക്കുന്നതിനിടെയാണ് മോഷണം ഉണ്ടായത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കടകളുടെ പൂട്ടും ഷട്ടറുമൊക്കെ തകര്‍ത്തായിരുന്നു കവര്‍ച്ച നടന്നത്. രാവിലെ വ്യാപാരികള്‍ കടയിലെത്തിയപ്പോഴാണ് മോഷണവിവരമറിഞ്ഞത്.
മോഷണം നടന്ന മിക്ക കടകളില്‍ നിന്നും പണം കവര്‍ന്നിട്ടുണ്ട്. ഒരേസമയം നടന്ന മോഷണമാണെന്നും കവര്‍ച്ച സംഘമാണ് പുറകിലെന്നുമാണ് പോലീസ് സംശയിക്കുന്നത്. മോഷണ സമയത്ത് ടൗണിലെ ട്രാന്‍സ്‌ഫോര്‍മര്‍ ഓഫാക്കിയിരുന്നെന്നും പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇരുമ്പുപാലം ടൗണിലെ പച്ചക്കറിക്കടയിലും മീന്‍കടയിലും വരെ മോഷണ ശ്രമം നടന്നിട്ടുണ്ട്.
കടകളിലെ നഷ്ടം കണക്കാക്കി വരുന്നതേയുളളൂ. നേരത്തെ, ഇരുമ്പുപാലത്തിന്റെ സമീപ പ്രദേശമായ പത്താംമൈലില്‍ കടകളില്‍ മോഷണം നടന്നിരുന്നു. ഇവിടെ സിസിടിവി ക്യാമറകള്‍ സ്ഥാപിച്ച് നിരീക്ഷണം തുടങ്ങിയതോടെ, മോഷ്ടാക്കള്‍ ഇരുമ്പുപാലം കേന്ദ്രീകരിക്കുന്നെന്നാണ് വ്യാപാരികളുടെ പരാതി. ദിവസങ്ങള്‍ക്ക് മുമ്പ് ഇരുമ്പുപാലത്തെ മെഡിക്കല്‍ സ്റ്റോറിലെ കവര്‍ച്ച പോലീസ് അന്വേഷിക്കുന്നതിനിടെയാണ് മോഷണ പരമ്പര.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..