ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങള്‍ക്ക് നേരെയുള്ള ആക്രമണം തുടരുന്നു ; പ്രക്ഷോഭത്തില്‍ ഇതുവരെ കൊല്ലപ്പെട്ടത് 560 പേര്‍
ധാക്ക: ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവെച്ച് പലായനം ചെയ്തതിന് പിന്നാലെയുണ്ടായ അക്രമങ്ങളില്‍ ഇതുവരെ കെല്ലപ്പെട്ടത് 232 പേരാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ കൊല്ലപ്പെട്ടവരുടെ കണക്കാണിതെന്നാണ് ബംഗ്ലാദേശ് പ്രാദേശിക മാധ്യമം റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം ജൂലൈ 16 മുതല്‍ ഓഗസ്റ്റ് 4 വരെ നടന്ന സംവരണ വിരുദ്ധ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തില്‍ ആകെ മരിച്ചവരുടെ എണ്ണം 328 ആയി. ഇതോടെ രാജ്യത്ത് കലാപത്തില്‍ കഴിഞ്ഞ 23 ദിവസത്തിനിടെ മരിച്ചവരുടെ എണ്ണം 560 ആയി. ചൊവ്വാഴ്ച കാഷിംപുര്‍ അതിസുരക്ഷാ ജയിലില്‍നിന്ന് തടവുകാര്‍ രക്ഷപ്പെടുന്നതിനിടെയുണ്ടായ സംഘര്‍ഷത്തില്‍ 6 പേര്‍ കൊല്ലപ്പെട്ടിരുന്നു.
Also Read ; വയനാട് ഉരുള്‍പൊട്ടല്‍ ; ദുരിത ബാധിതര്‍ക്ക് സ്വന്തം നിലയില്‍ അഞ്ച് വീട് വെച്ച് നല്‍കുമെന്ന് രമേശ് ചെന്നിത്തല
അതേസമയം, ഷെയ്ഖ് ഹസീനയുടെ പലായനത്തിനുശേഷം ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ അടക്കമുള്ള ന്യൂനപക്ഷങ്ങള്‍ക്കുനേരെയുള്ള ആക്രമണം തുടരുകയാണ്. ഇതില്‍ പ്രതിഷേധിച്ച് ബംഗ്ലാദേശ് ഹിന്ദു ജാഗരണ്‍ മഞ്ചയുടെ നേതൃത്വത്തില്‍ വെള്ളിയാഴ്ച പ്രതിഷേധറാലി നടത്തിയിരുന്നു.
ന്യൂനപക്ഷങ്ങളുടെ സംരക്ഷണത്തിനായി ന്യൂനപക്ഷ മന്ത്രാലയം സ്ഥാപിക്കുക. ന്യൂനപക്ഷ സംരക്ഷണ കമ്മിഷന്‍ രൂപീകരിക്കുക. ന്യൂനപക്ഷങ്ങള്‍ക്കു നേരെയുള്ള അക്രമങ്ങള്‍ തടയുന്നതിന് കര്‍ശന നിയമങ്ങള്‍ കൊണ്ടുവരിക, പാര്‍ലമെന്റില്‍ ന്യൂനപക്ഷങ്ങള്‍ക്ക് 10 % സംവരണം നല്‍കുക എന്നീ ആവശ്യങ്ങളും പ്രതിഷേധക്കാര്‍ മുന്നോട്ടുവച്ചിട്ടുണ്ട്.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
ന്യൂനപക്ഷങ്ങള്‍ക്കു നേരെയുള്ള ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ബംഗ്ലദേശില്‍നിന്ന് ആയിരക്കണക്കിന് അഭയാര്‍ഥികള്‍ ഇന്ത്യയിലേക്ക് അനധികൃതമായി നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നുണ്ട് എന്ന വാര്‍ത്തയെ തുടര്‍ന്ന് ഇന്ത്യയുടെ അതിര്‍ത്തിയില്‍ കനത്ത ജാഗ്രത പാലിക്കുന്നുണ്ട്. അതിര്‍ത്തിയിലെ സ്ഥിതി വിലയിരുത്താനും ബംഗ്ലാദേശിലെ ഇന്ത്യക്കാരുടേയും ഹിന്ദുക്കളുള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങളുടെയും സുരക്ഷ ഉറപ്പാക്കാനും ബിഎസ്എഫ് ഉന്നത ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ കഴിഞ്ഞദിവസം 5 അംഗ സമിതി രൂപീകരിച്ചിരുന്നു. ഈ സമിതി ബംഗ്ലാദേശിലെ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് നടപടികള്‍ സ്വീകരിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു.