ലെഫ്.ഗവര്‍ണറുടെ പ്രത്യേക അധികാരം ; ബിജെപിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ്
ഡല്‍ഹി: ജമ്മു കശ്മീരിലെ ബിജെപിയുടെ സര്‍പ്രൈസ് നീക്കം വിവാദത്തില്‍. ജമ്മു കശ്മീര്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് നിയമസഭയിലേക്ക് അഞ്ച് അംഗങ്ങളെ നാമനിര്‍ദേശം ചെയ്യാനുള്ള അധികാരം നല്‍കിയതാണ് ബിജെപിക്ക് തിരിച്ചടിയായത്. ഇതിനെതിരെ കോണ്‍ഗ്രസും സഖ്യകക്ഷിയായ നാഷണല്‍ കോണ്‍ഫറന്‍സും മെഹബൂബ മുഫ്തിയുടെ പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടിയും (പിഡിപി) രംഗത്തെത്തിയിട്ടുണ്ട്.ഇത് ജനഹിതത്തെ അട്ടിമറിക്കലാണെന്നും ബിജെപി നേട്ടമുണ്ടാക്കാന്‍ ഉപയോഗിക്കുമെന്നുമാണ് ബിജെപി ഇതര പാര്‍ട്ടികളുടെ വാദം. ഡീലിമിറ്റേഷന്‍ കമ്മീഷന്‍ കേന്ദ്രഭരണ പ്രദേശത്തെ സീറ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിച്ചതിന് ശേഷമാണ് ലെഫ്.ഗവര്‍ണര്‍ക്ക് പ്രത്യേക അധികാരം നല്‍കുന്ന നിയമം പ്രാബല്യത്തില്‍ വന്നത്. ജമ്മു മേഖലയില്‍ 43 സീറ്റുകളും കശ്മീര്‍ മേഖലയില്‍ 47 സീറ്റുകളും ഉള്‍പ്പെടെ ആകെ 90 സീറ്റുകളാണ് ജമ്മു കശ്മീരില്‍ ഉള്ളത്. കേവല ഭൂരിപക്ഷത്തിന് 46 സീറ്റുകളാണ് വേണ്ടത്.
Also Read ; ജമ്മു കശ്മീര്‍, ഹരിയാന തെരഞ്ഞടുപ്പ് ഫലം: വമ്പന്‍ മുന്നേറ്റവുമായി കോണ്‍ഗ്രസ്
ലെഫ്.ഗവര്‍ണറുടെ നീക്കത്തെ ശക്തമായി എതിര്‍ത്ത കോണ്‍ഗ്രസ്, അത്തരത്തിലുള്ള ഏതൊരു നീക്കവും ജനാധിപത്യത്തിനും ജനവിധിയ്ക്കും ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ക്കും മേലുള്ള കടന്നാക്രമണമാണെന്ന് കുറ്റപ്പെടുത്തി. നാമനിര്‍ദ്ദേശം നടന്നാല്‍ സുപ്രീം കോടതിയില്‍ പോകുമെന്ന് നാഷണല്‍ കോണ്‍ഫറന്‍സും വ്യക്തമാക്കിയിട്ടുണ്ട്. രണ്ട് സ്ത്രീകള്‍, രണ്ട് കശ്മീരി പണ്ഡിറ്റുകള്‍, പാക് അധീന കശ്മീരില്‍ നിന്ന് നാടുകടത്തപ്പെട്ട ഒരാള്‍ എന്നിങ്ങനെയാണ് ലെഫ്.ഗവര്‍ണര്‍ക്ക് നാമനിര്‍ദ്ദേശം ചെയ്യാന്‍ സാധിക്കുക. ലെഫ്.ഗവര്‍ണര്‍ മനോജ് സിന്‍ഹയ്ക്ക് പ്രത്യേക അധികാരം നല്‍കിയത് ബിജെപിയെ സര്‍ക്കാര്‍ രൂപീകരണത്തിന് സഹായിക്കുമെന്നാണ് പ്രധാന വിമര്‍ശനം.
അതേസമയം, എക്‌സിറ്റ് പോള്‍ ഫലങ്ങളിലാണ് കോണ്‍ഗ്രസ്-നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പ്രതീക്ഷയര്‍പ്പിക്കുന്നത്. ഭൂരിഭാഗം എക്‌സിറ്റ് പോള്‍ ഫലങ്ങളും കോണ്‍ഗ്രസ്-നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം അധികാരത്തിലെത്തുമെന്നാണ് പ്രവചിച്ചത്. എന്നാല്‍, താഴ്‌വരയില്‍ താമര വിരിയുമെന്നാണ് ബിജെപി വിശ്വസിക്കുന്നത്. ജമ്മു കശ്മീരില്‍ ബിജെപി ഒരിക്കലും ഒറ്റയ്ക്ക് സര്‍ക്കാര്‍ രൂപീകരിച്ചിട്ടില്ല. 2014-ലെ തെരഞ്ഞെടുപ്പിന് ശേഷം ബിജെപി പിഡിപിയുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിച്ചിരുന്നു. എന്നാല്‍ 2018-ല്‍ ഈ സഖ്യത്തില്‍ നിന്ന് പിന്മാറുകയും ചെയ്തു. തൊട്ടടുത്ത വര്‍ഷം തന്നെ ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുകയും സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തു. കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ ജമ്മു കശ്മീരില്‍ നടക്കുന്ന ആദ്യ നിയമസഭാ തെരഞ്ഞെടുപ്പാണിത്.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..