January 22, 2025
#kerala #Top Four

കാശ് കൊടുത്താല്‍ ബിജെപിയുടെ ‘മധുര പ്രതികാരം’ രാഹുലിന് കഴിക്കാം

ഡല്‍ഹി: ഹരിയാനയില്‍ ഹാട്രിക് വിജയം നേടിയതിന് പിന്നാലെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് ബിജെപി. ഒരു കിലോ ജിലേബി രാഹുല്‍ ഗാന്ധിയുടെ വസതിയിലേക്ക് ഓര്‍ഡര്‍ ചെയ്ത് അയച്ചാണ് ബിജെപി മധുര പ്രതികാരം ചെയ്തത്. പക്ഷേ, ഓര്‍ഡര്‍ ചെയ്ത ജിലേബി ക്യാഷ് ഓണ്‍ ഡെലിവറി ആണെന്ന് മാത്രം. അക്ബര്‍ റോഡിലുള്ള രാഹുല്‍ ഗാന്ധിയുടെ വസതിയിലേയ്ക്ക് കൊണാട്ട് പ്ലേസിലെ ബികാനെര്‍വാലയില്‍ നിന്നാണ് ജിലേബി ഓര്‍ഡര്‍ ചെയ്തത്.

Also Read ; അടിച്ചു മോനേ….. തിരുവോണം ബമ്പര്‍ ഭാഗ്യനമ്പര്‍ ഇതാ……

സ്വിഗ്ഗിയില്‍ നല്‍കിയ ഓര്‍ഡറിന്റെ സ്‌ക്രീന്‍ഷോട്ട് ഹരിയാന ബിജെപി സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. ഹരിയാനയിലെ എല്ലാ ബിജെപി പ്രവര്‍ത്തകരെയും പ്രതിനിധീകരിച്ചാണ് രാഹുലിന്റെ വസതിയിലേയ്ക്ക് ജിലേബി അയക്കുന്നത് എന്ന കുറിപ്പും സ്‌ക്രീന്‍ഷോട്ടിനൊപ്പം ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഹരിയാന നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വരുമെന്നായിരുന്നു ഭൂരിപക്ഷം എക്‌സിറ്റ് പോളുകളും പ്രവചിച്ചിരുന്നത്. വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ എക്‌സിറ്റ് പോളുകള്‍ ശരിവെയ്ക്കുന്ന രീതിയിലായിരുന്നു കോണ്‍ഗ്രസിന്റെ പ്രകടനവും. ഒരു ഘട്ടത്തില്‍ കോണ്‍ഗ്രസ് 70ന് മുകളില്‍ സീറ്റുകളില്‍ ലീഡ് ചെയ്യുമ്പോള്‍ ബിജെപി ഒറ്റ അക്കത്തിലേയ്ക്ക് ഒതുങ്ങുന്ന സാഹചര്യം പോലുമുണ്ടായി. വോട്ടെണ്ണല്‍ തുടങ്ങി ആദ്യ ഫലസൂചനകള്‍ പുറത്തുവന്നപ്പോള്‍ തന്നെ എഐസിസി ആസ്ഥാനത്ത് ആഘോഷ പരിപാടികള്‍ ആരംഭിച്ചിരുന്നു. ജിലേബി ഉള്‍പ്പെടെയുള്ള മധുരം വിതരണം ചെയ്തും പടക്കം പൊട്ടിച്ചുമൊക്കെ നിരവധി പ്രവര്‍ത്തകരാണ് എഐസിസി ആസ്ഥാനത്ത് തടിച്ചുകൂടിയത്.

എന്നാല്‍ അപ്രതീക്ഷിത കുതിപ്പുമായി ബിജെപി മുന്നേറിയതോടെ എഐസിസി ആസ്ഥാനത്തെ ആഘോഷം നിര്‍ത്തിവെയ്ക്കുന്ന കാഴ്ചയാണ് പിന്നീട് കാണാനായത്. കോണ്‍ഗ്രസിന്റെ വിജയസാധ്യതകളെ തകിടം മറിച്ചുകൊണ്ട് സംസ്ഥാനത്ത് ഹാട്രിക് വിജയം നേടിയതോടെ ബിജെപി പ്രവര്‍ത്തകര്‍ ആവേശത്തിലായി. ജിലേബി വിതരണം ചെയ്താണ് ബിജെപി പ്രവര്‍ത്തകരും വിജയം ആഘോഷമാക്കിയത്. ചില ബിജെപി നേതാക്കള്‍ ജിലേബി കഴിക്കുന്ന ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

Leave a comment

Your email address will not be published. Required fields are marked *