ഷാരോണ്‍ വധക്കേസ്: രണ്ട് വര്‍ഷത്തിന് ശേഷം ഇന്ന് വിചാരണ ആരംഭിക്കും

തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ വധക്കേസില്‍ വിചാരണ നടപടികള്‍ ഇന്ന് ആരംഭിക്കും. ഷാരോണ്‍ രാജ് കൊല്ലപ്പെട്ട് രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് നെയ്യാറ്റിന്‍കര സെഷന്‍സ് കോടതിയില്‍ വിചാരണ നടപടികള്‍ ആരംഭിക്കുന്നത്. കേസില്‍ 131 സാക്ഷികളെയാണ് കോടതി വിചാരണ ചെയ്യുന്നത്. ആകെ 142 സാക്ഷികളും 175 രേഖകളും 55 തൊണ്ടിമുതലുകളും ആണ് ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ഉള്ളത്.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
കേസിലെ ഒന്നാം പ്രതിയായ ഗ്രീഷ്മ കാമുകനായിരുന്ന ഷാരോണിനെ ഒഴിവാക്കി മറ്റൊരാളെ വിവാഹം കഴിക്കാനായി ആസൂത്രണം ചെയ്ത് നടപ്പാക്കിയ കൊലപാതകമാണെന്നാണ് പാറശ്ശാല പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ്. ഈ കേസ് പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.
ഒന്നാം പ്രതി ഗ്രീഷ്മയും മരിച്ച ഷാരോണും തമ്മില്‍ വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നു. മറ്റൊരാളുമായി വിവാഹം തീരുമാനിച്ചതോടെ യുവാവിനെ ഒഴിവാക്കാന്‍ ഗ്രീഷ്മ ശ്രമിക്കുകയായിരുന്നു. പലപ്പോഴായി ജ്യൂസില്‍ വിഷം കലര്‍ത്തി നല്‍കിയ ശേഷമായിരുന്നു കൊലപാതകം. ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഷാരോണ്‍ പിന്നീട് സുഖം പ്രാപിച്ചതോടെ വീട്ടില്‍ വിളിച്ചുവരുത്തി കഷായത്തില്‍ കീടനാശിനി കലര്‍ത്തി നല്‍കുകയായിരുന്നു. സാവധാനം ആന്തരിക അവയവങ്ങളെ ബാധിക്കുന്ന വിഷം ഇന്റര്‍നെറ്റില്‍ പരതി കണ്ടെത്തിയായിരുന്നു കൊലപാതകം ആസൂത്രണം ചെയ്തത്. തുടര്‍ന്ന് വീണ്ടും ആശുപത്രിയിലായ ഷാരോണ്‍ ചികിത്സയിലിരിക്കെ 11 ദിവസത്തിന് ശേഷമാണ് മരിക്കുന്നത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതോടെയാണ് കൊലപാതകമെന്ന സംശയം ബലപ്പെട്ടത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ പ്രതി ഗ്രീഷ്മ കുറ്റം സമ്മതിക്കുകയായിരുന്നു. ഷാരോണിന്റെ കൊലപാതകത്തിനുള്ള ഗൂഢാലോചനയില്‍ ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവന്‍ നിര്‍മ്മല കുമാരന്‍ നായര്‍ എന്നിവരും ഉള്‍പ്പെട്ടിരുന്നു.