‘കത്തില്‍ ആധികാരികതയില്ല, നാഥനില്ലാത്ത കത്ത് അവഗണിക്കേണ്ടതാണ് ‘: പാലക്കാട് ഡിസിസി പ്രസിഡന്റ്
പാലക്കാട്: പാലക്കാട്ടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി രാഹുല്‍ അല്ല മറിച്ച് കെ മുരളീധരന്‍ വരണമായിരുന്നു എന്ന തരത്തില്‍ കഴിഞ്ഞ ദിവസം പുറത്തുവന്ന കത്തില്‍ വ്യക്തതവരുത്തി പാലക്കാട് ഡിസിസി പ്രസിഡന്റ് എ തങ്കപ്പന്‍. നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായി പലരേയും ആവശ്യപ്പെട്ടുള്ള കത്ത് പോയിട്ടുണ്ടെന്നും കഴിഞ്ഞ ദിവസം പുറത്തു വന്ന കത്തില്‍ ആധികാരികതയില്ലെന്നും ഡിസിസി പ്രസിഡന്റ് പറഞ്ഞു. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് മുമ്പ് തന്നെ ഡിസിസി ആവശ്യപ്പെട്ട ലിസ്റ്റില്‍ വി ടി ബല്‍റാമും, കെ മുരളീധരനുമൊക്കെയുണ്ട്. ഇപ്പോള്‍ ഒറ്റക്കെട്ടായാണ് എല്ലാവരും മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം കോണ്‍ഗ്രസ് വിട്ട് പുറത്തുപോയി ഇപ്പോള്‍ എല്‍ഡിഎഫ് സ്വതന്ത്രസ്ഥാനാര്‍ത്ഥി പി സരിനെയും അദ്ദേഹം വിമര്‍ശിച്ചു. സരിന്‍ ഇപ്പോള്‍ ഞങ്ങളെ കുറ്റം പറയുകയാണ്. എപ്പോള്‍ വേണമെങ്കിലും സിപിഐഎമ്മിനെയും കുറ്റം പറയാമെന്നും എ തങ്കപ്പന്‍ വിമര്‍ശിച്ചു.
എ തങ്കപ്പന്റെ വാക്കുകള്‍
ആധികാരികതയില്ലാത്ത കത്താണത്. ഡിസിസി ആവശ്യപ്പെട്ട ലിസ്റ്റില്‍ വി ടി ബല്‍റാമും കെ മുരളീധരനും രാഹുല്‍ മാങ്കൂട്ടത്തിലുമുണ്ട്. അത് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുന്നതിന് മുമ്പുള്ള ആവശ്യമാണ്. ഇപ്പോള്‍ ഒറ്റക്കെട്ടായാണ് നമ്മള്‍ മുന്നോട്ട് പോകുന്നത്. പഴയൊരു ലെറ്റര്‍ കൊണ്ടുവന്നിട്ട് ഇപ്പോള്‍ എന്താണ് കാര്യം? കത്ത് കൊണ്ട് ഒന്നും വരാന്‍ പോകുന്നില്ല. നാഥനില്ലാത്ത കത്ത് അവഗണിക്കേണ്ടതാണ്. ആര്‍ക്ക് വേണമെങ്കിലും കത്ത് തയ്യാറാക്കാം. ഞങ്ങള്‍ അറിയാതെ വന്ന സ്ഥാനാര്‍ത്ഥി അല്ല രാഹുല്‍. സരിന്‍ ഞങ്ങളെ കുറ്റം പറയുകയാണ്. എപ്പോള്‍ വേണമെങ്കിലും ഇനി സിപിഐഎമ്മിനെയും സരിന്‍ കുറ്റം പറയും. ഒരു സംശയവും വേണ്ട, ഞങ്ങള്‍ ജയിക്കും. 23 വരെ സരിന്‍ സ്വപ്നവും കണ്ട് കിടക്കട്ടെ.
അതേസമയം, ഡിസിസി പ്രസിഡന്റിന്റെ കത്ത് ആയുധമാക്കാനാണ് എല്‍ഡിഎഫിന്റെയും എന്‍ഡിഎയുടെയും തീരുമാനം. കെ മുരളീധരനെ വഞ്ചിച്ചെന്ന് ഇരുമുന്നണികളും ഇതിനോടകം തന്നെ ആരോപണം ഉന്നയിച്ചു കഴിഞ്ഞു. കെ കരുണാകരന്റെ കുടുംബത്തെ അപമാനിച്ച രാഹുലിനെ സ്ഥാനാര്‍ത്ഥിയാക്കിയത് മുരളീധരനെ പൂര്‍ണ്ണമായും വഞ്ചിച്ചതിന്റെ തെളിവാണെന്നാണ് ബിജെപി, സിപിഐഎം നേതൃത്വത്തിന്റെ പ്രതികരണം. ഡിസിസി അധ്യക്ഷന്റെ കത്ത് തുടര്‍ ദിവസങ്ങളില്‍ പാലക്കാട് പ്രധാന ചര്‍ച്ചാ വിഷയമാകും.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..