ഉത്തർപ്രദേശിൽ ആശുപത്രിയില്‍ തീപിടുത്തം ; 10 നവജാത ശിശുക്കള്‍ മരിച്ചു, 16 പേരുടെ നില ഗുരുതരം

ലക്‌നൗ: ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ മഹാറാണി ലക്ഷ്മി ബായ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീപിടുത്തത്തില്‍ 10 നവജാത ശിശുക്കള്‍ മരിച്ചു. നവജാത ശിശുക്കള്‍ക്കായുള്ള തീവ്രപരിചരണ വിഭാഗത്തിലാണ് തീപിടുത്തം ഉണ്ടായത്. അപകടത്തില് 16 നവജാത ശിശുക്കളുടെ അവസ്ഥ ഗുരുതരമാണ്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. അന്‍പതോളം കുഞ്ഞുങ്ങളാണ് അപകടസമയത്ത് തീവ്ര പരിചരണ വിഭാഗത്തിലുണ്ടായിരുന്നത്.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
സംഭവം അങ്ങേയറ്റം ദുഃഖകരവും ഹൃദയഭേദകവുമാണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എക്‌സില്‍ കുറിച്ചു. രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കാന്‍ ജില്ലാ ഭരണകൂടത്തിനും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവത്തില്‍ ഉന്നതതല അന്വേഷണത്തിന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിട്ടു. ആരോഗ്യ വകുപ്പും പ്രത്യേകം അന്വേഷണം നടത്തും. ഇന്നലെ രാത്രി പത്തരയ്ക്കായിരുന്നു അപകടം ഉണ്ടായത്.