വളപട്ടണത്തെ വന്‍ കവര്‍ച്ച; പ്രതി ലിജീഷ് മോഷണമുതല്‍ ഒളിപ്പിച്ചത് സ്വന്തം വീട്ടില്‍
കണ്ണൂര്‍: വളപട്ടണത്തെ വന്‍ കവര്‍ച്ചയില്‍ പിടിയിലായ പ്രതി ലിജീഷ് മോഷണ മുതല്‍ ഒളിപ്പിച്ചത് സ്വന്തം വീട്ടില്‍ തന്നെ. വെല്‍ഡിങ് തൊഴിലാളിയായ ഇയാള്‍ കട്ടിലിന്റെ അടിഭാഗത്ത് പ്രത്യേക അറയുണ്ടാക്കിയാണ് പണവും സ്വര്‍ണവും സൂക്ഷിച്ചതെന്ന് കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ആര്‍ അജിത് കുമാര്‍ അറിയിച്ചു. ശനിയാഴ്ചയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കീച്ചേരി മോഷണ കേസിലും പ്രതിക്ക് പങ്കുണ്ടെന്ന് പോലീസ് അറിയിച്ചു. പ്രതി കുറ്റസമ്മതം നടത്തിയതായും കമ്മീഷണര്‍ വ്യക്തമാക്കി.
Also Read; പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സമയം തീരുമാനമായില്ല; വിഴിഞ്ഞം തുറമുഖത്തിന്റെ കമ്മീഷനിങ് വൈകും
സംസ്ഥാനത്ത് വീട് കുത്തിത്തുറന്ന് നടത്തിയ ഏറ്റവും വലിയ കവര്‍ച്ചയാണിതെന്നും പോലീസ് വ്യക്തമാക്കുന്നു. 1.21 കോടി രൂപയും 267 പവന്‍ സ്വര്‍ണവുമാണ് പ്രതിയുടെ വീട്ടില്‍ നിന്ന് കണ്ടെടുത്തത്. നവംബര്‍ 19 ന് രാവിലെ അഷ്റഫും കുടുബവും വീട് പൂട്ടി മധുരയില്‍ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു. അഷ്റഫിന്റെ വീട് നിരന്തരം നിരീക്ഷിച്ചിരുന്ന ലിജീഷ് ഇതൊരു അവസരമായി ഉപയോഗിച്ചു. 20 തിയതി തന്നെ മോഷണം നടത്തുകയായിരുന്നു. 40 മിനുറ്റുകൊണ്ട് അതീവ ശ്രദ്ധയോടെയാണ് ലിജീഷ് ഇത്രയും പണവും സ്വര്‍ണവും കവര്‍ന്നത്. 21ന് അഷ്റഫിന്റെ വീട്ടില്‍ വീണ്ടുമെത്തി മറന്നു വെച്ച ആയുധം എടുക്കുകയും ചെയ്തു.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
വീട്ടിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് നിര്‍ണായക സൂചന കിട്ടിയത്. സിസിടിവിയില്‍ പെടാതിരിക്കാന്‍ പരമാവധി ശ്രദ്ധിച്ചാണ് പ്രതി കൃത്യം നടത്തിയത്. ഇതില്‍ ഒരു ക്യാമറ ലിജീഷ് തന്നെ തിരിച്ചു വച്ചിരുന്നു. അബദ്ധത്തില്‍ ക്യാമറ മുറിയിലേക്ക് ഫോക്കസ് ചെയ്യുന്ന രീതിയിലായി. ഈ ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു. ഇതാണ് നിര്‍ണായകമായത്. കഷണ്ടിയുള്ള ആളാണ് മോഷണം നടത്തിയതെന്ന് ദൃശ്യങ്ങളിലൂടെ വ്യക്തമായി. ഈ ഒരു കാര്യം പ്രത്യേകമായി ശ്രദ്ധിച്ചുകൊണ്ടാണ് അന്വേഷണം നടത്തിയത്. ഇതില്‍ നിന്നാണ് പ്രതിയിലേക്ക് എത്തിയത്. പ്രതിയുടെ വിരലടയാളടവും മാച്ചായി. ഇതോടെ അറസ്റ്റ് രേഖപ്പെടുത്തി. വെല്‍ഡിങ് തൊഴിലാളിയായതിനാല്‍ ജനല്‍ എങ്ങനെ തകര്‍ക്കണമെന്നതില്‍ അടക്കം ഇയാള്‍ക്ക് നല്ല വൈദഗ്ധ്യം ഉണ്ടായിരുന്നുവെന്ന് കമ്മീഷണര്‍ പറയുന്നു. ഇതുമായി ബന്ധപ്പെട്ട ആയുധങ്ങളും വീട്ടില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്.