ആലപ്പുഴ അപകടം ; കാറോടിച്ച എംബിബിഎസ് വിദ്യാര്‍ത്ഥിയെ പ്രതി ചേര്‍ക്കണമെന്ന് പോലീസ് റിപ്പോര്‍ട്ട്
ആലപ്പുഴ: ആലപ്പുഴ കളര്‍കോട് കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മരിച്ച സംഭവത്തില്‍ അപകടസമയത്ത് വാഹനം ഓടിച്ച വിദ്യാര്‍ത്ഥിയെ പ്രതി ചേര്‍ക്കണമെന്ന് പോലീസ് റിപ്പോര്‍ട്ട്. സംഭവവുമായി ബന്ധപ്പെട്ട് കോടതിയില്‍ പോലീസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. അതേസമയം അപകടത്തിന്റെ പ്രാഥമിക വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ആദ്യം കെഎസ്ആര്‍ടിസി ഡ്രൈവറെ പ്രതിയാക്കിയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതെന്നും റിപ്പോര്‍ട്ടിലുണ്ട്. കോടതി നിര്‍ദേശ പ്രകാരം ടവേര കാര്‍ ഓടിച്ച മെഡിക്കല്‍ വിദ്യാര്‍ത്ഥി ഗൗരിശങ്കറെ പ്രതിയാക്കും.
കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് നാടിനെയാകെ നൊമ്പരത്തിലാഴ്ത്തിയ ദാരുണമായ വാഹനാപകടം ഉണ്ടായത്. ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജിലെ എംബിബിഎസ് വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പ്പെട്ടത്. പാലക്കാട് സ്വദേശി ശ്രീദേവ് വത്സന്‍, മലപ്പുറം കോട്ടക്കല്‍ സ്വദേശി ദേവനന്ദന്‍, കണ്ണൂര്‍ സ്വദേശി മുഹമ്മദ് അബ്ദുല്‍ ജബ്ബാര്‍, ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇബ്രാഹിം, കോട്ടയം സ്വദേശി ആയുഷ് ഷാജി എന്നിവരാണ് അപകടത്തില്‍ മരിച്ചത്. രണ്ട് മാസം മുമ്പാണ് അഞ്ച് പേരും ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ എംബിബിഎസിന് ചേര്‍ന്നത്. ആലപ്പുഴയിലേക്ക് സിനിമയ്ക്ക് പോകുകയായിരുന്നു യുവാക്കള്‍. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം തെറ്റി എതിരെ വന്ന കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസിലേക്ക് ഇടിച്ചു കയറുകയായിരുന്നു. കാര്‍ വെട്ടിപ്പൊളിച്ചാണ് വിദ്യാര്‍ത്ഥികളെ പുറത്ത് എടുത്തത്. കാറില്‍ മൊത്തം 11 പേരുണ്ടായിരുന്നു. അപകടത്തില്‍ അഞ്ച് പേര്‍ മരിക്കുകയും മറ്റ് ആറ് പേര്‍ ചികിത്സയില്‍ തുടരുകയുമാണ്. ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്. ബസ് യാത്രക്കാരായ രണ്ട് സ്ത്രീകളും അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലാണ്.
വാഹനാപകടത്തിലേക്ക് നയിച്ചത് പ്രതികൂല കാലാവസ്ഥയും ഡ്രൈവിങ്ങിലെ പരിചയക്കുറവുമാണെന്നാണ് ഗതാഗത വകുപ്പിന്റെ കണ്ടെത്തല്‍. കനത്ത മഴയും, വാഹനം ഓടിച്ച ആളുടെ പരിചയകുറവും, ഓവര്‍ ലോഡും, വാഹനത്തിന്റെ കാലപ്പഴക്കവുമാണ് അപകടത്തിന്റെ ആഘാതം വര്‍ദ്ധിപ്പിച്ചതെന്ന് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ പറയുന്നു.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..