‘സംസ്ഥാനം ചെയ്യേണ്ടത് എന്തുകൊണ്ട് ചെയ്യുന്നില്ല’; മുഖ്യമന്ത്രിക്കെതിരെ വി മുരളീധരന്‍
തിരുവനന്തപുരം: വയനാട് ദുരന്ത നിവാരണത്തില്‍ മുഖ്യമന്ത്രിയേയും സംസ്ഥാന സര്‍ക്കാരിനേയും വീണ്ടും വിമര്‍ശിച്ച് വി മുരളീധരന്‍.ദുരന്ത നിവാരണത്തിന്റെ പ്രാഥമിക ഉത്തരവാദിത്തം സംസ്ഥാനത്തിനാണെന്നും അതേക്കുറിച്ചുള്ള അടിസ്ഥാന ധാരണ ഇല്ലാത്തത് മുഖ്യമന്ത്രി പിണറായി വിജയനാണെന്നും വി മുരളീധരന്‍ പറഞ്ഞു. എത്ര തുക വേണ്ടി വരും എന്ന ഹൈക്കോടതിയുടെ ചോദ്യത്തിന് ഉത്തരമില്ല. റവന്യൂ വകുപ്പിന്റെ കയ്യില്‍ പോലും കണക്കില്ലെന്നും വി മുരളീധരന്‍ കുറ്റപ്പെടുത്തി.
വയനാടിന് എത്ര തുക കൊടുത്തു, എത്ര കൊടുക്കാന്‍ കഴിയും എന്നാണ് ഹൈക്കോടതി ചോദിച്ചത്. സംസ്ഥാനം ചെയ്യേണ്ടത് എന്തുകൊണ്ട് ചെയ്യുന്നില്ലെന്നും അദ്ദേഹം ചോദിച്ചു. കടങ്ങള്‍ എഴുതിത്തള്ളണം എന്ന് മുഖ്യമന്ത്രി പറയുന്നു. പക്ഷേ സര്‍ക്കാരിന്റെ കയ്യില്‍ കണക്കില്ല. എത്ര എഴുതി തള്ളണം എന്ന് അറിയില്ല. കടം എത്ര ഉണ്ട് എന്ന കണക്കും സര്‍ക്കാരിന് അറിയില്ല. ഒരു മുന്‍ എംഎല്‍എയുടെ കുടുംബത്തിന്റെ കടം വീട്ടാന്‍ ദുരിതാശ്വാസ ഫണ്ട് എടുത്തുവെന്നും മുരളീധരന്‍ ആരോപിച്ചു.
നവംബര്‍ 13-നാണ് റിപ്പോര്‍ട്ട് കൊടുത്തത്. ഒരുമാസം പോലും ആയില്ല. കേന്ദ്ര സര്‍ക്കാരിന് ഒരു മാസം പോലും തന്നില്ലെന്നും
വി മുരളീധരന്‍ പറഞ്ഞു. വീട് പണിയാന്‍ സര്‍ക്കാര്‍ സ്ഥലം കണ്ടെത്തിയോ? പണം വേണമെന്ന് പറയുന്നു, പക്ഷേ സ്ഥലം എവിടെ എന്ന് പറയുന്നില്ല. ദുരിതാശ്വാസ നിധിയില്‍ 688 കോടി കിട്ടിയതില്‍ 7 കോടി മാത്രമാണ് ചെലവാക്കിയത്. ഇത് ഉരുള്‍പൊട്ടല്‍ നടന്ന ശേഷം പിരിച്ചതാണെന്നും മുരളീധരന്‍ ചൂണ്ടിക്കാണിച്ചു.
ബാക്കി ചെലവാക്കുന്നതില്‍ ഒരു പ്ലാനും ഇല്ല. കേരളത്തോട് രാഷ്ട്രീയ വിവേചനം കാണിക്കുന്നു എന്നാണ് പറയുന്നത്. ഡിസംബറില്‍ കൊടുക്കേണ്ടത് ഒക്ടോബറില്‍ കൊടുത്തത് ദുരന്തം നടന്നത് കൊണ്ടാണ്. ബിഹാറിന് 11500 കോടി കൊടുത്തത് ബജറ്റിലാണ്. അതിന് ദുരന്തവുമായി ബന്ധമില്ല. മുഖ്യമന്ത്രി ഇന്നലെ നടത്തിയ പരാമര്‍ശം അടിസ്ഥാന ധാരണ ഇല്ലാത്തതിനാലാണെന്നും അദ്ദേഹം ആരോപിച്ചു.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..