കോണ്‍ഗ്രസില്‍ കരുത്താര്‍ജിക്കാനൊരുങ്ങി ചെന്നിത്തല; എന്‍എസ്എസിന് പിന്നാലെ എസ്എന്‍ഡിപിയുടെ പരിപാടിയിലേക്കും ക്ഷണം
തിരുവനന്തപുരം: എന്‍എസ്എസിന് പിന്നാലെ എസ്എന്‍ഡിപിയുടെ പരിപാടിയിലേക്കും കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയ്ക്ക് ക്ഷണം ലഭിച്ചു. ഈ മാസം 28ന് വൈക്കം ആശ്രമം ഹൈസ്‌കൂളില്‍ നിന്നാണ് ശിവഗിരി തീര്‍ത്ഥാടന പദയാത്ര ആരംഭിക്കുന്നത്. ഇത് സംബന്ധിച്ച സമ്മേളനം എസ്എന്‍ഡിപി ശക്തികേന്ദ്രമായ വൈക്കത്ത് നടക്കുന്നുണ്ട്. ഈ സമ്മേളനമാണ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുന്നത്. ഇതോടെ സാമുദായിക സംഘടനകളെ ഒപ്പം കൂട്ടി കോണ്‍ഗ്രസില്‍ കരുത്താര്‍ജിക്കാനൊരുങ്ങുകയാണ് ചെന്നിത്തല.
Also Read; രാമക്ഷേത്രം ഒരു വികാരമായിരുന്നു, അത് എല്ലായിടത്തും ഉദാഹരണമാക്കേണ്ടതില്ല : മോഹന്‍ ഭാഗവത്
കോണ്‍ഗ്രസിനോട് ഇടഞ്ഞുനില്‍ക്കുന്നകാലത്തും രമേശ് ചെന്നിത്തലയുമായി എസ്എന്‍ഡിപിയും എന്‍എസ്എസും അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. ശക്തികേന്ദ്രമായ വൈക്കത്തെ പരിപാടി ഉദ്ഘാടനം ചെയ്യുന്നതോടെ രാഷ്ട്രീയത്തിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്താനാണ് ചെന്നിത്തലയുടെ നീക്കമെന്ന രീതിയിലുള്ള ചര്‍ച്ചകളും സജീവമാണ്. കഴിഞ്ഞ ദിവസം മന്നം ജയന്തി ആഘോഷങ്ങള്‍ക്ക് മുഖ്യപ്രഭാഷണം നടത്താനായി രമേശ് ചെന്നിത്തലയെ എന്‍എസ്എസ് ക്ഷണിച്ചിരുന്നു. ഇതോടെ വര്‍ഷങ്ങളായുള്ള അകല്‍ച്ചയ്ക്കാണ് അവസാനമായത്.
എന്‍എസ്എസും രമേശ് ചെന്നിത്തലയും തമ്മില്‍ എട്ട് വര്‍ഷമായി അകല്‍ച്ചയില്‍ ആയിരുന്നു. 2013ല്‍ ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ ചെന്നിത്തലയെ താക്കോല്‍ സ്ഥാനത്ത് കൊണ്ടുവരണമെന്നും അല്ലെങ്കില്‍ ഭൂരിപക്ഷ ജനവിഭാഗം സര്‍ക്കാരിനെ തുടരാന്‍ അനുവദിക്കില്ലെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ പറഞ്ഞിരുന്നു. ഇത് വലിയ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. സുകുമാരന്‍ നായരെ തള്ളി അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രംഗത്തുവന്നിരുന്നു. പിന്നാലെ തന്റെ മതേതര മുഖത്തെ ചോദ്യം ചെയ്യുന്ന പരാമര്‍ശം എന്ന് പറഞ്ഞ് രമേശ് ചെന്നിത്തലയും സുകുമാരന്‍ നായരെ തള്ളി പറഞ്ഞു. ഇതോടെയാണ് എന്‍എസ്എസും രമേശ് ചെന്നിത്തലയും തമ്മില്‍ അകല്‍ച്ചയിലായത്.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..