മകരവിളക്കിനൊരുങ്ങി ശബരിമല; നാല്‍പ്പതോളം കേന്ദ്രങ്ങളിലെ ഒരുക്കങ്ങള്‍ പൂര്‍ണം

ശബരിമല: മകരവിളക്ക് ദര്‍ശനത്തിനായി പതിനായിരക്കണക്കിന് തീര്‍ഥാടകര്‍ ശബരിമലയിലെ നാല്‍പ്പതോളം കേന്ദ്രങ്ങളില്‍ തമ്പടിച്ചിരിക്കുകയാണ്. ഇവരുടെ സുരക്ഷക്കായി ശക്തമായ സുരക്ഷാക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. പോലീസിന്റെയും വനംവകുപ്പിന്റെയും റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സിന്റെയും മറ്റു സര്‍ക്കാര്‍ സംവിധാനങ്ങളുടെയും നേതൃത്വത്തില്‍ ബാരിക്കേഡുകള്‍ കെട്ടിയും വെളിച്ചത്തിനായുള്ള സംവിധാനങ്ങളൊരുക്കിയും സുരക്ഷയൊരുക്കിയിട്ടുണ്ട്. അതേസമയം മകരവിളക്ക് ദര്‍ശിക്കുന്നതിനായി കെട്ടിടങ്ങള്‍ക്കും മരങ്ങള്‍ക്കും മുകളില്‍ കയറുന്നതിന് കര്‍ശനമായ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Also Read; പി വി അന്‍വറിന് വീണ്ടും വക്കീല്‍ നോട്ടീസ് അയച്ച് പി ശശി
പാണ്ടിത്താവളം ഭാഗത്ത് തമ്പടിച്ചിരിക്കുന്ന തീര്‍ഥാടകര്‍ക്ക് ഭക്ഷണം നല്‍കുന്നതിനായി ദേവസ്വം ബോര്‍ഡിന്റെ നേതൃത്വത്തില്‍ അന്നദാന കൗണ്ടറുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു. മകരവിളക്ക് ദര്‍ശനം കഴിഞ്ഞ് പമ്പയിലേക്ക് മടങ്ങുന്നവര്‍ പോലീസിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. അപകടങ്ങളുണ്ടാകാതിരിക്കാന്‍ എല്ലാവരും സ്വയം നിയന്ത്രിക്കണമെന്നും നിര്‍ദേശമുണ്ട്.
സന്നിധാനത്ത് പാണ്ടിത്താവളം, ഇന്‍സിനറേറിന്റെ പരിസരം, മാളികപ്പുറം, അന്നദാന മണ്ഡപത്തിന്റെ മുന്‍വശം, കൊപ്രാക്കളം, ആഴിയുടെ പരിസരം, കെഎസ്ഇബി കെട്ടിട സമുച്ചയത്തിന് സമീപം, ഫോറസ്റ്റ് ഐബിയുടെ പരിസരം, ഫോറസ്റ്റ് ഓഫീസ് കോംപ്ലക്സിന്റെ പരിസരങ്ങള്‍, വാട്ടര്‍ അതോറിറ്റി ഗസ്റ്റ് ഹൗസ് പരിസരം, മാംഗുണ്ട അയ്യപ്പ നിലയത്തിന് സമീപം കെട്ടിടങ്ങള്‍ പൊളിച്ചു നീക്കിയ സ്ഥലം, ജലസംഭരണിക്ക് സമീപം, മരാമത്ത് കെട്ടിടത്തിനും അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസിലും മധ്യേയുള്ള വരാന്ത, ദേവസ്വം ഗസ്റ്റ് ഹൗസിന് മുന്‍വശം, സ്വാമി അയ്യപ്പന്‍ റോഡില്‍ മരക്കൂട്ടത്തിനും ചരല്‍മേടിനും മധ്യേ, ശബരി പീഠത്തിന് സമീപം, പമ്പ ഹില്‍ടോപ്പ്, ചാലക്കയം, പാഞ്ചാലിമേട്, പരുന്തുംപാറ, അട്ടത്തോട്, ഇലവുങ്കല്‍, പമ്പാവാലിയിലെ നെല്ലിമല, അയ്യന്‍മല, ആങ്ങാമുഴി, പഞ്ഞിപ്പാറ എന്നിവിടങ്ങളിലാണ് മകരവിളക്ക് ദര്‍ശനത്തിനായി സൗകര്യമൊരുക്കിയിരിക്കുന്നത്.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..