അനന്തുകൃഷ്ണനുമായി അടുത്ത ബന്ധമെന്ന് മന്ത്രി വി ശിവന്‍കുട്ടി പ്രസംഗിക്കുന്ന വീഡിയോ പുറത്തുവിട്ട് നജീബ് കാന്തപുരം എംഎല്‍എ

മലപ്പുറം: പകുതി വില തട്ടിപ്പ് കേസ് പ്രതി അനന്തു കൃഷ്ണനുമായി അടുത്ത ബന്ധമെന്ന് മന്ത്രി വി ശിവന്‍കുട്ടി പ്രസംഗിക്കുന്ന വീഡിയോ പുറത്തുവിട്ട് നജീബ് കാന്തപുരം എംഎല്‍എ. മന്ത്രിയെ വിശ്വസിച്ചാണ് താന്‍ പദ്ധതിയെ വിശ്വസിച്ചതെന്ന് നജീബ് കാന്തപുരം പറയുന്നു. പകുതി വില തട്ടിപ്പ് കേസില്‍ നജീബ് കാന്തപുരത്തിനെതിരെയും കേസെടുത്തതിന് പിന്നാലെയാണ് വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്.
Also Read; പാതിവില തട്ടിപ്പില്‍ ആനന്ദകുമാറിനെ മുഖ്യപ്രതിയാക്കും; എന്‍ജിഒ കോണ്‍ഫെഡറേഷനും പിടിവീഴും
‘എന്നെ ഈ പരിപാടിക്ക് വിളിച്ചത്, അനന്തുവുമായി നല്ലോണം ബന്ധമുള്ള കക്ഷിയാണ്. പഞ്ചായത്ത് പ്രസിഡന്റ് ശ്രീകുമാറുമായി നല്ല ബന്ധമാണ്. പുതിയ സന്നദ്ധ സംഘടനയെന്ന് പറഞ്ഞാല്‍ പെട്ടെന്ന് പുതിയകാലത്ത് വിശ്വസിക്കാന്‍ പറ്റില്ല. മാധ്യമങ്ങള്‍ അഗ്രസീവാണ്. രാമചന്ദ്രന്‍ സാറും ആനന്ദകുമാര്‍ സാറും നേതൃത്വത്തിലുള്ളതുകൊണ്ട് യാതൊരു ബുദ്ധിമുട്ടും ഉണ്ടാവില്ലെന്ന് അറിയാം’, വി ശിവന്‍കുട്ടി പറഞ്ഞു. 2023 ആഗസ്റ്റ് 27 ന് നാഷണല്‍ എന്‍ജിഒ കോണ്‍ഫെഡറേഷന്‍ സംസ്ഥാനതല ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്ന വീഡിയോ ആണ് നജീബ് കാന്തപുരം പുറത്തുവിട്ടത്. കേസില്‍ ഞങ്ങളാണോ അല്ലെങ്കില്‍ ഞങ്ങളെ ഇതിലേക്ക് നയിച്ച മന്ത്രിയാണോ കുറ്റവാളിയെന്ന് നജീബ് കാന്തപുരം ചോദിക്കുന്നു.
സമാന ആരോപണം കഴിഞ്ഞ ദിവസവും എംഎല്‍എ ഉയര്‍ത്തിയിരുന്നു. ‘2023 ലെ എന്‍ജിഒ ഓഫീസ് ഉദ്ഘാടനം ചെയ്യുന്നത് മന്ത്രി വി ശിവന്‍കുട്ടിയാണ്. അനന്തു കൃഷ്ണന്‍ തനിക്ക് നല്ല ബന്ധമുള്ള വ്യക്തിയെന്നും സര്‍ക്കാരിന്റെ എല്ലാ പിന്തുണയും ഈ സംഘടനക്ക് ഉണ്ടെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. മന്ത്രി പറഞ്ഞതിന് ശേഷം 2024 ലാണ് തങ്ങള്‍ അംഗമാകുന്നത്. തങ്ങള്‍ക്ക് എതിരെയാണോ അതോ ഞങ്ങളെ ഇതിലേക്ക് പ്രോത്സാഹിപ്പിച്ച മന്ത്രിക്ക് എതിരെയാണോ ആദ്യ കേസ് എടുക്കേണ്ട’തെന്നും എംഎല്‍എയുടെ ചോദിച്ചു. ഒരു കോടി 80 ലക്ഷം രൂപയാണ് ഫൗണ്ടേഷന്‍ വഴി കൈമാറിയതില്‍ കിട്ടാനുള്ളത്. മന്ത്രിയെ കണ്ടാണ് താന്‍ പൈസ കൊടുത്തത് എന്നും നജീബ് കാന്തപുരം പറഞ്ഞിരുന്നു.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
പുലാമന്തോള്‍ സ്വദേശി അനുപമയുടെ പരാതിയിലാണ് കഴിഞ്ഞദിവസം നജീബ് കാന്തപുരം എംഎല്‍എക്കെതിരെ പെരിന്തല്‍മണ്ണ പോലീസ് കേസെടുത്തത്. 2024 സെപ്തംബര്‍ 25 നാണ് എംഎല്‍എയുടെ ഓഫീസിലെത്തി പണം നല്‍കിയത്. 40 ദിവസം കഴിഞ്ഞാല്‍ ലാപ്‌ടോപ് ലഭിക്കുമെന്നാണ് വിശ്വസിപ്പിച്ചത്. എന്നാല്‍ പണമോ ലാപ്‌ടോപോ ലഭിക്കാതെ വന്നതോടെ പരാതി നല്‍കുകയായിരുന്നു. നജീബ് കാന്തപുരം എംഎല്‍എ നേതൃത്വം നല്‍കുന്ന പദ്ധതിയാണെന്ന വിശ്വാസത്താലാണ് മുന്‍കൂര്‍ പണം അടച്ചതെന്ന് അനുപമയുടെ പിതാവ് പറയുന്നു.