മോര്‍ച്ചറിയില്‍ നിന്നും ജീവിതത്തിലേക്ക് തിരിച്ചുവന്ന വയോധികന്‍ ഒടുവില്‍ മരിച്ചു

കണ്ണൂര്‍: മോര്‍ച്ചറിയില്‍നിന്ന് ജീവന്റെ തുടിപ്പ് കണ്ടെത്തി ജീവിതത്തിലേക്ക് തിരിച്ചെത്തിയ വയോധികന്‍ ഒടുവില്‍ മരണത്തിന് കീഴടങ്ങി. കൂത്തുപറമ്പ് പാച്ചപൊയ്ക വനിത ബാങ്കിന് സമീപം പുഷ്പാലയം വീട്ടില്‍ വെള്ളുവക്കണ്ടി പവിത്രന്‍ (67) ആണ് മരിച്ചത്. കൂത്തുപറമ്പ് വീട്ടില്‍ തിങ്കളാഴ്ചയായിരുന്നു അന്ത്യം. കഴിഞ്ഞ ജനുവരി 13ന് മരിച്ചുവെന്ന് കരുതി മോര്‍ച്ചറിയിലേക്ക് മാറ്റുന്നതിനിടെയാണ് പവിത്രന് ജീവനുണ്ടെന്ന് തിരിച്ചറിഞ്ഞത്.
Also Read; വീണ്ടും കാട്ടാന ആക്രമണം; വയനാട് നൂല്‍പ്പുഴയില്‍ യുവാവിന് ദാരുണാന്ത്യം
മംഗളൂരുവിലെ ആശുപത്രിയില്‍നിന്ന് മരിച്ചെന്ന് പറഞ്ഞ് കണ്ണൂരിലേക്ക് കൊണ്ടുവരികയായിരുന്ന പവിത്രനെ കണ്ണൂര്‍ എ.കെ.ജി സഹകരണ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റുമ്പോള്‍ ജീവനക്കാരാണ് ജീവനുണ്ടെന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് 11 ദിവസത്തെ ചികിത്സക്കുശേഷം ആരോഗ്യം ഭേദമായി ആശുപത്രി വിട്ടിരുന്നു.
അന്ന് പവിത്രന്റെ മരണവാര്‍ത്ത പത്രങ്ങളിലും വന്നിരുന്നു. ശ്വാസരോഗത്തെതുടര്‍ന്ന് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു പവിത്രന്‍ ചികിത്സ തേടിയിരുന്നത്. വാസുവിന്റെയും വി.കെ ദേവകിയുടെയും മകനാണ്. ഭാര്യ: സുധ (വക്കീല്‍ ക്ലര്‍ക്ക്, തലശ്ശേരി). സഹോദരങ്ങള്‍: പുഷ്പ (അധ്യാപിക, കതിരൂര്‍ വെസ്റ്റ് എല്‍.പി സ്‌കൂള്‍), രഘുനാഥന്‍, സഗുണ (കേരള ബാങ്ക്)