കഴക പ്രവര്‍ത്തിയില്‍ നിന്നൊഴിവാക്കണം; ഓഫീസ് ജോലിയില്‍ തുടരാന്‍ അനുവദിക്കണമെന്ന് അപേക്ഷ നല്‍കി ബാലു

തൃശൂര്‍: കൂടല്‍മാണിക്യം ക്ഷേത്രത്തിലെ കഴക പ്രവര്‍ത്തിയില്‍ നിന്നൊഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ബാലു അപേക്ഷ നല്‍കി. മാനേജിങ് കമ്മിറ്റിക്കാണ് അഡ്മിനിസ്‌ട്രേറ്റര്‍ മുഖേന ബാലു അപേക്ഷ നല്‍കിയിരിക്കുന്നത്. നിലവിലെ ഓഫീസ് ജോലി തുടരാന്‍ അനുവദിക്കണമെന്നും താല്‍ക്കാലിക സംവിധാനം തുടരണമെന്നുമാണ് അപേക്ഷയിലുള്ളതെന്നും ബാലു പറഞ്ഞു.
എന്നാല്‍ ബാലുവിന്റെ കത്ത് ലഭിച്ചിട്ടില്ലെന്ന് ദേവസ്വം ചെയര്‍മാന്‍ സി കെ ഗോപി പറഞ്ഞു. കത്ത് ലഭിച്ചാല്‍ മാനേജിങ് കമ്മിറ്റി ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും കമ്മിറ്റി തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡിനും സര്‍ക്കാരിനും കത്ത് കൈമാറുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം കൂടല്‍മാണിക്യ ദേവസ്വത്തിന് തസ്തിക മാറ്റാന്‍ അധികാരമില്ലെന്നും ദേവസ്വം ചെയര്‍മാന്‍ കൂട്ടിച്ചേര്‍ത്തു.
ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ കഴക ജോലികള്‍ക്കായി ആളെ നിയമിക്കുന്നതിന് ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് പരീക്ഷ നടത്തിയിരുന്നു. ഇത് വിജയിച്ചാണ് തിരുവനന്തപുരം ആര്യനാട് സ്വദേശി ബാലു ജോലിയില്‍ പ്രവേശിച്ചത്. ഇക്കഴിഞ്ഞ ഫെബ്രുവരി 21ന് ഇദ്ദേഹം ചുമതലയേറ്റു. ഇതിന് പിന്നാലെയാണ് വിവാദം ഉയര്‍ന്നത്. ബാലു ഈഴവ സമുദായ അംഗമായതിനാല്‍ കഴക ജോലികളില്‍ നിന്ന് മാറ്റി നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് തന്ത്രിമാരും വാര്യര്‍ സമാജവും രംഗത്തെത്തുകയായിരുന്നു.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
ഇതോടെ ഇനി കഴകം തസ്തികയിലേക്ക് താനില്ലെന്നും ക്ഷേത്രത്തില്‍ ഒരു പ്രശ്‌നം വേണ്ടെന്നുമായിരുന്നു ബാലുവിന്റെ പ്രതികരണം. ‘ആ തസ്‌കികയിലേക്ക് ഇനിയില്ല. ഇതെന്റെ മാത്രം തീരുമാനം അല്ല, കുടുംബവും ചേര്‍ന്ന് എടുത്ത തീരുമാനമാണ്. തന്ത്രിമാര്‍ എന്നെ ബഹിഷ്‌കരിച്ചത് ഞാനറിഞ്ഞിരുന്നില്ല. വര്‍ക്കിങ് അറേഞ്ച്‌മെന്റ് വന്നപ്പോഴാണ് ശ്രദ്ധിക്കുന്നത്. മുന്‍പ് ജോലി ചെയ്തിരുന്ന തിരുവിതാംകൂര്‍ ദേവസ്വം തികച്ചും വ്യത്യസ്തമായിരുന്നു. അവിടുത്തെ അവസ്ഥയല്ല ഇവിടെയുള്ള’തെന്നും ബാലു പറഞ്ഞിരുന്നു.