ഭീകരവാദം ശക്തമാകുന്നു; ജമ്മു കാശ്മീരിലെ 32 ഇടങ്ങളില്‍ എന്‍ഐഎ റെയ്ഡ്

ന്യൂഡല്‍ഹി: ഭീകരവാദം ശക്തമാകുന്നതിനെത്തുടര്‍ന്ന് കാശ്മീരിലെ വിവിധ മേഖലകളില്‍ ദേശീയ അന്വേഷണ ഏജന്‍സി റെയ്ഡ് നടത്തി. പുല്‍വാമ, കുല്‍ഗാം, ഷോപ്പിയാന്‍, ബാരാമുള്ള, കുപ് വാര എന്നീ ജില്ലകള്‍ ഉള്‍പ്പെടെ 32 ഇടങ്ങളിലാണ് റെയ്ഡുകള്‍ നടത്തിയതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. വിവിധ തീവ്രവാദ സംഘടനകള്‍ക്ക് പിന്തുണ നല്‍കുന്നവര്‍ക്കും സഹായിക്കുന്നവര്‍ക്കുമെതിരെ പരിശോധനകളും നടപടികളും ശക്തമാക്കിയിട്ടുണ്ട്.
ജമ്മു കാശ്മീര്‍ പോലീസിന്റെയും പാരാമിലിറ്ററിയുടെയും സഹായത്തോടെയാണ് എന്‍ഐഎ തിരച്ചില്‍ നടത്തിയത്. അറസ്റ്റുകളെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല, ഭീകര ശൃംഖലകളെ തകര്‍ക്കുന്നതിനും മേഖലയില്‍ ഭാവിയില്‍ ഉണ്ടാകാനിടയുള്ള ആക്രമണങ്ങള്‍ തടയുന്നതിനുമുള്ള ശ്രമത്തിന്റെ ഭാഗമായാണ് എന്‍ഐഎയുടെ നടപടികളെന്നാണ് റിപ്പോര്‍ട്ട്.