മുന്നണികള്‍ കൊട്ടിക്കലാശം കൊഴുപ്പിക്കാന്‍ ഒരുങ്ങുന്നു; ആ സമയം അന്‍വര്‍ വീടുകയറി പ്രചാരണം നടത്തും

നിലമ്പൂര്‍: ഉപതിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണങ്ങള്‍ക്ക് അവസാനം കുറിച്ചുകൊണ്ട് നിലമ്പൂരില്‍ ഇന്ന് കൊട്ടിക്കലാശം. നിലമ്പൂര്‍ ടൗണ്‍ കേന്ദ്രീകരിച്ചാണ് കൊട്ടിക്കലാശം നടക്കുക. നഗരത്തിലെ പ്രധാനപ്പെട്ട സ്ഥലങ്ങള്‍ മൂന്ന് മുന്നണികള്‍ക്കുമായി പോലീസ് വേര്‍തിരിച്ച് നല്‍കിക്കഴിഞ്ഞു. നിലമ്പൂര്‍ മേഖലയിലെ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പുറമെ 7 ഡിവൈഎസ്പിമാര്‍, 21 ഇന്‍സ്പെക്ടര്‍മാര്‍ ഉള്‍പ്പടെ മൊത്തം 773 പൊലീസ് ഉദ്യോഗസ്ഥരെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നത്. വൈകിട്ട് ആറ് മണിയോടെയാണ് കൊട്ടിക്കലാശം സമാപിക്കുക.
Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…
എന്നാല്‍ പ്രധാനപ്പെട്ട മുന്നണികളെല്ലാം ആവേശമേറിയ കൊട്ടിക്കലാശത്തിന് തയ്യാറെടുക്കുമ്പോള്‍ നിലമ്പൂര്‍ മുന്‍ എംഎല്‍എയും സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുമായ പി വി അന്‍വര്‍ കൊട്ടിക്കലാശത്തിന് ഉണ്ടായേക്കില്ല. സമയം അമൂല്യമായതിനാല്‍ കലാശക്കൊട്ടിന്റെ സമയം കൂടി വീടുകള്‍ കയറി പ്രചാരണം നടത്താനാണ് അന്‍വറിന്റെ പദ്ധതി. പൊതു ജനങ്ങളുടെ യാത്രാ സൗകര്യം കൂടി പരിഗണിച്ചാണ് കലാശക്കൊട്ട് വേണ്ടെന്ന തീരുമാനത്തിലേക്ക് എത്തിയതെന്നും അന്‍വര്‍ അറിയിച്ചു.
‘നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ പ്രമേയം നമ്മള്‍ ഉയര്‍ത്തിയ വിഷയങ്ങളാണ്. ഈ വിഷയങ്ങള്‍ മുഴുവന്‍ വോട്ടര്‍മാരിലേക്കും എത്തിക്കേണ്ട ചുമതല നമ്മള്‍ ഓരോരുത്തരും ഏറ്റെടുക്കേണ്ടതുണ്ട്. സമയം അമൂല്യമായതിനാല്‍ നാളെ കലാശക്കൊട്ടിന്റെ സമയംകൂടി വീടുകള്‍ കയറി പ്രചരണം നടത്താന്‍ എല്ലാവരും ശ്രദ്ധിക്കണം. ഈ തിരഞ്ഞെടുപ്പിന്റെ ആവശ്യകതയും പ്രാധാന്യവും ഉള്‍കൊണ്ടു കൊണ്ടും പൊതു ജനങ്ങളുടെ യാത്രാ സൗകര്യം പരിഗണിച്ചും കലാശക്കൊട്ടിന്റെ സമയം നമ്മള്‍ വ്യക്തികളെ കാണാനും വീടുകള്‍ കയറാനും നമ്മുടെ വോട്ടുകള്‍ ഉറപ്പിക്കാനും വിനിയോഗിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു’, എന്നാണ് പി വി അന്‍വര്‍ അറിയിച്ചത്.