പത്ത് ദിവസത്തിനകം ബിന്ദുവിന്റെ വീടുപണി പൂര്‍ത്തിയാക്കും, മകന് സര്‍ക്കാര്‍ സ്ഥിരം ജോലി നല്‍കണം: ചാണ്ടി ഉമ്മന്‍

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജ് കെട്ടിടം തകര്‍ന്ന് തലയോലപ്പറമ്പ് സ്വദേശി ബിന്ദു മരിച്ച സംഭവത്തില്‍ ബിന്ദുവിന്റെ മകന്‍ നവനീതിന് സ്ഥിരം ജോലി നല്‍കണമെന്ന് പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മന്‍. നവനീതിന് താല്‍ക്കാലിക ജോലി നല്‍കി പറ്റിക്കാമെന്ന് കരുതേണ്ട. സര്‍ക്കാര്‍ രക്ഷപ്പെടാമെന്ന് കരുതരുത്. ശക്തമായി പ്രതിപക്ഷം ഇതിന്റെ പിന്നാലെയുണ്ടെന്നും ചാണ്ടി ഉമ്മന്‍ വ്യക്തമാക്കി.
Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…
‘ഉമ്മന്‍ചാണ്ടി ഫൗണ്ടേഷന്‍’ വഴി ബിന്ദുവിന്റെ കുടുംബതത്തിന് നല്‍കാമെന്ന് പ്രഖ്യാപിച്ച അഞ്ച് ലക്ഷം രൂപ ഉപയോഗിച്ച് പത്ത് ദിവസത്തിനകം ബിന്ദുവിന്റെ വീടിന്റെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കുമെന്നും ചാണ്ടി ഉമ്മന്‍ വ്യക്തമാക്കി. ഈ ഫണ്ടിലേക്കായി കോട്ടയം മഹിളാ കോണ്‍ഗ്രസ് കമ്മിറ്റി ഒരുലക്ഷം രൂപ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും ചാണ്ടി ഉമ്മന്‍ അറിയിച്ചു. കഴിഞ്ഞ ദിവസം ബിന്ദുവിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ കണ്ടശേഷം മാധ്യമങ്ങളോട് പ്രതികരിക്കവെയാണ് ചാണ്ടി ഉമ്മന്‍ അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചത്.
കൂടാതെ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കണമെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. ഹോസ്പിറ്റല്‍ മാനേജ്മെന്റ് കമ്മിറ്റി ചെയര്‍മാനായ കളക്ടര്‍ അപകടത്തില്‍ അന്വേഷണം നടത്തുന്നത് യുക്തിരഹിതമാണെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. അതേസമയം ആരോഗ്യ മന്ത്രി വീണ ജോര്‍ജിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം കടുപ്പിക്കാനാണ് പ്രതിപക്ഷ യുവജന സംഘടനകളുടെ തീരുമാനം.