തൃശൂര്‍ പൂരം അലങ്കോലപ്പെടല്‍: എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ നടപടി വേണമെന്ന് ആഭ്യന്തര സെക്രട്ടറിയുടെ റിപ്പോര്‍ട്ട്

തിരുവനന്തപുരം: തൃശൂര്‍ പൂരം അലങ്കോലപ്പെട്ടതുമായി ബന്ധപ്പെട്ട് ഡിജിപിയുടെ റിപ്പോര്‍ട്ട് ശരിവച്ച് ആഭ്യന്തര സെക്രട്ടറി. എഡിജിപി എംആര്‍ അജിത്ത് കുമാറിനെതിരെ നടപടി വേണമെന്ന് ആഭ്യന്തര സെക്രട്ടറി മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കി. പൂരം അലങ്കോലപ്പെട്ടിട്ടും എംആര്‍ അജിത്കുമാര്‍ ഇടപെടാത്തത് കര്‍ത്തവ്യ ലംഘനമെന്നാണ് ഡിജിപിയുടെ റിപ്പോര്‍ട്ട്. ഇത് ആഭ്യന്തര സെക്രട്ടറിയും ശരിവെക്കുന്നു.
പൂരം അലങ്കോലപ്പെട്ടതില്‍ എഡിജിപി എം ആര്‍ അജിത് കുമാറിന് ഗുരുതര വീഴ്ച സംഭവിച്ചെന്നായിരുന്നു ഡിജിപിയുടെ അന്വേഷണ റിപ്പോര്‍ട്ട്. ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിന്റെ ഭാഗമായി തൃശൂരിലെത്തിയ എഡിജിപി പൂരം അലങ്കോലപ്പെട്ടിട്ടും ഇടപെട്ടില്ലെന്നാണ് വിമര്‍ശനം. പ്രശ്‌നങ്ങളുണ്ടായപ്പോള്‍ റവന്യൂ മന്ത്രി വിളിച്ച് ശ്രദ്ധയില്‍പ്പെടുത്താന്‍ ശ്രമിച്ചിട്ടും അജിത് കുമാര്‍ ഫോണെടുത്തില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പൂരം കലങ്ങിയതില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ത്രിതല അന്വേഷണത്തിന്റെ ഭാഗമായിരുന്നു എഡിജിപിയുടെ ഔദ്യോഗിക വീഴ്ചയില്‍ ഡിജിപി തല അന്വേഷണം. അന്വേഷണം പ്രഖ്യാപിച്ച് 11 മാസം പിന്നിടുമ്പോഴാണ് ഡിജിപി റിപ്പോര്‍ട്ട് നല്‍കിയത്. ഔദ്യോഗിക ഡ്യൂട്ടിയുടെ ഭാഗമായാണ് പൂരം നടക്കുമ്പോള്‍ അജിത് കുമാര്‍ തൃശൂരിലെത്തിയത്. തൃശൂരില്‍ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിരുന്നു. അതിനിടെ കമ്മീഷണറായിരുന്ന അങ്കിത് അശോകും സംഘാടകരുമായി വാക്ക് തര്‍ക്കമുണ്ടായത് മന്ത്രി കെ രാജന്‍ എഡിജിപിയെ ഫോണില്‍ വിളിച്ച് അറിയിച്ചിരുന്നു. രാത്രിയില്‍ സ്ഥലത്തുണ്ടെന്നും എല്ലാത്തിനും മേല്‍നോട്ടം നല്‍കുമെന്നും എഡിജിപി പറഞ്ഞിരുന്നുവെന്നാണ് മന്ത്രിയുടെ മൊഴി. രാത്രിയില്‍ പൂരം അലങ്കോലപ്പെട്ടപ്പോള്‍ മന്ത്രി ആദ്യം വിളിച്ചത് എഡിജിപിയെയാണ്. മറ്റ് ചിലരും വിളിച്ചു. നഗരത്തിലുണ്ടായ എഡിജിപി ഫോണ്‍ എടുക്കുകയോ പ്രശ്‌നത്തില്‍ ഇടപെടുകയോ ചെയ്തില്ലെന്നാണ് റിപ്പോര്‍ട്ട്.
എഡിജിപിയുടെ ഔദ്യോഗിക കൃത്യനിര്‍വ്വണത്തില്‍ വീഴ്ച സംഭവിച്ചുവെന്നാണ് മുന്‍ ഡിജിപി ഷെയ്ക്ക് ദര്‍വേസ് സാഹിബിന്റെ റിപ്പോര്‍ട്ട്. വിശദമായ സാക്ഷിമൊഴികള്‍ രേഖപ്പെടുത്തിയ ശേഷമാണ് ഡിജിപി നേരിട്ട് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…