ഉത്തരകാശിയിലെ മിന്നല്‍ പ്രളയം; രക്ഷാദൗത്യം അതീവ ദുഷ്‌കരം

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ഖീര്‍ നദിയിലുണ്ടായ മിന്നല്‍ പ്രളയത്തില്‍പ്പെട്ടവരുടെ ജീവന്‍ രക്ഷിക്കുന്നതിനാണ് പ്രഥമ പരിഗണന എന്ന് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി വ്യക്തമാക്കി. നിലവില്‍ പ്രളയബാധിത പ്രദേശത്തെ കാര്യങ്ങള്‍ ഏകീകരിക്കുന്നതിനുള്ള അടിയന്തര യോഗം ചേര്‍ന്നിരിക്കുകയാണ് സംസ്ഥാന ദുരന്ത നിവാരണ സേന. ഉത്തരാഖണ്ഡിലെ ഉത്തരകാശിയില്‍ ഇന്നലെ ഉച്ചയോടെ ഉണ്ടായ മേഘവിസ്ഫോടനത്തെ തുടര്‍ന്നുണ്ടായ മിന്നല്‍ പ്രളയത്തില്‍ നാല് പേരുടെ മരണം സ്ഥിരീകരിച്ചിരുന്നു. 130 പേരെ രക്ഷപ്പെടുത്തി. പ്രളയത്തില്‍ ഉത്തരാഖണ്ഡിലെ പുരാതന ശിവക്ഷേത്രമായ കല്‍പ കേദാറിന്റെ ബാക്കി അവശിഷ്ടങ്ങള്‍ ഖീര്‍ നദിയില്‍ കണ്ടെത്തി എന്നും സൂചനകള്‍ പുറത്തുവരുന്നു.
Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…
പ്രദേശത്ത് ശക്തമായ മഴ തുടരുകയാണ്. പലയിടത്തും മണ്ണിടിച്ചില്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഉത്തരകാശി – ദരാലി റോഡ് ഒലിച്ചു പോയി. റോഡുകള്‍ തകര്‍ന്നതും മോശം കാലാവസ്ഥയും കുത്തനെയുളള ഭൂപ്രദേശം എന്നിവയെല്ലാം രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കുകയാണ്. പ്രദേശത്ത് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നദീതിരങ്ങളിലുള്ളവരോട് മാറിത്താമസിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
അതിനിടെ ഉത്തര കാശിയിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ കാണാതായ 10 സൈനികര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. സെനിക ക്യാമ്പ് ഒലിച്ചുപോയെന്ന റിപ്പോര്‍ട്ടാണ് ഇന്നലെ രാത്രിയോടെ പുറത്തുവന്നത്. പ്രദേശത്ത് 200 ലധികം പേര്‍ ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്.