തൃശൂര്‍ – എറണാകുളം ദേശീയപാതയില്‍ ഗതാഗതക്കുരുക്ക് രൂക്ഷം; വാഹനങ്ങള്‍ വഴിതിരിച്ച് വിടുന്നു
തൃശൂര്‍: തൃശൂര്‍ – എറണാകുളം ദേശീയപാതയില്‍ മുരിങ്ങൂര്‍, ചാലക്കുടി ഭാഗത്ത് രൂക്ഷമായ ഗതാഗതക്കുരുക്ക് മൂലം വാഹനങ്ങള്‍ വഴിതിരിച്ചുവിടുന്നു. കഴിഞ്ഞ ദിവസമുണ്ടായ ഗതാഗതക്കുരുക്ക് 18 മണിക്കൂര്‍ ആണ് നീണ്ടുനിന്നത്. വാഹനങ്ങള്‍ നിയന്ത്രിക്കാനായി കൂടുതല്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. വലിയ വാഹനങ്ങള്‍ ഒഴികെയുള്ളവ ചെറിയ റോഡിലൂടെ കടത്തിവിടുകയാണ്.
Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…
മുരിങ്ങൂര്‍ പാലം കയറുന്നതിനുമുന്‍പ് കാടുകുറ്റി അത്താണി വഴി എയര്‍പോര്‍ട്ട് ജംക്ഷനു മുന്നിലുള്ള സിഗ്‌നലിലേക്കാണ് ചെറിയ വാഹനങ്ങളെ എത്തിക്കുന്നത്. വലിയ വാഹനങ്ങള്‍ മുരിങ്ങൂര്‍ പാലം വഴി കടത്തി വിടുന്നു. ചാലക്കുടി പോട്ട പാലത്തിനു മുന്‍പും പൊലീസുകാരെ വിന്യസിച്ചു. അഷ്ടമിച്ചിറമാള വഴി എറണാകുളത്തേക്ക് പോകാനാണ് വാഹനങ്ങളോട് പൊലീസ് നിര്‍ദേശിക്കുന്നത്.
മുരിങ്ങൂരിലും ചിറങ്ങരയിലും അടിപ്പാത നിര്‍മാണം നടക്കുകയാണ്. അടിപ്പാതകള്‍ പണിയുമ്പോള്‍ വാഹനങ്ങള്‍ കടത്തിവിടാനായി സജ്ജമാക്കിയ ബദല്‍ റോഡുകള്‍ പൊളിഞ്ഞു പാളീസായി കുഴികള്‍ നിറഞ്ഞതിനാല്‍ ഇഴഞ്ഞു നീങ്ങാന്‍ പോലും കഴിയാത്തവിധമാണ് വെള്ളിയാഴ്ച രാത്രി വാഹനങ്ങള്‍ കുടുങ്ങിയത്. മുരിങ്ങൂരില്‍ രാത്രി 9 മണിയോടെ, തടി കയറ്റിയ ലോറി മറിഞ്ഞതോടെയാണ് ഗതാഗതക്കുരുക്ക് രൂക്ഷമായത്. ലോറി ഉടനെ മാറ്റിയെങ്കിലും കുരുക്ക് മണിക്കൂറുകള്‍ നീണ്ടു.





Malayalam 























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































