October 27, 2025
#kerala #Others #Top Four #Top News #Trending

മരം മുറിച്ചു, പൊളിച്ചിട്ട സ്റ്റേഡിയത്തിന്റെ ഭാവി എന്താകും? ജി സി ഡി എ അടിയന്തര എക്‌സിക്യൂട്ടീവ് യോഗം ബുധനാഴ്ച

കൊച്ചി: മെസിയും അര്‍ജന്റീനിയന്‍ ടീമും നവംബറില്‍ വരില്ലെന്ന് ഉറപ്പായതോടെ കലൂര്‍ സ്റ്റേഡിയത്തെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങള്‍ക്കിടെ ജിസിഡിഎ അടിയന്തര എക്സിക്യൂട്ടീവ് യോഗം ബുധനാഴ്ച രാവിലെ ചേരും.
കഴിഞ്ഞ 26ാം തീയതി മുതലാണ് സ്പോര്‍ട്സ് കേരള ഫൗണ്ടേഷന് സ്റ്റേഡിയം കൈമാറിയത്. ജിസിഡിഎ ചെയര്‍മാന്‍ കെ. ചന്ദ്രന്‍പിള്ള പറഞ്ഞതനുസരിച്ച് നവംബര്‍ 30 വരെയാണ് സ്റ്റേഡിയം വിട്ടു നല്‍കിയിരിക്കുന്നത്. ഈ കാലയളവില്‍ നിര്‍മാണ പ്രവൃത്തികള്‍ തീര്‍ന്നില്ല എങ്കില്‍ എന്താകും സ്റ്റേഡിയത്തിന്റെ ഭാവി എന്നതും ചോദ്യം ഉയരുന്നുണ്ട്. ജിസിഡിഎ അടിയന്തര എക്സിക്യൂട്ടീവ് യോഗത്തില്‍ സ്റ്റേഡിയം വിട്ടു നല്‍കിയതടക്കമുള്ള വിഷയം ചര്‍ച്ചയായേക്കുമെന്നാണ് വിവരം.
മെസിയും സംഘവും വരുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ സ്റ്റേഡിയത്തിന്റെ പല ഭാഗങ്ങളും നിര്‍മാണ പ്രവൃത്തികളെന്ന പേരില്‍ പൊളിച്ചിട്ടിരിക്കുകയാണ്. കസേരകള്‍ നീക്കി പുതിയത് വെക്കുന്ന ജോലികള്‍ നടക്കുന്നുണ്ട്. ഫ്ളഡ് ലൈറ്റുകള്‍ മാറ്റി പുതിയത് സ്ഥാപിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. സ്റ്റേഡിയത്തിന് പുറത്തെ മരങ്ങളും മുറിച്ചുമാറ്റിയിട്ടുണ്ട്. എന്നാല്‍ അര്‍ജന്റീന ടീം ഈ വര്‍ഷത്തില്‍ എത്തില്ലെന്ന് ഉറപ്പായ സ്ഥിതിക്ക് എന്തൊക്കെ കാര്യങ്ങളാണ് സ്റ്റേഡിയത്തില്‍ നടക്കാന്‍ പോകുന്നത് എന്നതും ചോദ്യചിഹ്നമാണ്.

മാര്‍ച്ചില്‍ അജന്റീനന്‍ സംഘത്തെ കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നാണ് സ്പോണ്‍സറുടെ വാഗ്ദാനം. എന്നാല്‍ മത്സരം ഇനി നടക്കില്ല എന്നുവന്നാല്‍ പൊളിച്ചിട്ട സ്റ്റേഡിയത്തിന്റെ ഭാവി എന്താകും എന്നതും ചോദ്യചിഹ്നമാണ്.
അര്‍ജന്റീനയുടെ സൗഹൃദ മത്സരം സംഘടിപ്പിക്കുന്നതിനുള്ള എസ്പിവി ആയിട്ടാണ് സ്പോര്‍ട്സ് കേരള ഫൗണ്ടേഷനെ സര്‍ക്കാര്‍ മാറ്റിയിരിക്കുന്നത്. കായിക വകുപ്പിന്റെ പൂര്‍ണ നിയന്ത്രണത്തിലുള്ള മറ്റൊരു സംവിധാനമാണ് സ്പോര്‍ട്സ് കേരള ഫൗണ്ടേഷന്‍. ഇവര്‍ക്കാണ് ജിസിഡിഎ സ്റ്റേഡിയം വിട്ടു നല്‍കിയത്.എന്നാല്‍ ജിസിഡിഎ സ്റ്റേഡിയം വിട്ടുനല്‍കുമ്പോള്‍ വ്യവസ്ഥകളോടെയുള്ള കരാര്‍ ഉണ്ടോ ഇല്ലയോ എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തതയില്ല.

Leave a comment

Your email address will not be published. Required fields are marked *