മദ്യനയം : ടൂറിസം മന്ത്രിയും എക്‌സൈസ് മന്ത്രിയും പറയുന്നത് പച്ചക്കള്ളം, ടൂറിസം വകുപ്പ് സൂം മീറ്റിംഗ് നടത്തി, വി ഡി സതീശന്‍

തിരുവനന്തപുരം: മദ്യനയവുമായി ബന്ധപ്പെട്ട് ടൂറിസം മന്ത്രിയും എക്‌സൈസ് മന്ത്രിയും പറഞ്ഞത് പച്ചക്കള്ളമെന്ന് പ്രതിപക്ഷ നേതാവ്. മന്ത്രിമാര്‍ കൂടിയാലോചന നടത്തിയിട്ടുണ്ടെന്നും ടൂറിസം വകുപ്പ് സൂം മീറ്റിംഗ് നടത്തിയെന്നും വകുപ്പ് ഇടപെടല്‍ നടത്തിയെന്നത് വ്യക്തമാണെന്നും വി ഡി സതീശന്‍ പറഞ്ഞു. ടൂറിസം വകുപ്പ് എക്സൈസ് വകുപ്പിനെ മറികടന്ന് എങ്ങനെയാണ് വിഷയത്തില്‍ ഇടപെട്ടതെന്നും അദ്ദേഹം ചോദിച്ചു. കെ എം മാണിക്കെതിരായ ആരോപണം വന്നപ്പോള്‍ ഉമ്മന്‍ചാണ്ടി സ്വീകരിച്ച മാതൃക ഈ സര്‍ക്കാര്‍ എന്ത്‌കൊണ്ട് സ്വീകരിക്കുന്നില്ലെന്നും എന്തിനാണ് ടൂറിസം വകുപ്പ് അനാവശ്യ വേഗത കാണിച്ചതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.
Also Read ; ആശുപത്രിയില്‍ തീപിടിത്തം; ഏഴ് നവജാത ശിശുക്കള്‍ വെന്തുമരിച്ചു
രണ്ടു മന്ത്രിമാര്‍ക്കെതിരായ ആരോപണം വന്നിട്ടും മുഖ്യമന്ത്രി മൗനം പാലിക്കുന്നതെന്തിനാണ്? സര്‍ക്കാര്‍ അന്വേഷണം അഴിമതിയെ പറ്റിയല്ല. വാര്‍ത്ത എങ്ങനെ പുറത്ത് പോയെന്നാണ് സര്‍ക്കാര്‍ അന്വേഷിക്കണം. ബാര്‍ കോഴയില്‍ നിരന്തരമായ സമരപരിപടികള്‍ തുടങ്ങുമെന്നും വി ഡി സതീശന്‍ വ്യക്തമാക്കി. നിയമസഭയില്‍ വിഷയം ഉന്നയിക്കും. രണ്ടു മന്ത്രിമാരും രാജിവെച്ച് ജുഡീഷ്യല്‍ അന്വേഷണം നേരിടണം. രണ്ടാം പിണറായി സര്‍ക്കാര്‍ ഭരണത്തില്‍ ബാറുകളുടെ എണ്ണം അനാവശ്യമായി വര്‍ധിപ്പിച്ചുവെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
പ്രതിപക്ഷ നേതാവിന്റെ 6 ചോദ്യങ്ങള്‍
1. ടൂറിസം വകുപ്പ് എക്സൈസ് വകുപ്പിനെ മറികടന്നത് എന്തിന്?
2. ടൂറിസം വകുപ്പിന്റെ അനാവശ്യ തിടുക്കം എന്തിനു വേണ്ടിയായിരുന്നു?
3. ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്ന് കള്ളം പറഞ്ഞതെന്തിന്?
4. ഡി.ജി.പിക്ക് എക്സൈസ് മന്ത്രി നല്‍കിയ പരാതി അഴിമതിയില്‍ നിന്ന് ശ്രദ്ധതിരിക്കാനല്ലേ?
5. കെ.എം മാണിക്കെതിരെ ബാര്‍ കോഴ ആരോപണം ഉണ്ടായപ്പോള്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിക്കുകയാണ് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ചെയ്തത്. ആ മാതൃക സ്വീകരിക്കാത്തതെന്ത്?
6. സര്‍ക്കാരിനെതരെ ഗുരുതര ആരോപണം ഉണ്ടായിട്ടും മുഖ്യമന്ത്രിയുടെ മൗനം എന്തുകൊണ്ട്?
ബാര്‍ കോഴ ആരോപണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് വി ഡി സതീശന്‍ ആവശ്യപ്പെട്ടു. മന്ത്രിമാരെ മാറ്റിനിര്‍ത്തി ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു. ക്രൈംബ്രാഞ്ച് അന്വേഷണം പ്രഹസനമാണെന്നും വി ഡി സതീശന്‍ പറഞ്ഞു.