എഡിഎം നവീന്‍ ബാബുവിന്റെ മരണം; അന്വേഷണത്തിന് ആറംഗ പ്രത്യേക സംഘം

കണ്ണൂര്‍ : എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘം. കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ അജിത് കുമാര്‍ അന്വേഷണത്തിന് നേതൃത്വം നല്‍കും. അന്വേഷണ സംഘത്തില്‍ ആറ് പേര്. മേല്‍നോട്ട ചുമതല കണ്ണൂര്‍ റേഞ്ച് ഐജിക്കായിരിക്കും. എഡിഎമ്മിന്റെ മരണത്തില്‍ 11 ദിവസത്തിന് ശേഷമാണ് അന്വേഷണ സംഘത്തെ നിയമിക്കുന്നത്. സര്‍ക്കാര്‍ ഇതുവരെ ദിവ്യയെ സംരക്ഷിക്കുന്ന സമീപനമാണ് സ്വീകരിച്ചുവരുന്നത് എന്ന വിമര്‍ശനം നേരത്തെ ഉയര്‍ന്നിരുന്നു.
എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് കൂടിയായ നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് സംസ്ഥാന വ്യാപകമായി പ്രതിഷേധം അലയടിച്ചിരുന്നു.മരണത്തില്‍ പ്രതി ചേര്‍ക്കപ്പെട്ട മുന്‍ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യയെ ഇതുവരെ ചോദ്യം ചെയ്യാന്‍ പോലീസിന് സാധിച്ചിട്ടില്ല. കഴിഞ്ഞ ദിവസം മുന്‍കൂര്‍ ജാമ്യം തേടി ദിവ്യ കോടതിയെ സമീപിച്ചിരുന്നു. കോടതിയില്‍ മണിക്കൂറുകള്‍ നീണ്ട വാദത്തിനിടെ ് താന്‍ എഡിഎമ്മിനെ ആത്മഹത്യയിലേക്ക് നയിക്കുന്ന നിലയ്ക്കുള്ള യാതൊരു വിധ ഇടപെടലും നടത്തിയിട്ടില്ലെന്നായിരുന്നു ദിവ്യ വ്യക്തമാക്കിയത്. യാത്രയയപ്പിന് പോയത് അതൊരു പൊതുപരിപാടിയായതുകൊണ്ടാണെന്നും വ്യക്തിഹത്യ നടത്തിയിട്ടില്ലെന്നും എഡിഎമ്മിനെതിരെ പരാതി ലഭിച്ചതിന്റെ പശ്ചാത്തലത്തില്‍ അദ്ദേഹത്തോടെ ഒന്നു കൂടെ നന്നാകണം എന്നാണ് പറഞ്ഞതെന്നും ദിവ്യ പറഞ്ഞിരുന്നു. അതേസമയം നവീന്‍ ബാബുവിന്റെ മരണം വ്യക്തിഹത്യ മൂലമാണെന്നായിരുന്നു നവീന്റെ കുടുംബം കോടതിയില്‍ ആരോപിച്ചത്. ദിവ്യയുടെ ജാമ്യ ഹര്‍ജി കോടതി ഈ മാസം 29 ന് പരിഗണിക്കും.
Join with metrpost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..