‘രാജി വെച്ചാല്‍ മാന്യമായി പോകാം അല്ലെങ്കില്‍ നാണം കെടും’: സജി ചെറിയാനോട് കെ മുരളീധരന്‍
തിരുവനന്തപുരം: മന്ത്രി സജി ചെറിയാന്‍ രാജി വെക്കാത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ രംഗത്ത്. ഭരണഘടനാ വിരുദ്ധ പരാമര്‍ശത്തില്‍കോടതി വിധി പ്രതികൂലമായിട്ടും മന്ത്രി സജി ചെറിയാന്‍ രാജി വെക്കാത്തതിലാണ് മുരളീധരന്റെ പ്രതിഷേധം. ധാര്‍മികത എന്ന വാക്കിനോട് സിപിഐഎം വിടപറഞ്ഞുവെന്നും മുരളീധരന്‍ പറഞ്ഞു.
‘2022നേക്കാള്‍ ഗുരുതരമാണ് ഇപ്പോഴത്തെ സാഹചര്യം. അന്വേഷണം തൃപ്തികരമല്ലെന്ന് കോടതി തന്നെ പറഞ്ഞു. സജി ചെറിയാനെ മന്ത്രി സ്ഥാനത്ത് നിന്ന് മാറ്റി നിര്‍ത്തണം. ഇന്നല്ലെങ്കില്‍ നാളെ അദ്ദേഹത്തിന് രാജി വെക്കേണ്ടി വരും. അല്ലെങ്കില്‍ എംഎല്‍എ സ്ഥാനം തന്നെ രാജിക്കേണ്ടി വരും. രാജി വെച്ചാല്‍ മാന്യമായി പോകാം. അല്ലെങ്കില്‍ നാണം കെടും’, കെ മുരളീധരന്‍ പറഞ്ഞു.
ഇനിയും സംരക്ഷിച്ചാല്‍ സിപിഐഎം വഷളാകുമെന്നും അന്നേ മന്ത്രിയോട് തിരിച്ചു കയറാന്‍ ആരും പറഞ്ഞില്ലല്ലോയെന്നും മുരളീധരന്‍ ചോദിച്ചു. കേസ് അന്വേഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ മന്ത്രിക്കും താഴെയാണെന്നും ഒരു കീഴുദ്യോഗസ്ഥന്‍ എങ്ങനെ മേലുദ്യോഗസ്ഥനെ കുറിച്ച് അന്വേഷിക്കുമെന്നും മുരളീധരന്‍ ചോദിക്കുന്നു. മന്ത്രി രാജി വച്ചാല്‍ പ്രോട്ടോക്കോള്‍ ബാധകമാകില്ല. തെരഞ്ഞെടുപ്പ് ഫലത്തിനു ശേഷം പ്രതിഷേധം ആലോചിക്കുമെന്നും കെ മുരളീധരന്‍ പറഞ്ഞു.
കോടതി വിധി നേരത്തെ വന്നിരുന്നെങ്കില്‍ പാലക്കാട് സ്റ്റെതസ്‌കോപ്പ് വേണ്ടിവരില്ലായിരുന്നുവെന്നും മുരളീധരന്‍ പരിഹസിച്ചു. വിധി ഇപ്പോള്‍ വന്നതുകൊണ്ട് അങ്ങനൊരു ദോഷം പറ്റിയെന്നും അല്ലെങ്കില്‍ ചിഹ്നമായി കുന്തവും കുടചക്രവും വയ്ക്കാമായിരുന്നുവെന്നും മുരളീധരന്‍ പരിഹസിച്ചു. എല്ലാ തിരഞ്ഞെടുപ്പിലും താന്‍ കേറി മത്സരിക്കേണ്ട അവസ്ഥയില്ലെന്നും ബിജെപിയിലെ കൃഷ്ണകുമാറിനെ പോലെ ആവാന്‍ തനിക്ക് കഴിയില്ലെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..