October 29, 2025
#kerala #Top Four

മൊന്‍ത ചുഴലികാറ്റ് ഇന്ന് കര തൊടും; നൂറോളം ട്രെയിനുകള്‍ റദ്ദാക്കി, കേരളത്തില്‍ 7 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം: മോന്‍ത ചുഴലിക്കാറ്റ് ഇന്ന് കര തൊടും. ഇന്ന് രാവിലെ അതിതീവ്ര ചുഴലിക്കാറ്റ് ആയി മാറുന്ന മോന്‍ത, വൈകീട്ടോടെ ആന്ധ്രാ തീരത്തെ മച്ചിലിപട്ടണത്തിനും കലിംഗ പട്ടണത്തിനും ഇടയില്‍ കക്കിനടയുടെ സമീപം കര തൊടുമെന്നാണ് കാലാവസ്ഥാ പ്രവചനം.

കരൂര്‍ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബാഗങ്ങളെ കണ്ടു; കാലില്‍ തൊട്ട് മാപ്പ് ചോദിച്ച് വിജയ്

അതേസമയം, കേരളത്തില്‍ ഇന്നും ഇടിമിന്നലോടു കൂടിയ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. ഏഴ് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ടാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്. നിരവധി ട്രെയിനുകളും വിമാന സര്‍വീസുകളും റദ്ദാക്കിയിട്ടുണ്ട്. നൂറോളം ട്രെയിനുകള്‍ റദ്ദാക്കിയെന്ന് സൗത്ത് സെന്‍ട്രല്‍ റെയില്‍വേ അറിയിച്ചു. റദ്ദാക്കിയവയില്‍ പാസഞ്ചര്‍ ട്രെയിനുകള്‍ മാത്രമല്ല, എക്‌സ്പ്രസ് ട്രെയിനുകളുമുണ്ട്. ടാറ്റാ നഗര്‍- എറണാകുളം എക്‌സ്പ്രസ് റായ്പൂര്‍ വഴി തിരിച്ചുവിട്ടു. വിജയവാഡ, രാജമുന്‍ദ്രി, കാക്കിനട, വിശാഖപട്ടണം, ഭീമാവരം വഴിയുള്ള ട്രെയിനുകളാണ് പ്രധാനമായും റദ്ദാക്കിയത്. നാളെയും പല ട്രെയിനുകളും ഓടില്ല. മോശം കാലാവസ്ഥയെ തുടര്‍ന്ന് വിശാഖപട്ടണം- ചെന്നൈ റൂട്ടില്‍ ആറു ഫ്‌ലൈറ്റ് സര്‍വീസുകളാണ്റദ്ദാക്കിയത്.

കാലാവസ്ഥ പ്രതികൂലമായതോടെ കേരള ലക്ഷദ്വീപ് കര്‍ണാടക തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. തൃശൂര്‍ ജില്ലയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ മുന്‍കരുതലിന്റെ ഭാഗമായി ഇന്ന് ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കളക്ടര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

Leave a comment

Your email address will not be published. Required fields are marked *