മരണ വഴി കാണിക്കുന്ന ഗൂഗിള്‍ മാപ്പ്; കേരള പോലീസിന്റെ നിര്‍ദേശങ്ങള്‍ തള്ളിക്കളയരുത്
ലക്ഷ്യസ്ഥാനത്ത് പെട്ടെന്ന് എത്തിച്ചേരാന്‍ സഹായിക്കുന്ന ഗൂഗിള്‍ മാപ്പ് വന്നതോടെ അത് നമ്മുടെ യാത്ര കുറച്ച് കൂടി എളുപ്പമാക്കിയിരുന്നു. എന്നാല്‍ ഇന്ന് കേള്‍ക്കുന്നത് ഗൂഗിള്‍ മാപ്പ് നോക്കി യാത്ര ചെയ്ത് മരണത്തിലേക്കെത്തിയ ഞെട്ടിക്കുന്ന വിവരമാണ്. പെരിയാറിന്റെ കൈവഴിയില്‍ കാര്‍ പുഴയില്‍വീണ് ഞായറാഴ്ച പുലര്‍ച്ചെയാണ് കൊടുങ്ങല്ലൂര്‍ എ.ആര്‍. മെഡിക്കല്‍ സെന്ററിലെ ഡോക്ടര്‍മാരായ അജ്മല്‍ ആസിഫും അദ്വൈതും മരിച്ചത്. അദ്വൈതിന്റെ ജന്മദിനമാഘോഷിക്കാന്‍ ശനിയാഴ്ച വൈകീട്ട് എറണാകുളത്ത് പോയി തിരിച്ചുവരുമ്പോഴാണ് ഇവരുടെ കാര്‍ വഴിതെറ്റി പുഴയില്‍ വീണത്.
ഗൂഗിള്‍ മാപ്പ് നോക്കി യാത്ര ചെയ്ത് വലിയ വാഹനങ്ങള്‍ ഇട റോഡില്‍ കുടുങ്ങിപ്പോകുന്നതും വഴി തെറ്റുന്നതുമായ സാഹചര്യം ഉണ്ടായിരുന്നെങ്കിലും ഗൂഗിള്‍ മാപ്പിലൂടെയുള്ള യാത്ര മരണത്തിലേക്ക് പോകുന്ന സാഹചര്യമാണിവിടെ. സെപ്തംബര്‍ മുപ്പതിന് അമേരിക്കയിലെ നോര്‍ത്ത് കരോലിനയിലെ ഗൂഗിള്‍ മാപ്പ് നോക്കി സഞ്ചരിച്ച് മഞ്ഞ് താഴ്‌വരയിലേക്ക് ജീപ്പ് മറിഞ്ഞ് ഫിലിപ്പ് പാക്‌സണ്‍ എന്ന വ്യക്തി മരണപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഗൂഗിള്‍ മാപ്പ് നോക്കി യാത്ര ചെയ്ത രണ്ട് ഡോക്ടര്‍മാരുടെ മരണവും. ഈ സാഹചര്യത്തില്‍ ഗൂഗിള്‍ മാപ്പ് നോക്കി യാത്ര ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് കേരളപോലീസ്. അയാള്‍ കഥയെഴുതുകയാണ് എന്ന സിനിമയില്‍ മോഹന്‍ലാല്‍ പറഞ്ഞത് പോലെ ചോയ്ച്ച് ചോയ്ച്ച് പോകാം എന്ന ഡയലോഗ് പ്രസക്തമാകുന്നത് ഇവിടെയാണ്.
കേരളപോലീസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ഗൂഗിള്‍ മാപ്പിനും വഴി തെറ്റുന്നതിന്റെ തെളിവാണ് മാപ്പിന്റെ സഹായത്തോടെ യാത്ര ചെയ്ത് അപകടത്തില്‍പ്പെടുന്ന വാര്‍ത്തകള്‍. ഗൂഗിള്‍ മാപ്പിന്റെ സഹായത്തോടെയുള്ള അപകടങ്ങള്‍ കൂടുതലും മണ്‍സൂണ്‍ കാലങ്ങളിലാണ്. മുന്‍പ് മൈല്‍ കുറ്റികള്‍ നോക്കിയും മറ്റ് അടയാളങ്ങള്‍ പിന്തുടര്‍ന്നും വഴി ചോദിച്ചുമായിരുന്നു യാത്രകള്‍. ആധുനികകാലത്ത് ഡ്രൈവിങ്ങിന് ഏറെ സഹായകരമാണ് ഗൂഗിള്‍ മാപ്പ്. എന്നാല്‍, പരിചിതമല്ലാത്ത വഴികളിലൂടെ മാപ്പ് നോക്കി സഞ്ചരിക്കുന്നത് ചിലപ്പോഴെങ്കിലും അപകടം സൃഷ്ടിക്കുന്നു.
ഗൂഗിള്‍ മാപ്പ് ഉപയോഗിച്ച് സഞ്ചരിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട വസ്തുതകള്‍ :
- വെള്ളപ്പൊക്കം, പേമാരി തുടങ്ങിയ പ്രകൃതി ദുരന്തങ്ങള്‍ നേരിടുന്ന അവസരങ്ങളില്‍ പലപ്പോഴും റോഡ് ഗതാഗതം തിരിച്ചുവിടാറുണ്ട്. ഇത് ഗൂഗിള്‍ മാപ്പ് പറഞ്ഞു തന്നെന്നു വരില്ല.
- മണ്‍സൂണ്‍ കാലങ്ങളില്‍, ട്രാഫിക് കുറവുള്ള റോഡുകളെ ഗൂഗിള്‍ മാപ്പ് അല്‍ഗോരിതം എളുപ്പം എത്തുന്ന വഴിയായി നമ്മളെ നയിക്കാറുണ്ട്. എന്നാല്‍ തിരക്ക് കുറവുള്ള റോഡുകള്‍ സുരക്ഷിതമായി ക്കൊള്ളണമെന്നില്ല.
- തോടുകള്‍ കവിഞ്ഞൊഴുകിയും മണ്ണിടിഞ്ഞും മരങ്ങള്‍ കടപുഴകി വീണും യാത്ര സാധ്യമല്ലാത്ത റോഡുകളിലൂടെയും വീതി കുറഞ്ഞതും സുഗമ സഞ്ചാരം സാധ്യമല്ലാത്ത അപകടങ്ങള്‍ നിറഞ്ഞ റോഡുകളിലൂടെയും ഗൂഗിള്‍ മാപ്പ് നയിച്ചേക്കാം. എന്നാല്‍ നമ്മെ അത് ലക്ഷ്യസ്ഥാനത്ത് എത്തിച്ചുകൊള്ളണമെന്നില്ല.
- അപകട സാദ്ധ്യത കൂടിയ മഴക്കാലത്തും രാത്രികാലങ്ങളിലും തീര്‍ത്തും അപരിചിതവും വിജനവുമായ റോഡുകള്‍ ഒഴിവാക്കുന്നതാണ് സുരക്ഷിതം.
- രാത്രികാലങ്ങളില്‍ GPS സിഗ്നല്‍ നഷ്ടപ്പെട്ട് ചിലപ്പോള്‍ വഴി തെറ്റാനിടയുണ്ട്.
- സഞ്ചാരികള്‍ കൂടുതല്‍ തിരയുന്ന റിസോര്‍ട്ടുകളും ടൂറിസ്റ്റ് കേന്ദ്രങ്ങളും ഗൂഗിള്‍ ലൊക്കേഷനില്‍ മന:പൂര്‍വ്വമോ അല്ലാെതയൊ തെറ്റായി രേഖപ്പെടുത്തി ആളുകളെ വഴിതെറ്റിക്കുന്നതും അപകടത്തില്‍ പെടുത്തുന്നതും ശ്രദ്ധിക്കേണ്ട വസ്തുതയാണ്.
- സിഗ്നല്‍ നഷ്ടപ്പെടാന്‍ സാധ്യതയുള്ള റൂട്ടുകളില്‍ നേരത്തെ തന്നെ റൂട്ട് സേവ് ചെയ്യാം.
- മാപ്പില്‍ യാത്രാരീതി സെലക്ട് ചെയ്യാന്‍ മറക്കരുത്. നാലുചക്രവാഹനങ്ങള്‍, ഇരുചക്രവാഹനങ്ങള്‍, സൈക്കിള്‍, കാല്‍നടയാത്ര, ട്രെയിന്‍ എന്നിങ്ങനെയുള്ള ഓപ്ഷനുകളില്‍ ഏതാണെന്ന് വച്ചാല്‍ അത് തെരഞ്ഞെടുക്കുക. ബൈക്ക് പോകുന്ന വഴി ഫോര്‍ വീലര്‍ പോകില്ലല്ലോ.. ഈ കാരണം കൊണ്ടുതന്നെ വഴി തെറ്റാം.
- ഒരു സ്ഥലത്തേക്ക് പോകാന്‍ രണ്ടുവഴികളുണ്ടാകും. ഈ സന്ദര്‍ഭങ്ങളില്‍ ഇടയ്ക്ക് നമുക്ക് അറിയാവുന്ന ഒരു സ്ഥലം ആഡ് സ്റ്റോപ്പ് ആയി നല്‍കിയാല്‍ വഴി തെറ്റുന്നത് ഒഴിവാക്കാം. വഴി തെറ്റിയാല്‍ ലക്ഷ്യ സ്ഥാനത്തേക്കുള്ള മറ്റൊരു വഴിയാകും ഗൂഗിള്‍ മാപ്പ് കാണിച്ചു തരിക. എന്നാല്‍, ഈ വഴി ചിലപ്പോള്‍ ഫോര്‍ വീലര്‍ അല്ലെങ്കില്‍ വലിയ വാഹനങ്ങള്‍ പോകുന്ന വഴി ആകണമെന്നില്ല.
ഗതാഗത തടസ്സം ശ്രദ്ധയില്‍പെട്ടാല്‍ ഗൂഗിള്‍ മാപ്പ് ആപ്പിലെ contribute എന്ന ഓപ്ഷന്‍ വഴി റിപ്പോര്‍ട്ട് ചെയ്യാം. ഇവിടെ എഡിറ്റ് മാപ്പ് ഓപ്ഷനില്‍ add or fix road എന്ന ഓപ്ഷന്‍ വഴി പ്രശ്‌നം റിപ്പോര്‍ട്ട് ചെയ്യാം. ഗൂഗിള്‍ മാപ്‌സ് ഇക്കാര്യം പരിഗണിക്കും. ഇത് പിന്നീട് അതു വഴി വരുന്ന യാത്രക്കാര്‍ക്ക് തുണയാകും. തെറ്റായ സ്ഥലനാമങ്ങളും അടയാളപ്പെടുത്താത്ത മേഖലകളുമൊക്കെ ഈ രീതിയില്‍ ഗൂഗിളിനെ അറിയിക്കാം.
അത്യാവശ്യം വന്നാല്‍ 112 എന്ന പോലീസ് കണ്‍ട്രോള്‍ റൂമില്‍ വിളിക്കാന്‍ മറക്കേണ്ട.
ശുഭയാത്ര.. സുരക്ഷിതയാത്ര.