October 25, 2025
#Top Four

ലക്ഷ്യത്തിലേക്കടുത്ത് കേരളം; വര്‍ക്കലയിലേത് ഏഴാമത്തെ ഫ്‌ലോട്ടിങ് ബ്രിഡ്ജ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഏഴാമത്തെ ഫ്‌ലോട്ടിങ് ബ്രിഡ്ജ് നിര്‍മ്മിച്ച് ലക്ഷ്യത്തിലേക്കടുത്ത് കേരളം. സംസ്ഥാനത്തെ ഏഴാമത്തെ ഫ്‌ലോട്ടിങ് ബ്രിഡ്ജ് ആരംഭിച്ചിരിക്കുന്നത് വര്‍ക്കലയിലാണ്. ഇന്നലെയാണ് ഉദ്ഘാടനം ചെയ്തത്.
ഇതോടെ തീരദേശമുള്ള ഒന്‍പത് ജില്ലകളില്‍ ഏഴിടത്തും ഫ്‌ലോട്ടിങ് ബ്രിഡ്ജ് ആരംഭിച്ചുകഴിഞ്ഞു. മറ്റുരണ്ടിടത്തും വൈകാതെ തന്നെ ഇവ സ്ഥാപിക്കും. തീരദേശ ടൂറിസവും സാഹസിക ടൂറിസവും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് കടലിനുമീതെ നടക്കാനുള്ള അവസരം ടൂറിസം വകുപ്പ് ഒരുക്കുന്നത്.

കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, തൃശൂര്‍, മലപ്പുറം, എറണാകുളം, തിരുവനന്തപുരം ജില്ലകളിലാണ് ഫ്‌ലോട്ടിങ് ബ്രിഡ്ജുകള്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തത്. ആലപ്പുഴ, കൊല്ലം ജില്ലകളില്‍കൂടി ഫ്‌ലോട്ടിങ് ബ്രിഡ്ജുകള്‍ ആരംഭിക്കുന്നതോടെ ഒന്‍പത് തീരദേശ ജില്ലകളിലും ഫ്‌ലോട്ടിങ് ബ്രിഡ്ജുകള്‍ എന്ന ലക്ഷ്യം പൂര്‍ത്തിയാകും.
കോഴിക്കോട് (ബേപ്പൂര്‍), കണ്ണൂര്‍ (മുഴപ്പിലങ്ങാട്), കാസര്‍കോട് (ബേക്കല്‍), മലപ്പുറം (താനൂര്‍ തൂവല്‍ തീരം), തൃശൂര്‍ (ചാവക്കാട്), എറണാകുളം (വൈപ്പിന്‍ കുഴുപ്പിള്ളി) എന്നിവിടങ്ങള്‍ക്ക് ശേഷമാണ് വര്‍ക്കലയില്‍ ഫ്‌ലോട്ടിങ് ബ്രിഡ്ജ് ആരംഭിച്ചത്. കടലിനു മുകളില്‍ പൊങ്ങിക്കിടക്കുന്ന പാലത്തിലൂടെ തിരമാലകളുടെ ചലനത്തിനനുസരിച്ച് നടക്കാമെന്നതാണ് ഫ്‌ളോട്ടിങ് ബ്രിഡ്ജിന്റെ പ്രത്യേകത.

Also Read; ലഡാക്കിലും ജമ്മുകാശ്മീരിലും ഭൂചലനം

100 മീറ്റര്‍ നീളവും മൂന്ന് മീറ്റര്‍ വീതിയുമുള്ള പാലത്തിന് ഇരുവശങ്ങളിലും തൂണുകളുണ്ട്. പാലം അവസാനിക്കുന്നിടത്ത് 11 മീറ്റര്‍ നീളത്തിലും ഏഴ് മീറ്റര്‍ വീതിയിലുമാണ് പ്ലാറ്റ് ഫോം. ഇവിടെനിന്ന് കടല്‍ക്കാഴ്ചകള്‍ ആസ്വദിക്കാന്‍ കഴിയും എന്നതും ഇതിന്റെ പ്രത്യേകതയാണ്.

 

Leave a comment

Your email address will not be published. Required fields are marked *