വീഞ്ഞും കേക്കും വിവാദ പരാമര്‍ശം പിന്‍വലിക്കുന്നുവെന്ന് മന്ത്രി സജി ചെറിയാന്‍

കൊച്ചി: വിവാദമായ വീഞ്ഞും കേക്കും പരാമര്‍ശം പിന്‍വലിക്കുന്നുവെന്ന് മന്ത്രി സജി ചെറിയാന്‍. തന്റെ പരാമര്‍ശങ്ങളില്‍ വന്ന ചില കാര്യങ്ങള്‍ പുരോഹിതര്‍ സൂചിപ്പിച്ചു. മണിപ്പൂര്‍ വിഷയം ബിഷപ്പുമാര്‍ പ്രധാനമന്ത്രിയോട് ഉന്നയിക്കണമായിരുന്നു. പ്രധാനമന്ത്രി വിഷയത്തില്‍ ഇടപെടണമെന്നും സ്ഥലം സന്ദര്‍ശിക്കണമെന്നുമുള്ള കാര്യങ്ങള്‍ സ്‌നേഹബുദ്ധിയാലെങ്കിലും ഉന്നയിക്കേണ്ടതായിരുന്നു എന്നാണ് പ്രസംഗത്തില്‍ താന്‍ ഉദ്ദേശിച്ചത്. എന്നാല്‍ തന്റെ രാഷ്ട്രീയ നിലപാടില്‍ മാറ്റം വരുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നും എറണാകുളത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി സജി ചെറിയാന്‍ വ്യക്തമാക്കി.
‘രാഷ്ട്രീയ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നു. എന്നാല്‍ എന്റെ പരാമര്‍ശങ്ങളില്‍ വന്ന ചില കാര്യങ്ങള്‍ സംബന്ധിച്ച് ചില ആശങ്കകളും പ്രയാസങ്ങളും പുരോഹിത ശ്രേഷ്ഠര്‍ നേരിട്ടും അല്ലാതെയും ശ്രദ്ധയില്‍പ്പെടുത്തി. അവര്‍ക്ക് പ്രയാസകരമായി തോന്നിയെങ്കില്‍ വീഞ്ഞും കേക്കും പരാമര്‍ശം പിന്‍വലിക്കുന്നു. വീഞ്ഞും കേക്കുമല്ല വലിയ രാഷ്ട്രീയ പ്രശ്നമാണ് ഉന്നയിച്ചത്. ഞാനൊരു മതേതരവാദിയാണ്. എന്റെ വ്യക്തിപരമായ അഭിപ്രായപ്രകടനമാണ് നടത്തിയത്. ആര്‍ക്കെങ്കിലും പരാമര്‍ശത്തില്‍ പ്രയാസമുണ്ടായെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നു. എല്ലാ ബിഷപ്പുമാരായും വ്യക്തിബന്ധമുണ്ട്.
എന്നെ ആക്ഷേപിക്കുന്ന നിലപാട് ശരിയല്ല. സാംസ്‌കാരിക മന്ത്രിയെന്ന നിലയില്‍ ഞാന്‍ പറഞ്ഞത് മഹാപാപമാണ് എന്ന് കരുതുന്നില്ല. കേരളത്തിന്റെയും രാജ്യത്തിന്റെയും പൊതുപ്രശ്‌നമാണ് പറഞ്ഞത്. പറഞ്ഞ കാര്യത്തില്‍ മാറ്റം വരുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നും പറഞ്ഞു.
Also Read; കുട്ടികര്‍ഷകര്‍ക്ക് സഹായവുമായി സിനിമാലോകം; ജയറാമിന് പിന്നാലെ മമ്മുട്ടിയും പൃഥ്വിരാജും രംഗത്ത്
കേരളത്തില്‍ ന്യൂനപക്ഷവും ഭൂരിപക്ഷവും സഹകരണത്തോടെയാണ് പോകുന്നത്. മറ്റ് സംസ്ഥാനങ്ങളില്‍ നടക്കുന്നത് നാളെ കേരളത്തില്‍ സംഭവിക്കുമോയെന്ന ആശങ്ക പലര്‍ക്കുമുണ്ട്. കേന്ദ്രമന്ത്രി നിരന്തരം പ്രസ്താവനകള്‍ നടത്തുന്നു. ഇവിടെ മുസ്‌ളീംങ്ങളെ അകറ്റി ക്രിസ്ത്യാനികളെ ചേര്‍ത്തുപിടിക്കാനാണ് ബിജെപി ശ്രമിക്കുന്നത്.
ക്ലിമീസ് തിരുമേനി വളരെ പ്രിയപ്പെട്ടയാളാണ്. വേദനിപ്പിക്കുന്ന ഭാഗം പിന്‍വലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. അദ്ദേഹം പറഞ്ഞതിന്റെ ഭാഗമായി വീഞ്ഞും കേക്കും പിന്‍വലിക്കുന്നു’- മന്ത്രി വ്യക്തമാക്കി.