October 25, 2025
#Top Four

സര്‍വകലാശാല കലോത്സവ കോഴ കേസ്: തന്റെ മകനെ കുടുക്കിയതാണെന്ന് ഷാജിയുടെ മാതാവ്

കണ്ണൂര്‍: തിരുവനന്തപുരത്ത് കേരള സര്‍വകലാശാല കലോത്സവവുമായി ബന്ധപ്പെട്ട് നടന്ന കോഴക്കേസില്‍ തന്റെ മകനെ കുടുക്കിയതാണെന്ന് മരിച്ച വിധികര്‍ത്താവ് ഷാജിയുടെ മാതാവ് ലളിത. പണം വാങ്ങിയിട്ടില്ലെന്ന് മകന്‍ കരഞ്ഞ് പറഞ്ഞിരുന്നു. മുഖത്ത് പാടുകളുണ്ടായിരുന്നു എന്നാല്‍ മര്‍ദനമേറ്റതായി അറിയില്ലെന്നും മാതാവ് പറഞ്ഞു. അതേസമയം ഷാജിയെ കുടുക്കിയത് അടുത്ത സുഹൃത്തുക്കളാണെന്ന് സഹോദരനും ആരോപിച്ചു. വിവാദങ്ങളില്‍ ദുരൂഹതയുണ്ട്. ആരോപണം ഷാജിയെ മാനസികമായി തകര്‍ത്തിരുന്നെന്നും തെറ്റ് ചെയ്തിട്ടില്ലെന്ന് പറഞ്ഞിരുന്നുവെന്നും സഹോദരന്‍ വ്യക്തമാക്കി.

Also Read; വിധികര്‍ത്താവ് ജീവനൊടുക്കിയ സംഭവം; എസ്എഫ്‌ഐക്കെതിരെ കെ സുധാകരന്‍

കേരള സര്‍വകലാശാല കലോത്സവത്തിലെ കോഴക്കേസുമായി ബന്ധപ്പെട്ട് തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഒന്നാം പ്രതിയായ കണ്ണൂര്‍ താഴെ ചൊവ്വ സൗത്ത് റെയില്‍വേ സ്റ്റേഷന് സമീപം സദാനന്ദാലയത്തില്‍ പി എന്‍ ഷാജിയെ കഴിഞ്ഞ ദിവസമാണ് വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്റ്റേഷനില്‍ ഹാജരാകാന്‍ നോട്ടീസ് നല്‍കിയതിന് പിന്നാലെയാണ് വിഷം ഉള്ളില്‍ച്ചെന്ന് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യാ കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. രാവിലെ ഭക്ഷണം കഴിച്ച ശേഷം മുറിയ്ക്കകത്ത് കയറി വാതിലടച്ച ഷാജി, ഉച്ച ഭക്ഷണം വേണ്ടെന്നും വിളിക്കരുതെന്നും പറഞ്ഞിരുന്നതായി വീട്ടുകാര്‍ പറഞ്ഞു. അതിനാല്‍ രാത്രിയോടെയാണ് ഷാജിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്.

Leave a comment

Your email address will not be published. Required fields are marked *