കേരളത്തില്‍ ഏപ്രില്‍ 26 വെള്ളിയാഴ്ച തെരഞ്ഞെടുപ്പ് നടത്താനുള്ള തീരുമാനത്തിനെതിരെ കൂടുതല്‍ മുസ്ലീം സംഘടനകള്‍ രംഗത്ത്
കോഴിക്കോട്: കേരളത്തില്‍ ഏപ്രില്‍ 26ന് വെള്ളിയാഴ്ച തെരഞ്ഞെടുപ്പ് നടത്താനുള്ള തീരുമാനത്തിനെതിരെ കൂടുതല്‍ മുസ്ലീം സംഘടനകള്‍ രംഗത്ത്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുന:പരിശോധിക്കണമെന്ന് കേരള മുസ്ലിം ജമാഅത്ത് ആവശ്യപ്പെട്ടു. ജുമുഅ ദിവസത്തെ വോട്ടെടുപ്പ്, തെരഞ്ഞെടുപ്പ് ചുമതലയുള്ള മുസ്ലിം ഉദ്യോഗസ്ഥര്‍ക്കും വോട്ടര്‍മാര്‍ക്കും വലിയ പ്രയാസം സൃഷ്ടിക്കുമെന്നും പോളിംഗ് എജന്റുമാരായ വിശ്വാസികള്‍ക്ക് അത് അസൗകര്യമുണ്ടാക്കുമെന്നുമാണ് മുസ്ലീം സംഘടനകള്‍ പറയുന്നത്.
രാജ്യത്തിന്റെ ഉത്സവമായ തെരഞ്ഞെടുപ്പ് മറ്റൊരു ദിവസത്തേക്ക് മാറ്റണമെന്നും തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഇക്കാര്യത്തില്‍ അടിയന്തരമായി ഇടപെടണമെന്നും കേരള മുസ്ലിം ജമാഅത്ത് ആവശ്യപ്പെട്ടു. ഓണ്‍ലൈനില്‍ ചേര്‍ന്ന കാബിനറ്റ് മീറ്റിംഗില്‍ കാന്തപുരം എ പി. അബൂബക്കര്‍ മുസ്ലിയാര്‍,സയ്യിദ് ഇബ്രാഹീം ഖലീലുല്‍ ബുഖാരി,വണ്ടൂര്‍ അബ്ദുല്‍റഹ്‌മാന്‍ ഫൈസി,എന്‍.അലിഅബ്ദുല്ല,മജീദ് കക്കാട്, സി.പി.സൈതലവി മാസ്റ്റര്‍ എന്നിവര്‍ സംബന്ധിച്ചു.
വെള്ളിയാഴ്ച വോട്ടെടുപ്പ് നടത്തുന്നതിനെതിരെ നേരത്തെ ലീഗും സമസ്തയും എതിര്‍പ്പുമായി രംഗത്തെത്തിയിരുന്നു. വോട്ടെടുപ്പ് തീയതി മാറ്റണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് സമസ്ത കത്തയച്ചിട്ടുണ്ട്. കേരളത്തിലെ തെരഞ്ഞെടുപ്പ് തീയതി ഏപ്രില്‍ 26ല്‍ നിന്നും മാറ്റണമെന്നാണ് ഇ കെ വിഭാഗം സമസ്തയുടെ ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട് സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങളും ജനറല്‍ സെക്രട്ടറി കെ ആലിക്കുട്ടി മുസ്ലിയാരും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് ഇ മെയില്‍ അയച്ചു. ജുമാ നമസ്‌കാരം നടക്കുന്ന വെള്ളിയാഴ്ച്ച വോട്ടെടുപ്പ് നടത്തുന്നത് ഉദ്യോഗസ്ഥര്‍ക്കും വോട്ടര്‍മാര്‍ക്കും പ്രയാസം സൃഷ്ടിക്കുമെന്ന് സമസ്ത പറഞ്ഞു.
Join with metro post: വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം





Malayalam 























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































