ശബരിമലയില്‍ പോകാതെ മാലയൂരിയവര്‍ കപടഭക്തര്‍, വ്യാജപ്രചരണങ്ങള്‍ നടന്നുവെന്ന് സഭയില്‍ ദേവസ്വം മന്ത്രി

തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തിലെ ചോദ്യോത്തരവേളയില്‍ ശബരിമല വിവാദങ്ങള്‍ക്ക് മറുപടി പറഞ്ഞ് മന്ത്രി കെ രാധാകൃഷ്ണന്‍. ശബരിമലയിലെ തിരക്കില്‍ വ്യാജ പ്രചാരണമുണ്ടായെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍ പറഞ്ഞു. ശബരിമലയില്‍ ഉണ്ടായത് അഭൂതപൂര്‍വമായ ഭക്തജനത്തിരക്കാണ്. ശബരിമലയെ തകര്‍ക്കാന്‍ ബോധപൂര്‍വം പ്രചാരണം ഉണ്ടായോ എന്ന് സംശയിക്കുന്നു. സംഭവിക്കാത്ത കാര്യം സംഭവിച്ചു എന്ന് വരുത്തിത്തീര്‍ക്കാന്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചു.
ശബരിമലയില്‍ കയറാനാകാതെ അയ്യപ്പഭക്തന്മാര്‍ക്ക് പന്തളം ക്ഷേത്രത്തില്‍ മാല ഊരേണ്ടിവന്നുവെന്ന് എം വിന്‍സന്റ് സഭയില്‍ പറഞ്ഞു. യഥാര്‍ത്ഥ ഭക്തന്മാര്‍ മാല ഊരി പോയിട്ടില്ലെന്നായിരുന്നു കെ രാധാകൃഷ്ണന്റെ മറുപടി. കപടഭക്തന്മാരാണ് അത് ചെയ്തത്. സന്നിധാനത്ത് നിന്ന് തിരിച്ചിറങ്ങിയ രണ്ടുമൂന്ന് പേരെ എടുത്താണ് ഇത് പ്രചരിപ്പിക്കുന്നത്. ശബരിമലയില്‍ ബോധപൂര്‍വം കുഴപ്പമുണ്ടാക്കാന്‍ ശ്രമം നടന്നിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
ശബരിമലയില്‍ നിന്നുള്ള വരുമാനം വര്‍ധിച്ചിട്ടുണ്ട്. എന്നാല്‍ വരവ് ഇപ്പോള്‍ കൃത്യമായി പറയാന്‍ കഴിയില്ല. ഇനിയും തുക എണ്ണാനുണ്ട്. 30കോടി രൂപയാണ് ഈ വര്‍ഷം ശബരിമലയ്ക്കായി ചെലവഴിച്ചത്. മറ്റ് വകുപ്പുകളും തുക പ്രത്യേകം ചെലവഴിച്ചിട്ടുണ്ട്. വ്യാജ വാര്‍ത്തകള്‍ ചില കോണുകളില്‍ നിന്ന് വന്നു. വെള്ളവും ഭക്ഷണവും വേണമെന്ന് ആവശ്യപ്പെട്ട് ചിലര്‍ സമരം ചെയ്യുന്നത് കണ്ടു. പക്ഷേ അവരുടെ മുദ്രാവാക്യം മുഖ്യമന്ത്രിക്ക് എതിരായിരുന്നു.
ശബരിമല പ്രശ്‌നത്തില്‍ രാഷ്ട്രീയ അജണ്ട ഉണ്ടോ എന്ന് പരിശോധിക്കാമെന്ന് പി സി വിഷ്ണുനാഥ് പറഞ്ഞു. പക്ഷേ മള്‍ട്ടി ലാംഗ്വേജ് തെറി കേള്‍ക്കേണ്ടി വന്നു. പല സംസ്ഥാനത്തു നിന്ന് വന്നവര്‍ അവരുടെ ഭാഷയില്‍ സര്‍ക്കാരിനെ കുറ്റം പറഞ്ഞു. ഇങ്ങനെ കുറ്റം കേള്‍ക്കുന്നത് സര്‍ക്കാരിന് നല്ലതല്ലെന്നുമായിരുന്നു പി സി വിഷ്ണുനാഥിന്റെ സഭയിലെ പ്രതികരണം.