പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുമായി ഒളിച്ചോടിയ അദ്ധ്യാപികയ്‌ക്കെതിരെ പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്തു

ചെന്നൈ: പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുമായി ഒളിച്ചോടിയ 32കാരിയായ അദ്ധ്യാപികയെ പോക്‌സോ കേസില്‍ പോലീസ് അറസ്റ്റ് ചെയ്തു. ചെന്നൈ ഷോളിങ്ങനല്ലൂരിന് അടുത്തുള്ള സ്വകാര്യ സ്‌കൂള്‍ അദ്ധ്യാപികയായ ഹെപ്സിബയാണ് അറസ്റ്റിലായത്. നേരത്തെ ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ ഹെപ്സിബ താന്‍ പഠിപ്പിക്കുന്ന സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുമായി അടുപ്പത്തിലാവുകയും അടുപ്പം പിന്നീട് പ്രണയത്തിലേക്ക് വഴിമാറുകയുമായിരുന്നു.
ചൊവ്വാഴ്ച രാവിലെ സ്‌കൂളിലേക്ക് പോയ വിദ്യാര്‍ത്ഥി വൈകിട്ടായിട്ടും തിരിച്ചെത്തിയിരുന്നില്ല. വീട്ടുകാര്‍ സ്‌കൂളിലെത്തി അന്വേഷിച്ചപ്പോള്‍ അന്നേ ദിവസം അവിടെ എത്തിയിട്ടില്ലെന്ന് വിവരം ലഭിച്ചു. തുടര്‍ന്ന് വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തില്‍ അദ്ധ്യാപികയായ ഹെപ്സിബയും ചൊവ്വാഴ്ച സ്‌കൂളില്‍ വന്നിട്ടില്ലെന്ന് കണ്ടെത്തി.
Also Read; സ്ത്രീകള്‍ക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാന്‍ സ്വാതന്ത്രമുണ്ടെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ
പിന്നീടാണ് ഇരുവരും പ്രണയത്തിലായിരുന്നുവെന്നും ഒളിച്ചോടിയതാണെന്നും പോലീസിനും വീട്ടുകാര്‍ക്കും മനസിലായത്. ഇരുവരുടെയും മൊബൈല്‍ നെറ്റ്വര്‍ക്കുകള്‍ പരിശോധിച്ചപ്പോള്‍ കോയമ്പത്തൂരിലെ കാരമടയിലാണ് ഇവര്‍ ഉള്ളതെന്ന് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ഇരുവരെയും പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. വിനോദയാത്രയ്ക്കായി വന്നതാണെന്നാണ് ചോദ്യം ചെയ്തപ്പോള്‍ അദ്ധ്യാപിക പറഞ്ഞത്. പോലീസ് ഹെപ്സിബയ്‌ക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്.