സിപിഎം ലോക്കല്‍ സെക്രട്ടറിയെ വെട്ടിക്കൊന്നു

കോഴിക്കോട്: കൊയിലാണ്ടിയില്‍ സിപിഎം ലോക്കല്‍ സെക്രട്ടറിയെ വെട്ടിക്കൊലപ്പെടുത്തി. പെരുവട്ടൂര്‍ ചെറിയപ്പുരം ക്ഷേത്രോത്സവത്തിനിടെയാണ് കൊയിലാണ്ടി സെന്‍ട്രല്‍ ലോക്കല്‍ സെക്രട്ടറിയായ പിവി സത്യനാഥന്‍ (62) നെ കൊലപ്പെടുത്തിയത്.
Also Read ; തൃശൂര്‍ പാലപ്പിള്ളിയില്‍ പുലിയിറങ്ങി; പശുക്കിടാവിനെ കൊന്നു തിന്നു
സംഭവവുമായി ബന്ധപ്പെട്ട് പെരുവട്ടൂര്‍ സ്വദേശിയായ സിപിഎം മുന്‍ ബ്രാഞ്ച് കമ്മിറ്റി അംഗം പുറത്തോന അഭിലാഷ് (30) നെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. കൊലയ്ക്കു പിന്നില്‍ വ്യക്തി വൈരാഗ്യമാണെന്ന് കോഴിക്കോട് റൂറല്‍ എസ്പി അരവിന്ദ് സുകുമാര്‍ പറഞ്ഞു. സംഭവത്തില്‍ പ്രതിഷേധിച്ച് കൊയിലാണ്ടിയില്‍ ഇന്ന് സിപിഎം ഹര്‍ത്താല്‍ ആചരിക്കും.
വെട്ടേറ്റ ഉടന്‍ തന്നെ സത്യനാഥനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ശരീരത്തില്‍ മഴു കൊണ്ടുള്ള നാലിലധികം വെട്ടുകളുണ്ടെന്നാണ് റിപ്പോര്‍ട്ട്. ക്ഷേത്രോത്സവത്തിന്റെ ഭാഗമായി നടന്ന ഗാനമേളയ്ക്കിടെയാണ് ആക്രമണമുണ്ടായത്.
കൊയിലാണ്ടി ബസ് സ്റ്റാന്‍ഡിനു സമീപത്തെ ശക്തി ഷോപ്പിങ് കോംപ്ലക്‌സ് മാനേജരായ സത്യനാഥന്‍ മുമ്പ് കൊയിലാണ്ടി നഗരസഭയിലേക്ക് മത്സരിച്ചിട്ടുണ്ട്. അച്ഛന്‍: അപ്പു നായര്‍, അമ്മ: കമലാക്ഷി അമ്മ. ഭാര്യ: ലതിക. മക്കള്‍: സലില്‍ നാഥ്, സലീന. മരുമക്കള്‍ അമ്പിളി, സുനു.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം