#kerala #Top Four

റിപ്പോര്‍ട്ടില്‍ പഴുതടച്ച അന്വേഷണം വേണം ; സംഘടിതമായി ഒരാളുടെ തൊഴിലവസരം നിഷേധിക്കുന്നുണ്ടെങ്കില്‍ നടപടി ഉണ്ടാകണം, പവര്‍ ഗ്രൂപ്പുണ്ടെങ്കില്‍ ഇല്ലാതാകണം – പൃഥ്വിരാജ്

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ശക്തമായ അന്വേഷണം വേണമെന്ന് നടന്‍ പൃഥ്വിരാജ്. നിലവിലെ വിവാദങ്ങള്‍ സിനിമാ മേഖലയെ എങ്ങനെ ബാധിക്കണമോ അങ്ങനെ തന്നെ ബാധിക്കണമെന്നും ആരോപണങ്ങളില്‍ പഴുതടച്ച അന്വേഷണം വേണമെന്നും എഎംഎംഎ അംഗവും കൂടിയായ പൃഥ്വിരാജ് പറഞ്ഞു.അന്വേഷണത്തിനൊടുവില്‍ കുറ്റകൃത്യങ്ങള്‍ തെളിയിക്കപ്പെട്ടാല്‍ മാതൃകാപരമായ ശിക്ഷാ നടപടികള്‍ ഉണ്ടാകണം. അങ്ങനെ മാത്രമെ ഇതിന് അവസാനം ഉണ്ടാക്കാന്‍ സാധിക്കൂവെന്ന് പൃഥ്വിരാജ് നിലപാട് വ്യക്തമാക്കി.അതേസമയം ആരോപണങ്ങള്‍ കള്ളമെന്ന് തെളിയിക്കപ്പെട്ടാല്‍ മറിച്ചും ശിക്ഷാനടപടികള്‍ ഉണ്ടാവണമെന്നും നടന്‍ പറഞ്ഞു. ഇരകളുടെ പേരുകള്‍ മാത്രമാണ് സംരക്ഷിക്കപ്പെടേണ്ടത്. ആരോപണവിധേയരുടെ പേര് പുറത്തുവിടുന്നതില്‍ നിയമ തടസ്സമില്ലെന്നും പൃഥ്വിരാജ് കൂട്ടിച്ചേര്‍ത്തു.

Also Read ; സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ അന്വേഷിക്കും, സിനിമാ മേഖലയിലെ പവര്‍ ഗ്രൂപ്പിനെ അറിയില്ല – പ്രേം കുമാര്‍

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ എനിക്ക് ഞെട്ടലില്ല. ഹേമ കമ്മിറ്റിയുമായി ആദ്യം സംസാരിച്ചവരില്‍ ഒരാളാണ് താന്‍. കുറ്റകൃത്യങ്ങളില്‍ തുടര്‍നടപടി എന്താണെന്ന് അറിയാന്‍ നിങ്ങളെപോലെ എനിക്കും ആകാക്ഷയുണ്ട്. പരാതികളില്‍ അന്വേഷണം നടത്തുന്നത് അടക്കം നിലവിലെ വിവാദങ്ങളില്‍ എഎംഎംഎയ്ക്ക് വീഴ്ച്ച സംഭവിച്ചുവെന്നതില്‍ സംശയമില്ല. തനിക്ക് ചുറ്റുമുള്ള വര്‍ക്ക്സ്പേസ് സുരക്ഷിതമാക്കും എന്ന് പറയുന്നതില്‍ തീരുന്നതല്ല ഒരാളുടെയും ഉത്തരവാദിത്തമെന്നും താരം പറഞ്ഞു.

എഎംഎംഎ തിരുത്തണം. ശക്തമായ ഇടപെടല്‍ സംഘടനയുടെ ഭാഗത്ത് നിന്നും ഉണ്ടാകണം. സ്ഥാനത്ത് ഇരിക്കുന്നവര്‍ക്കെതിരെ ആരോപണം വരികയാണെങ്കില്‍ അതില്‍ നിന്ന് മാറിനിന്ന് അന്വേഷണത്തെ നേരിടുകയെന്നതാണ് മര്യാദ. പവര്‍ ഗ്രൂപ്പ് ഉണ്ടെങ്കില്‍ ഇല്ലാതാകണം. പവര്‍ അതോറിറ്റിയെ താന്‍ അഭിമുഖീകരിച്ചിട്ടില്ലായെന്ന് പറഞ്ഞാല്‍ തീരില്ലെന്നും പൃഥ്വിരാജ് പറഞ്ഞു.

നടി പാര്‍വ്വതിക്ക് മുമ്പ് മലയാളം സിനിമയില്‍ നിന്നും വിലക്ക് നേരിട്ടയാള്‍ താനല്ലെയെന്നും പൃഥ്വിരാജ് ചോദിച്ചു. ഡബ്ല്യൂസിസി അംഗങ്ങള്‍ ഉള്‍പ്പെടെ എഎംഎംഎ സംഘടനയുടെ ഭാഗമാക്കേണ്ടതില്ലേയെന്ന ചോദ്യത്തോട് എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ഉണ്ടാവേണ്ടത്. അങ്ങനെയൊരു ഭാവി ഉണ്ടാവട്ടെയെന്ന് പ്രത്യാശിക്കുന്നു. സംഘടിതമായി ഒരാളുടെ തൊഴിലവസരം നിഷേധിക്കുന്നുണ്ടെങ്കില്‍ നടപടി ഉണ്ടാകണം. അങ്ങനെയുള്ള അവകാശമോ അധികാരമോ ആര്‍ക്കും ഇല്ലെന്നും നടന്‍ പറഞ്ഞു.

Join with metropost : https://whatsapp.com/channel/0029VaAaecuKWEKr0rWV931

എഎംഎംഎ യുടെ തലപ്പത്ത് വനിതാ പ്രാതിനിധ്യം വരണമോ എന്ന ചോദ്യത്തിന് എല്ലാ സംഘടനയുടെ തലപ്പത്തും വനിതാ പ്രാതിനിധ്യം ഉണ്ടാകണമെന്നും പൃഥ്വിരാജ് പറഞ്ഞു. അതേസമയം ഇത്തരമൊരു തിരുത്തല്‍ ആദ്യം നടന്നത് മലയാളം സിനിമയില്‍ ആണെന്നത് ചരിത്രം രേഖപ്പെടുത്തുമെന്നും പറഞ്ഞാണ് മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടി പൃഥ്വിരാജ് അവസാനിപ്പിച്ചത്.

 

Leave a comment

Your email address will not be published. Required fields are marked *