വീണ്ടും നായനാരുടെ ശബ്ദംകേള്‍ക്കാം; നിര്‍മിതബുദ്ധിയില്‍ നായനാര്‍ക്ക് പുതുജന്മം

കണ്ണൂര്‍: നര്‍മ്മം നിറഞ്ഞ സ്വതസിദ്ധ ശൈലിയിലൂടെ ജനമനസുകളില്‍ ഇടം നേടിയ ജനനായകന്‍ വിടപറഞ്ഞിട്ട് ഇന്നേക്ക് 20 വര്‍ഷം.കുറിക്ക് കൊളളുന്ന വിമര്‍ശനവും നര്‍മ്മത്തില്‍ ചാലിച്ച സംഭാഷണവുമാണ് മലയാളികള്‍ക്ക് ഇകെ നായനാര്‍. നായനാരുടെ ചരമവാര്‍ഷികമായ ഇന്ന് ഇ കെ നായനാര്‍ അക്കാദമിയില്‍ ഒരുക്കിയ മ്യൂസിയം പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കുകയാണ്. ഒരു കാലഘട്ടത്തിന്റെ പോരാട്ടങ്ങളുടെ നേതാക്കളുടെ ജീവിതത്തിന്റെ സ്മരണകളിരിമ്പുന്ന രണസ്മാരകം കൂടിയാണ് ഈ മ്യൂസിയം. മ്യൂസിയത്തില്‍ ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്ന നായനാരെ കാണാം. ഒരോരുത്തരും ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് നിര്‍മിത ബുദ്ധിയില്‍ ഡിജിറ്റലായിട്ടാണ് നായനാര്‍ ഉത്തരം പറയുന്നത്.
സിപിഎം സംസ്ഥാന സെക്രട്ടറിയാണ് ആദ്യത്തെ ചോദ്യം ചോദിച്ചത്. ആരാണ് സഖാവിന്റെ രാഷ്ട്രീയഗുരു – ചെറുവാചകങ്ങളില്‍ തുടങ്ങി ഒടുവില്‍ പേര് പറഞ്ഞു, ശാരദയുടെ അമ്മാവന്‍ ഗോപാലന്‍.അടുത്ത ചോദ്യം എം വി ജയരാജന്റേതായിരുന്നു. ഏതായിരുന്നു സഖാവിന്റെ ആദ്യ രാഷ്ട്രീയസമരം? 1936 ലെ ആറോണ്‍ മില്‍സമരം എന്നായിരുന്നു നായനാരുടെ മറുപടി.ഇങ്ങനെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്ന എഐ നായനാരെയാണ് നമുക്ക് കാണാനാവുക.
Also Read ; എട്ടാം ക്ലാസ് പാസ്സായവര്‍ക്ക് നല്ല ശമ്പളത്തില്‍ കൊച്ചിന്‍ ഷിപ്പ് യാര്‍ഡില്‍ നേഴ്‌സിംഗ് അസിസ്റ്റന്റ് ജോലി
ഹോളോഗ്രാം വിദ്യയിലൂടെയുള്ള ഡിജിറ്റല്‍ ദൃശ്യത്തില്‍ പൂര്‍ണകായ നായനാര്‍ തെളിഞ്ഞുവരും. നായനാരുടെ രാഷ്ട്രീയജീവിതത്തിലെ നിര്‍ണായക മുഹൂര്‍ത്തങ്ങള്‍ മുതല്‍ ഇഷ്ടപ്പെട്ട ഭക്ഷണംവരെയുള്ള പത്തിലേറെ ചോദ്യങ്ങള്‍ക്ക് ഇംഗ്ലീഷിലും മലയാളത്തിലും മറുപടി കിട്ടും. മൂന്നുനിലകളിലായി ദൃശ്യ-ശ്രവ്യലോകമാണ് മ്യൂസിയത്തില്‍ തുറക്കുന്നത്. നായനാരുടെ രാഷ്ട്രീയജീവിതത്തിന്റെ ഡിജിറ്റല്‍ പുനരാവിഷ്‌കാരമാണ് ഈ മ്യൂസിയത്തിന്റെ പ്രത്യേകത. നായനാരുടെ ഡയറികള്‍ ഇവിടെ ഒരുക്കിവെച്ചിട്ടുണ്ട്. നായനാര്‍ക്ക് പുറമെ പി. കൃഷ്ണപിള്ള, ഇ.എം.എസ്., എ.കെ.ജി., കെ. ദാമോദരന്‍, എന്‍.സി. ശേഖര്‍ എന്നിവരുടെ പൂര്‍ണകായ മെഴുകുപ്രതിമകളും ഇവിടെയുണ്ട്. കൂടാതെ മുഖ്യമന്ത്രിയോട് ചോദിക്കാം എന്ന ടെലിവിഷന്‍ ചാനല്‍ പരിപാടി ഒട്ടേറെ ടെലിവിഷന്‍ സ്‌ക്രീനുകളില്‍ ഒന്നിച്ചുകാണാം. യുവാവായ നായനാര്‍, കുറ്റിത്താടിയുള്ള നായനാര്‍ -ചിരപരിചിതമായ ഫോട്ടോകള്‍ക്കൊപ്പം നായനാരുടെ അപൂര്‍വമായ ദൃശ്യങ്ങളുമുണ്ട്.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
ഇതിനെല്ലാം പുറമെ നായനാരുടെ വായനമുറിയാണ് ഇവിടുത്തെ മറ്റൊരു ആകര്‍ഷണം. അദ്ദേഹം ഉപയോഗിച്ച ചാരുകസേര, മേശ, പുസ്തകങ്ങള്‍, ഫാന്‍, പുസ്തക അലമാര എന്നിവ ക്രമീകരിച്ചിട്ടുണ്ട്. തൊട്ടടുത്തായി അദ്ദേഹത്തിന്റെ ലേഖനങ്ങള്‍ ഇന്‍സ്റ്റലേഷനായി ചരടില്‍ തൂക്കിയിട്ടിരിക്കുന്നു. ഒരു അലമാരയില്‍ നായനാര്‍ രചിച്ച പുസ്തകങ്ങള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍, ജില്ലാ സെക്രട്ടറി എം.വി. ജയരാജന്‍, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ ടി.വി. രാജേഷ്, പി. ജയരാജന്‍, പനോളി വത്സന്‍, വി. ശിവദാസന്‍ എം.പി., ടി.ഐ. മധുസൂദനന്‍ എം.എല്‍.എ., എന്‍. ചന്ദ്രന്‍, എം. പ്രകാശന്‍, ടി.കെ. ഗോവിന്ദന്‍ എന്നിവര്‍ മ്യൂസിയം സന്ദര്‍ശിച്ചു. നായനാര്‍ അക്കാദമിയുടെ ചുമതലയുള്ള പ്രൊഫ. ടി.വി. ബാലന്‍, പ്രൊഫ.കെ.എ. സരള എന്നിവര്‍ നേതാക്കളെ സ്വീകരിച്ചു.