October 16, 2025
#news #Top Four

വോട്ടര്‍പട്ടിക ക്രമക്കേടില്‍ ആഞ്ഞടിക്കാന്‍ ഇന്‍ഡ്യ സഖ്യം; 300 എംപിമാരെ അണിനിരത്തി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിലേക്ക് പ്രതിഷേധം

ന്യൂഡല്‍ഹി: വോട്ടര്‍പട്ടികയിലെ ക്രമക്കേടില്‍ പ്രതിഷേധം ശക്തമാക്കാന്‍ ഇന്‍ഡ്യ സഖ്യം. രാഹുല്‍ ഗാന്ധി ഉന്നയിച്ച വോട്ടര്‍പട്ടിക തട്ടിപ്പ് ആരോപണത്തെ ചര്‍ച്ചയാക്കാനും പ്രധാന വിഷയമായി ഉയര്‍ത്താനുമാണ് ധാരണ. ഇന്‍ഡ്യ സഖ്യത്തിലെ 300 എംപിമാരെ പങ്കെടുപ്പിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിലേക്ക് വന്‍ പ്രതിഷേധം സംഘടിപ്പിക്കും. നാളെ പാര്‍ലമെന്റില്‍ നിന്നും 11.30ന് ആരംഭിക്കുന്ന മാര്‍ച്ചിന് രാഹുല്‍ ഗാന്ധി നേതൃത്വം നല്‍കും.

Also Read; ഉപരാഷ്ട്രപതി സ്ഥാനം രാജിവെച്ച ജഗ്ദീപ് ധന്‍കര്‍ എവിടെ? കേന്ദ്ര സര്‍ക്കാരിനെതിരെ ചോദ്യമുയര്‍ത്തി കപില്‍ സിബല്‍

മാര്‍ച്ചിന് ശേഷം നേതാക്കള്‍ തെരഞ്ഞെടുപ്പ് കമ്മീഷനുമായി ചര്‍ച്ച ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വിഷയം മുന്‍നിര്‍ത്തി വിവിധ ഭാഷകളില്‍ തയ്യാറാക്കിയ പ്ലക്കാര്‍ഡുകളും നേതാക്കള്‍ ഉയര്‍ത്തും. വോട്ടര്‍പട്ടികയുമായി ബന്ധപ്പെട്ട രാഹുല്‍ ഗാന്ധിയുടെ വെളിപ്പെടുത്തലുകളെ ഏറ്റെടുത്തിരിക്കയാണ് ഇന്‍ഡ്യ സഖ്യത്തിലെ കക്ഷികള്‍. ഇത് സഖ്യത്തിന്റെ കെട്ടുറപ്പുയര്‍ത്തുമെന്നാണ് കരുതുന്നത്. അതേസമയം എംപിമാര്‍ക്ക് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വസതിയില്‍ അത്താഴ വിരുന്നൊരുക്കുന്നുണ്ട്. വിരുന്നില്‍ ഇക്കാര്യം ചര്‍ച്ചചെയ്യും.

Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…

മഹാരാഷ്ട്രയില്‍ അഞ്ച് വര്‍ഷം കൊണ്ട് ചേര്‍ക്കുന്നതിലും അധികം വോട്ട് അഞ്ച് മാസം കൊണ്ട് ചേര്‍ത്തെന്നും ഹരിയാനയിലും കര്‍ണാടകയിലും തെരഞ്ഞെടുപ്പ് തീയതി മാറ്റിയതില്‍ സംശയമുണ്ടെന്നുമാണ് രാഹുല്‍ ഗാന്ധി വെളിപ്പെടുത്തിയത്. മഹാരാഷ്ട്രയില്‍ അഞ്ച് മണിക്ക് ശേഷം പോളിങ് കുതിച്ചുയര്‍ന്നു. 40 ലക്ഷം ദുരൂഹവോട്ടര്‍മാര്‍ വന്നു. സിസിടിവി ദൃശ്യങ്ങള്‍ 45 ദിവസം കൊണ്ട് നശിപ്പിച്ചു. ഇത് ദൃശ്യങ്ങള്‍ ലഭിക്കാതിരിക്കാന്‍ വേണ്ടിയാണെന്നും ഡല്‍ഹിയിലെ ഇന്ദിരാഭവനില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബിജെപിയുമായി ചേര്‍ന്ന് വോട്ട് മോഷ്ടിക്കുന്നുവെന്നും ഹരിയാനയിലും അട്ടിമറിയുണ്ടായെന്നും രാഹുല്‍ പറഞ്ഞിരുന്നു.

Leave a comment

Your email address will not be published. Required fields are marked *