September 19, 2024
#kerala #Top Four

സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ചു

ഡല്‍ഹി: സിപിഐഎം അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ചു. 72 വയസായിരുന്നു. ഡല്‍ഹിയിലെ എയിംസ് ആശുപത്രിയില്‍ കുറച്ചു ദിവസങ്ങളായി ന്യൂമോണിയ ബാധിതനായി ചികിത്സയിലായിരുന്നു. ഇതേ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് ഇന്ന് അന്തരിച്ചത്.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

2015 ഏപ്രില്‍ മാസത്തില്‍ സിപിഐഎമ്മിന്റെ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയായി നിയോഗിതനായ യെച്ചൂരി ഏറ്റവും ഒടുവില്‍ 2022 ഏപ്രിലില്‍ കണ്ണൂരില്‍ വെച്ച നടന്ന സിപിഐഎമ്മിന്റെ 23-ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ മൂന്നാംവട്ടവും ജനറല്‍ സെക്രട്ടറിയായി തെരഞ്ഞടുക്കപ്പെട്ടിരുന്നു. സിപിഐഎമ്മിന്റെ 24-ാം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള സമ്മേളന കാലയളവിലാണ് സീതാറാം യെച്ചൂരി വിടവാങ്ങിയിരിക്കുന്നത്. സാമ്പത്തിക ശാസ്ത്രം, ചരിത്രം, കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം എന്നിവയില്‍ വലിയ അവഗാഹമുള്ള നേതാവായാണ് സീതാറം യെച്ചൂരി പരിഗണിക്കപ്പെടുന്നത്.

എസ്എഫ്‌ഐയിലൂടെ പൊതുപ്രവര്‍ത്തന രംഗത്തെത്തിയ യെച്ചൂരി വിദ്യാഭ്യാസ കാലത്ത് തന്നെ മാര്‍ക്‌സിസ്റ്റ്-ലെനിനിസ്റ്റ് സൈദ്ധാന്തികന്‍ എന്ന നിലയില്‍ ശ്രദ്ധ നേടിയിരുന്നു. 1974-ല്‍ സ്റ്റുഡന്റ്സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (എസ്എഫ്‌ഐ)യില്‍ ചേര്‍ന്ന യെച്ചൂരി തൊട്ടടുത്ത വര്‍ഷം സിപിഐഎം അംഗമായി. ഒരു വര്‍ഷത്തിനുശേഷം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്സിസ്റ്റ്) (സിപിഐ (എം)) യില്‍ ചേര്‍ന്നു. 1975-ല്‍ ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് സീതാറാം അറസ്റ്റിലായിരുന്നു. പിന്നീടുള്ള ആറുമാസം ഒളിവിലായിരുന്നു യെച്ചൂരിയുടെ പ്രവര്‍ത്തനം. ഇതോടെ മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തകനായും യെച്ചൂരി മാറി.

ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയില്‍ സ്റ്റുഡന്റ്‌സ് യൂണിയന്‍ പ്രസിഡന്റായിരുന്ന യെച്ചൂരി ജെഎന്‍യുവിനെ എസ്എഫ്‌ഐയുടെ സ്വാധീനകേന്ദ്രമാക്കി മാറ്റുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ചിരുന്നു. 1978ല്‍ എസ്എഫ്‌ഐ ദേശീയ ജോയിന്റ് സെക്രട്ടറിയായ അദ്ദേഹം പിന്നീട് ദേശീയ പ്രസിഡന്റ് പദവിയും വഹിച്ചു. 1984ല്‍ 33-ാമത്തെ വയസ്സില്‍ യെച്ചൂരി സിപിഐഎമ്മിന്റെ കേന്ദ്ര കമ്മിറ്റിയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1985 പാര്‍ട്ടി ഭരണഘടന ഭേദഗതി ചെയ്ത് സിപിഐഎം രൂപീകരിച്ച അഞ്ചംഗ സെന്‍ട്രല്‍ സെക്രട്ടറിയറ്റിലും യെച്ചൂരി അംഗമായി. പിന്നീട് ഇംഎംഎസും ഹര്‍കിഷന്‍ സിങ്ങ് സുര്‍ജിതും പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനം വഹിക്കുന്ന ഘട്ടത്തില്‍ സിപിഐഎമ്മിന്റെ പ്രധാനപ്പെട്ട സൈദ്ധാന്തിക മുഖമായി മാറാന്‍ യെച്ചൂരിക്ക് സാധിച്ചു. 1992ല്‍ 14-ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ യെച്ചൂരി സിപിഐഎമ്മിന്റെ പരമോന്നത സമിതിയായ പൊളിറ്റ് ബ്യൂറോയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു.

കേന്ദ്രത്തില്‍ മുന്നണി സര്‍ക്കാരുകള്‍ രൂപം കൊണ്ട ഘട്ടങ്ങളിലെല്ലാം സിപിഐഎമ്മിനെ പ്രതിനിധീകരിച്ച് ഇത്തരം ചര്‍ച്ചകളില്‍ നേതൃപരമായി ഇടപെട്ടത് സീതാറാം യെച്ചൂരിയായിരുന്നു. 1996ല്‍ ഐക്യമുന്നണി സര്‍ക്കാരിന്റെ രൂപീകരണഘട്ടത്തിലും 2004ല്‍ ഒന്നാം യുപിഎ സര്‍ക്കാരിന്റെ രൂപീകരണ കാലത്തും പൊതുമിനിമം പരിപാടി രൂപപ്പെടുത്തുന്നതില്‍ യെച്ചൂരിയുടെ പങ്കാളിത്തം നിര്‍ണ്ണായകമായിരുന്നു. 1996ല്‍ ജ്യോതിബസുവിനെ പ്രധാനമന്ത്രിയാക്കണമെന്ന പ്രതിപക്ഷ സഖ്യത്തിന്റെ ആവശ്യത്തെ സിപിഐഎം നിരാകരിക്കുമ്പോള്‍ ആ തീരുമാനത്തിന് പ്രത്യയശാസ്ത്രപരമായ വ്യക്തത നല്‍കിയതും അതിനായി പാര്‍ട്ടിയില്‍ വാദിച്ചവരിലും യെച്ചൂരിയുണ്ടായിരുന്നു.

2004ല്‍ ഒന്നാം യുപിഎ സര്‍ക്കാര്‍ രൂപീകരിക്കുമ്പോള്‍ അതില്‍ സിപിഐഎമ്മിന്റെ സാന്നിധ്യം എന്തായിരിക്കണമെന്ന് തീരുമാനിക്കുന്നതിലും യെച്ചൂരി നേതൃപരമായ പങ്കുവഹിച്ചു. യുപിഎയുടെ പൊതുമിനിമം പരിപാടിയില്‍ ഇടതുപക്ഷ ആഭിമുഖ്യമുള്ള നയസമീപനങ്ങള്‍ ഉള്‍ക്കൊള്ളിക്കാന്‍ സാധിച്ചത് യെച്ചൂരിയുടെ ശ്രദ്ധേയമായ ഇടപെടലായാണ് കണക്കാക്കപ്പെടുന്നത്. തൊഴിലുറപ്പ് പദ്ധതി ഉള്‍പ്പെടെ ഒന്നാം യുപിഎ സര്‍ക്കാര്‍ നടപ്പിലാക്കിയ ജനപക്ഷ പദ്ധതികളിലെല്ലാം യെച്ചൂരിയുടെ കയ്യൊപ്പ് പതിഞ്ഞിട്ടുണ്ട്. ഒന്നാം യുപിഎ സര്‍ക്കാര്‍ അമേരിക്കയുമായി ആണവകരാറില്‍ ഒപ്പുവെയ്ക്കുന്നതിനെ സിപിഐഎം ആശയപരമായി എതിര്‍ത്തപ്പോള്‍ പാര്‍ലമെന്റില്‍ സിപിഐഎം നിലപാട് ഉയര്‍ത്തിപ്പിടിച്ച് സംസാരിച്ചതും യെച്ചൂരിയായിരുന്നു. യെച്ചൂരിയുടെ വിയോജിപ്പ് അവഗണിച്ചാണ് ആണവ കരാറിന്റെ പേരില്‍ യുപിഎ സര്‍ക്കാരിനുള്ള പിന്തുണ സിപിഐഎം പിന്‍വലിച്ചതെന്ന അഭ്യൂഹം പാര്‍ട്ടിയില്‍ രഹസ്യമായി ഇപ്പോഴും ബാക്കിയാണ്.

പിന്നീട് ബിജെപിക്കെതിരായി ഇന്‍ഡ്യ സഖ്യം രൂപീകരിക്കുമ്പോഴും പ്രതിപക്ഷ നേതാക്കളെ കൂട്ടിയോജിപ്പിക്കാനും അഭിപ്രായ ഐക്യം ഉണ്ടാക്കാനും യെച്ചൂരി നേതൃപരമായ ഇടപെടല്‍ നടത്തിയിരുന്നു. പാര്‍ലമെന്റില്‍ ഇടതുപക്ഷത്തിന്റെ ശക്തിക്ഷയിച്ച ഘട്ടത്തിലും ബിജെപി വിരുദ്ധ പ്രതിപക്ഷ സഖ്യത്തിന്റെ പ്രധാനപ്പെട്ട നേതാവ് എന്ന സ്വീകാര്യത യെച്ചൂരിക്കുണ്ടായിരുന്നു. 2005ല്‍ രാജ്യസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട യെച്ചൂരി ഏതാണ്ട് ഒരു വ്യാഴവട്ടം രാജ്യസഭയില്‍ സിപിഐഎമ്മിന്റെ ശബ്ദമായി മാറി. 2017ല്‍ രാജ്യസഭാ പദവി ഒഴിഞ്ഞ യെച്ചൂരിക്ക് വീണ്ടും ഊഴം നല്‍കണമെന്ന് ഭരണപ്രതിപക്ഷ വ്യത്യാസമില്ലാതെ ആവശ്യം ഉയര്‍ന്നത് യെച്ചൂരിയുടെ പാര്‍ലമെന്ററി ഇടപെടലുകള്‍ക്കുള്ള അംഗീകാരമായാണ് വിലയിരുത്തപ്പെടുന്നത്.

1952 ആഗസ്റ്റ് 12 ന് ചെന്നൈയില്‍ ജനിച്ച സീതാറാം യെച്ചൂരി തന്റെ സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ ഭൂരിഭാഗവും ആന്ധ്രാപ്രദേശിലാണ് പൂര്‍ത്തിയാക്കിയത്. ആന്ധ്രാപ്രദേശ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനില്‍ എഞ്ചിനീയറായിരുന്നു യെച്ചൂരിയുടെ പിതാവ്. അമ്മയും സര്‍ക്കാര്‍ ഉദ്യോഗസ്ഥയായിരുന്നു. ഹൈദരാബാദിലെ ഓള്‍ സെയിന്റ്‌സ് ഹൈസ്‌കൂളില്‍ പത്താം ക്ലാസ് വരെയുള്ള വിദ്യാഭ്യാസം. പിന്നീട് 1969ല്‍ തെലങ്കാന പ്രക്ഷേഭത്തെ തുടര്‍ന്ന് ഉപരിപഠനത്തിനായി ഡല്‍ഹിയിലെത്തി.

ഡല്‍ഹിയിലെ പ്രസിഡന്റ്‌സ് എസ്റ്റേറ്റ് സ്‌കൂളില്‍ ചേര്‍ന്ന യെച്ചൂരി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്‍ (സിബിഎസ്ഇ) ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ അഖിലേന്ത്യാ തലത്തില്‍ ഒന്നാം റാങ്ക് നേടിയാണ് വിജയിച്ചത്. ഡല്‍ഹിയിലെ സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബി എ (ഓണേഴ്സ്) ഒന്നാം റാങ്കും ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ (ജെഎന്‍യു) നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ എംഎയും തുടര്‍ന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ പിഎച്ച്ഡിയും പൂര്‍ത്തീകരിച്ചിട്ടുണ്ട്.

Leave a comment

Your email address will not be published. Required fields are marked *