ചെങ്കോട്ട സ്‌ഫോടനം; പിന്നില്‍ വൈറ്റ് കോളര്‍ ഭീകരര്‍ ? ഉന്നതതല യോഗം വിളിച്ച് അമിത് ഷാ
ന്യൂഡല്‍ഹി: ഡല്‍ഹി സ്‌ഫോടനത്തിന് പിന്നില്‍ ആരാണെന്ന കാര്യത്തില്‍ വ്യക്തതയില്ലെന്ന് പൊലീസ്. വൈറ്റ് കോളര്‍ ഭീകരര്‍ ആണോ ആക്രമണത്തിന് പിന്നിലെന്ന് അന്വേഷണ സംഘം സംശയം പ്രകടിപ്പിച്ചു. എല്ലാ തെളിവുകളും ശേഖരിച്ച് വിലയിരുത്തി വരികയാണെന്നും ഡിസിപി രാജപാണ്ഡ്യ വ്യക്തമാക്കി. ഫോറന്‍സിക് സംഘവും പരിശോധന നടത്തുന്നുണ്ട്. അന്വേഷണത്തില്‍ പുതിയ വിവരങ്ങള്‍ ലഭിക്കുന്നുണ്ട്’- ഡിസിപി വ്യക്തമാക്കി. സ്ഫോടനവുമായി ബന്ധപ്പെട്ട് ഉന്നതതല യോഗം വിളിച്ചിരിക്കുകയാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഹരിയാനയിലെ ഫരീദാബാദില്‍ നിന്ന് 2,900 കിലോഗ്രാം സ്‌ഫോടകവസ്തുക്കള്‍ കണ്ടെത്തിയതിന് പിന്നാലെയാണ് ഡല്‍ഹിയില്‍ സ്ഫോടനമുണ്ടായത്.
ദക്ഷിണ കാശ്മീരിലെ പുല്‍വാമയില്‍ നിന്നുള്ള ഡോക്ടര്‍ ഉമര്‍ മുഹമ്മദിന്റെ ഉടമസ്ഥതയിലുള്ള ഐ 20 കാറാണ് പൊട്ടിത്തെറിച്ചത്.സംഘടനയിലെ പ്രധാന അംഗങ്ങളായ ഡോ. മുജമ്മില്‍ ഷക്കീല്‍, ഡോ. ആദില്‍ റാത്തര്‍ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. സ്‌ഫോടകവസ്തുക്കളും അന്വേഷണ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. ഇതേത്തുടര്‍ന്ന് കാറിന്റെ ഉടമയായ ഡോ. ഉമര്‍ മുഹമ്മദ് പരിഭ്രാന്തനായി ചെങ്കോട്ടയ്ക്ക് സമീപം സ്‌ഫോടനം നടത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. ഉമര്‍ മറ്റ് രണ്ട് കൂട്ടാളികളുമായി ചേര്‍ന്ന് ആക്രമണം ആസൂത്രണം ചെയ്യുകയായിരുന്നുവെന്നും കാറില്‍ ഡിറ്റണേറ്റര്‍ സ്ഥാപിച്ചുവെന്നുവെന്നും പൊലീസ് സൂചന നല്‍കുന്നുണ്ട്. ചാവേര്‍ ആക്രമണമാണ് നടന്നതെന്ന സംശയവും ഉണ്ട്. പ്രദേശത്ത് മൂന്ന് മണിക്കൂര്‍ നേരം കാര്‍ പാര്‍ക്ക് ചെയ്തിരുന്നു. മാത്രമല്ല, കാറിലുണ്ടായിരുന്നയാള്‍ ഒരു തവണ പോലും കാറില്‍ നിന്ന് പുറത്തിറങ്ങിയില്ല. ഇയാള്‍ ആരെയെങ്കിലും കാത്തിരിക്കുകയോ പാര്‍ക്കിംഗ് സ്ഥലത്ത് നിര്‍ദ്ദേശങ്ങള്‍ക്കായി കാത്തിരിക്കുകയോ ആയിരുന്നതാകാമെന്നും പൊലീസ് പറഞ്ഞു.





Malayalam 






































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































