January 22, 2025
#Sports #Top Four

ഏഷ്യാ കപ്പ് ഫൈനല്‍, കൊതിപ്പിക്കുന്ന ഒരുപിടി റെക്കോര്‍ഡുകളുമായി ഇന്ത്യ

കൊളംബോയിലെ ആര്‍ പ്രേമദാസ സ്റ്റേഡിയത്തില്‍ നടന്ന ഏഷ്യാ കപ്പ് 2023 ഫൈനലില്‍ ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യ 10 വിക്കറ്റിന്റെ തകര്‍പ്പന്‍ ജയത്തോടെ കിരീടം നേടിയിരിക്കുകയാണ്. മുഹമ്മദ് സിറാജിന്റെ അതിഗംഭീരമായ ബൗളിംഗ് പ്രകടനത്തിന്റെ മികവിലാണ് ടോസ് നഷ്ടപ്പെട്ടിട്ടും ശ്രീലങ്കയെ ഇന്ത്യ തകര്‍ത്തത്. ആതിഥേയരെ ചെറിയ സ്‌കോറിലൊതുക്കിയ ഇന്ത്യ ചില വമ്പന്‍ റെക്കോര്‍ഡുകളും സ്വന്തമാക്കി. എട്ടാം കിരീടവിജയത്തോടെ ഏറ്റവുമധികം ഏഷ്യാകപ്പ് ഏകദിന കിരീടങ്ങള്‍ നേടിയെന്ന റെക്കോര്‍ഡ് ഇന്ത്യ നിലനിര്‍ത്തി.

കളിയില്‍ ആറു വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് സിറാജും ഒരുപിടി റെക്കോര്‍ഡുകള്‍ തന്റെ പേരിലാക്കിയിട്ടുണ്ട്. ഒരു ഏകദിന മത്സരത്തില്‍ ഏറ്റവും കുറഞ്ഞ പന്തുകളില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തിയ നേട്ടം ശ്രീലങ്കയുടെ ചാമിന്ദ വാസുമായി സിറാജ് പങ്കിട്ടു. 16 പന്തുകളിലാണ് ഇരുവരുടേയും നേട്ടം.

പന്തുകളുടെ എണ്ണത്തില്‍ അതിവേഗം 50 വിക്കറ്റുകള്‍ തികയ്ക്കുന്ന രണ്ടാമത്തെ ഏകദിന ബൗളറെന്ന ബഹുമതിയും ഇനി സിറാജിനാണ്. 1002 പന്തില്‍ 50 വിക്കറ്റുകള്‍ തികച്ച സിറാജ് ശ്രീലങ്കയുടെ അജന്ത മെന്‍ഡിസിന് പിന്നില്‍ രണ്ടാം സ്ഥാനത്താണ്. ഒരു ഏകദിനത്തില്‍ ആറ് വിക്കറ്റ് നേടുന്ന പതിനൊന്നാമത്തെ ഇന്ത്യന്‍ ബൗളറാണ് സിറാജ്. കൂടാതെ ഏകദിനത്തില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ നാലാമത്തെ മികച്ച ബൗളിംഗ് പ്രകടനവും സിറാജ് മത്സരത്തിലൂടെ തന്റെ പേരിലാക്കി. 21 റണ്‍സിനാണ് താരം 6 വിക്കറ്റ് വീഴ്ത്തിയത്.

ഏകദിനത്തില്‍ ഒരു ഓവറില്‍ നാല് വിക്കറ്റ് വീഴ്ത്തുന്ന ആദ്യ ഇന്ത്യന്‍ ബൗളറെന്ന അപൂര്‍വ റെക്കോര്‍ഡ് നേടിയ സിറാജ് ഇക്കാര്യത്തില്‍ ലോകത്തുതന്നെ നാലാം സ്ഥാനത്താണ്.

ഇന്ത്യയ്ക്കെതിരെ കേവലം 50 റണ്‍സിന് പുറത്തായ ശ്രീലങ്ക ചില നാണക്കേടിന്റെ റെക്കോര്‍ഡ് കുറിച്ച മത്സരം കൂടിയാണിത്. ഏഷ്യാ കപ്പ് ഏകദിനത്തിലെ ഏറ്റവും കുറഞ്ഞ സ്‌കോറാണ് ശ്രീലങ്ക ഇന്ത്യയ്ക്കെതിരെ കുറിച്ചത്. 15.2 ഓവറില്‍ 50 റണ്‍സെടുക്കുമ്പോഴേക്കും ശ്രീലങ്കയുടെ എല്ലാ കളിക്കാരും പുറത്തായി. ശ്രീലങ്ക ഏകദിനത്തില്‍ നേടിയ ഏറ്റവും കുറഞ്ഞ രണ്ടാമത്തെ സ്‌കോര്‍ കൂടിയാണിത്. ഏകദിന ക്രിക്കറ്റിലെ ഏറ്റവും കുറഞ്ഞ പത്താമത്തെ സ്‌കോറും.

ശ്രീലങ്കയെ കുറഞ്ഞ സ്‌കോറിലൊതുക്കിയതോടെ ഇന്ത്യ അതിവേഗം സ്‌കോര്‍ പിന്തുടര്‍ന്ന് ജയം നേടി. ഇതോടെ, ഏകദിന ക്രിക്കറ്റിലെ ഏറ്റവും വലിയ വിജയ ചേസിംഗ് ഇനി ഇന്ത്യയുടെ പേരിലാണ്. 263 പന്തുകള്‍ ബാക്കി നില്‍ക്കെയാണ് ഇന്ത്യയുടെ വിജയം.

കേവലം 6.1 ഓവറില്‍ ഇന്ത്യ ശ്രീലങ്കയുടെ സ്‌കോര്‍ മറികടന്നതോടെ അന്താരാഷ്ട്ര ഏകദിനത്തിലെ അഞ്ചാമത്തെ വേഗമേറിയ വിജയവും സ്വന്തമാക്കി. ശ്രീലങ്കയ്‌ക്കെതിരായ 98-ാം വിജയത്തോടെ ഏകദിനത്തില്‍ ഒരു എതിരാളിക്കെതിരെ ഏറ്റവും കൂടുതല്‍ വിജയങ്ങള്‍ നേടിയ ടീമെന്ന റെക്കോര്‍ഡും ഇനി ഇന്ത്യയുടെ പേരിലാണ്.

ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്കും ഒരു റെക്കോര്‍ഡുണ്ട്. എംഎസ് ധോണി, മുഹമ്മദ് അസ്ഹറുദ്ദീന്‍ എന്നിവര്‍ക്കൊപ്പം രണ്ട് ഏകദിന ഏഷ്യാ കപ്പ് കിരീടങ്ങള്‍ നേടുന്ന മൂന്നാമത്തെ ഇന്ത്യന്‍ ക്യാപ്റ്റനായി രോഹിത് ശര്‍മ. എറിഞ്ഞ പന്തുകളുടെ എണ്ണത്തില്‍ മൂന്നാമത്തെ ദൈര്‍ഘ്യം കുറഞ്ഞ ഏകദിനമായിരുന്നു ഏഷ്യാ കപ്പ് ഫൈനല്‍. ആകെ 21 ഓവറും 3 പന്തുകളും മാത്രമാണ് ഇരു ടീമുകളും കളിച്ചത്.

ഏകദിന ലോകകപ്പ് അടുത്തിരിക്കെ ഇത്തരമൊരു വിജയം ഇന്ത്യന്‍ ടീമിന് നല്‍കുന്ന ആത്മവിശ്വാസം വലുതാണ്. എന്നാല്‍, ചില ബൗളര്‍മാരും ബാറ്റര്‍മാരുമെല്ലാം ഫോമിലേക്ക് ഉയര്‍ന്നാല്‍ മാത്രമേ മൂന്നാം ഏകദിന ലോകകപ്പ് ഇന്ത്യയ്ക്ക് സ്വന്തമാക്കാന്‍ കഴിയുകയുള്ളൂ. ഇന്ത്യയില്‍ ഒക്ടോബര്‍ 5നാണ് ഏകദിന ലോകകപ്പിന് തുടക്കമാകുന്നത്.

Leave a comment

Your email address will not be published. Required fields are marked *