January 22, 2025
#Top News

ഐ സി യു പീഢനക്കേസ്; അതിജീവിതയുടെ പരാതി തള്ളി അന്വേഷണ റിപ്പോര്‍ട്ട്

കോഴിക്കോട്: ഐസിയു പീഢനക്കേസില്‍ അതിജീവിതയുടെ പരാതി തള്ളി അന്വേഷണ റിപ്പോര്‍ട്ട്. മെഡിക്കല്‍ കോളജ് എസിപി സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് അതിജീവിതയുടെ പരാതി തള്ളുന്നത്. ഗൈനക്കോളജിസ്റ്റ് കെ വി പ്രീതയുടെ റിപ്പോര്‍ട്ടില്‍ വീഴ്ചയില്ലെന്ന് പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഗൈനക്കോളജിസ്റ്റ് രേഖപ്പെടുത്തിയത് അവരുടെ നിഗമനങ്ങളാണ്.

അന്വേഷണം അട്ടിമറിച്ചുവെന്നാരോപിച്ചായിരുന്നു ഗൈനക്കോളജിസ്റ്റ് കെ വി പ്രീതയ്‌ക്കെതിരെ അതിജീവിത പരാതി നല്‍കിയിരുന്നത്. വൈദ്യപരിശോധന നടത്തിയ കെ വി പ്രീത ശാസ്ത്രീയ പരിശോധന നടത്തിയില്ലെന്നും അതിജീവിതയുടെ പരാതി മുഴുവന്‍ രേഖപ്പടുത്തിയില്ലെന്നുമാണ് പരാതി. കെ വി പ്രീതയുടെ ഉള്‍പ്പടെ മൊഴി അന്വേഷണത്തിന്റെ ഭാഗമായി വീണ്ടും രേഖപ്പടുത്തിയിരുന്നു.

മാര്‍ച്ച് 18-നാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ഐസിയുവില്‍ ചികിത്സയില്‍ കഴിയുമ്പോള്‍ യുവതി പീഢിപ്പിക്കപ്പെട്ടത്. പിന്നാലെ പ്രതിയും അറ്റന്‍ഡറുമായ ശശീന്ദ്രനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിക്ക് ഒത്താശ ചെയ്ത അഞ്ച് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്‌തെങ്കിലും മറ്റ് നടപടികളിലേക്ക് കടന്നില്ല.

ശശീന്ദ്രനെതിരെയും മൊഴിമാറ്റാന്‍ യുവതിയെ ഭീഷണിപ്പെടുത്തിയ ജീവനക്കാര്‍ക്ക് എതിരെയും പൊലീസ് നേരത്തേ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. കേസില്‍ കൂടുതല്‍ ജീവനക്കാര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് നിയമസഭയില്‍ പറഞ്ഞിരുന്നു.

Leave a comment

Your email address will not be published. Required fields are marked *