January 22, 2025
#Politics

കേരള രാഷ്ട്രീയത്തില്‍ കെ ബി ഗണേശ് കുമാറിന്റെ വിശ്വാസ്യതയും പിണറായി വിജയന്റെ രാഷ്ട്രീയ ധാര്‍മികതയും ചോദ്യം ചെയ്യപ്പെടുന്നു

സോളാര്‍ പീഡനക്കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കുടുക്കാന്‍ കേരള കോണ്‍ഗ്രസ് ബി നേതാവായ കെ ബി ഗണേശ് കുമാര്‍ കളിച്ച കളികള്‍ പുറത്തു വന്നിരിക്കുന്നു. സോളാര്‍ ലൈംഗിക പീഡന കേസില്‍ ഉമ്മന്‍ ചാണ്ടിയെ കുറ്റ വിമുക്തനാക്കിയ റിപ്പോര്‍ട്ടില്‍ കെ ബി ഗണേഷ് കുമാര്‍ എം എല്‍ എയുടെ ഇടപെടലിനെ കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. ഗണേഷ് കുമാറും ബന്ധു ശരണ്യ മനോജും വിവാദ ദല്ലാളുമാണ് ഗൂഡാലോചന നടത്തിയതെന്നാണ് സി ബി ഐ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരിക്കുന്നത്.

ഇതില്‍ പറഞ്ഞിട്ടുള്ള വിവാദ ദല്ലാളാണ് പരാതിക്കാരിയെ പിണറായി വിജയനുമായുള്ള കൂടിക്കാഴ്ചക്ക് വഴിയൊരുക്കിയത്. ജയിലില്‍ വെച്ച് പരാതിക്കാരി തയ്യാറാക്കിയ കത്തില്‍ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ പേര് ഇല്ലായിരുന്നു. എന്നാല്‍, ആ വിവാദ കത്ത് തന്റെ സഹായിയെ വിട്ട് ഗണേഷ് കുമാര്‍ കൈവശപ്പെടുത്തി എന്നാണ് സി ബി ഐ പറയുന്നത്. ആ കത്തില്‍ പിന്നീട് ഉമ്മന്‍ ചാണ്ടി ലൈംഗിക പീഡനം നടത്തിയെന്ന് എഴുതിച്ചേര്‍ക്കുകയായിരുന്നുവെന്നാണ് പുറത്തു വരുന്ന വിവരങ്ങള്‍.

ഈ സാഹചര്യത്തിലാണ് ഉമ്മന്‍ ചാണ്ടിയെ അധികാരത്തില്‍ നിന്ന് താഴെയിറക്കാന്‍ നടത്തിയ ഗൂഡാലോചയാണ് സോളാര്‍ കേസ് എന്ന് വ്യക്തമാകുന്നത്. ഇതില്‍ മുഖ്യമന്ത്രി പിണറായി വിജയനും പങ്കുണ്ടെന്ന ആരോപണവുമായി കെ മുരളീധരന്‍ രംഗത്ത് വന്നു. പിണറായി വിജയന്‍ മുഖ്യമന്ത്രിയായി സ്ഥാനമേറ്റെടുത്ത് മൂന്നാം ദിവസമാകുമ്പോള്‍ പരാതിക്കാരി കൂടിക്കാഴ്ചക്കെത്തി. ഇത് ഗൂഡാലോചന തിരക്കഥയുടെ ഭാഗമാണ്. ഉമ്മന്‍ ചാണ്ടിയോട് പിണറായി വിജയന്‍ ചെയ്തതിനാണ് ഇന്ന് അനുഭവിക്കുന്നതെന്നും മുരളീധരന്‍ ആഞ്ഞടിച്ചിരിക്കുന്നു.

ഗൂഡാലോചന പൂര്‍ണമായും പുറത്തുവരണം, ഈ വിഷയത്തില്‍ കെ പി സി സി നേതൃയോഗം ശക്തമായ തീരുമാനങ്ങളുമായി മുന്നോട്ട് പോകുമെന്നുമാണ് കെ മുരളീധരന്‍ പറഞ്ഞിരിക്കുന്നത്. സി ബി ഐ റിപ്പോര്‍ട്ടിന് പിന്നാലെ പി സി ജോര്‍ജ് നടത്തിയ വെളിപ്പെടുത്തലും ഞെട്ടിക്കുന്നതാണ്. സോളാര്‍ ലൈംഗിക പീഡനക്കേസില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ നല്‍കാനുള്ള മൊഴി പരാതിക്കാരി എഴുതി നല്‍കിയെന്ന വെളിപ്പെടുത്തലാണ് പി സി നടത്തിയിരിക്കുന്നത്. പി സിയെ പോലൊരു ജനപ്രതിനിധി വ്യക്തമായ ബോധ്യമില്ലാത്ത ഒരു കാര്യം, അതും ലൈംഗിക പീഡനം പോലെ ഗുരുതരമായ കേസില്‍ പരാതിക്കാരി എഴുതി കൊടുത്തത് മൊഴിയായി പറഞ്ഞത് മാപ്പര്‍ഹിക്കാത്ത തെറ്റാണ്.

പിണറായി വിജയന്‍ അധികാരത്തില്‍ വന്നപ്പോള്‍ പരാതിക്കാരിയെ വിളിച്ചു വരുത്തി പരാതി എഴുതിവാങ്ങി അന്വേഷണം സിബിഐക്ക് വിട്ടുവെന്നും പി സി വെളിപ്പെടുത്തിയിരിക്കുന്നു. ഇതില്‍ നിന്നെല്ലാം ഒന്ന് പകല്‍ പോലെ വ്യക്തം. മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയെ താഴെയിറക്കാന്‍ നടന്നത് നികൃഷ്ടമായ ഗൂഡാലോചനയായിരുന്നു. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിലുണ്ടായത് ഭരണ വിരുദ്ധ വികാരമല്ലെന്നും സഹതാപ തരംഗമാണെന്നും സി പി ഐ എം വിലയിരുത്തിയിരുന്നു. സഹതാപമുണ്ടെന്ന് പറഞ്ഞ സ്ഥിതിക്ക് എല്‍ ഡി എഫ് ഇനി ശരിക്കും കരുതിയിരിക്കണം. ഉമ്മന്‍ ചാണ്ടിയോടുള്ള സഹതാപം കേരളക്കരക്ക് ഏറിക്കൊണ്ടിരിക്കുകയാണ്….

Leave a comment

Your email address will not be published. Required fields are marked *